പുറപ്പാടു് 37 : 1 (IRVML)
ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
പുറപ്പാടു് 37 : 2 (IRVML)
അതിന്റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
പുറപ്പാടു് 37 : 3 (IRVML)
അതിന്റെ നാലു കാലിനും ഇപ്പുറത്ത് രണ്ട് വളയങ്ങൾ അപ്പുറത്ത് രണ്ട് വളയങ്ങൾ ഇങ്ങനെ നാല് പൊൻവളയങ്ങൾ വാർപ്പിച്ചു.
പുറപ്പാടു് 37 : 4 (IRVML)
അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
പുറപ്പാടു് 37 : 5 (IRVML)
പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.
പുറപ്പാടു് 37 : 6 (IRVML)
അവൻ തങ്കം കൊണ്ട് കൃപാസനം ഉണ്ടാക്കി; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
പുറപ്പാടു് 37 : 7 (IRVML)
അവൻ പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ട് അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
പുറപ്പാടു് 37 : 8 (IRVML)
ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ട് അറ്റത്തും അതിൽ നിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി.
പുറപ്പാടു് 37 : 9 (IRVML)
കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു.
പുറപ്പാടു് 37 : 10 (IRVML)
അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ട് മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
പുറപ്പാടു് 37 : 11 (IRVML)
അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
പുറപ്പാടു് 37 : 12 (IRVML)
അതിന് ചുറ്റും നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
പുറപ്പാടു് 37 : 13 (IRVML)
അതിന് നാല് പൊൻവളയം വാർത്ത് നാല് കാലിന്റെയും ഓരോ പാർശ്വത്തിൽ തറച്ചു.
പുറപ്പാടു് 37 : 14 (IRVML)
മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു.
പുറപ്പാടു് 37 : 15 (IRVML)
മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
പുറപ്പാടു് 37 : 16 (IRVML)
മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
പുറപ്പാടു് 37 : 17 (IRVML)
അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു.
പുറപ്പാടു് 37 : 18 (IRVML)
നിലവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്ന് ശാഖകൾ, അതിന്റെ മറ്റെ വശത്ത് നിന്ന് മൂന്ന് ശാഖകൾ, ഇങ്ങനെ ആറ് ശാഖകൾ അതിന്റെ പാർശ്വങ്ങളിൽനിന്ന് പുറപ്പെട്ടു.
പുറപ്പാടു് 37 : 19 (IRVML)
ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറു ശാഖകളിലും ഉണ്ടായിരുന്നു.
പുറപ്പാടു് 37 : 20 (IRVML)
വിളക്കുതണ്ടിൽ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാല് പുഷ്പപുടങ്ങളും ഉണ്ടായിരുന്നു.
പുറപ്പാടു് 37 : 21 (IRVML)
അതിൽ നിന്നുള്ള രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള മറ്റെ രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള ശേഷം രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖകളിലും ഉണ്ടായിരുന്നു.
പുറപ്പാടു് 37 : 22 (IRVML)
മുട്ടുകളും ശാഖകളും അതിൽനിന്നു തന്നെ ആയിരുന്നു; അത് മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
പുറപ്പാടു് 37 : 23 (IRVML)
അവൻ അതിന്റെ ഏഴ് ദീപങ്ങളും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
പുറപ്പാടു് 37 : 24 (IRVML)
ഒരു താലന്ത് തങ്കംകൊണ്ട് അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
പുറപ്പാടു് 37 : 25 (IRVML)
അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ട് മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു.
പുറപ്പാടു് 37 : 26 (IRVML)
അവൻ അതും അതിന്റെ മേല്പലകയും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
പുറപ്പാടു് 37 : 27 (IRVML)
അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ട് പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.
പുറപ്പാടു് 37 : 28 (IRVML)
ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
പുറപ്പാടു് 37 : 29 (IRVML)
അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.
❮
❯