പുറപ്പാടു് 9 : 1 (IRVML)
യഹോവ പിന്നെയും മോശെയോട് കല്പിച്ചത് : “നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറയേണ്ടത് : എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
പുറപ്പാടു് 9 : 2 (IRVML)
വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
പുറപ്പാടു് 9 : 3 (IRVML)
യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും.
പുറപ്പാടു് 9 : 4 (IRVML)
യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്റ്റുകാരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല.
പുറപ്പാടു് 9 : 5 (IRVML)
യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു.
പുറപ്പാടു് 9 : 6 (IRVML)
അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. ഈജിപ്റ്റുകാരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.
പുറപ്പാടു് 9 : 7 (IRVML)
ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്ന് കണ്ടെങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.
പുറപ്പാടു് 9 : 8 (IRVML)
പിന്നെ യഹോവ മോശെയോടും അഹരോനോടും: “അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ.
പുറപ്പാടു് 9 : 9 (IRVML)
അത് ഈജിപ്റ്റിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും[* പുണ്ണായി പൊങ്ങുന്ന പരുവാകും = തീപ്പൊള്ളൽ മൂലം ഉണ്ടാകുന്ന വ്രണം പോലെ വേദനയുള്ള വ്രണം ]” എന്ന് കല്പിച്ചു.
പുറപ്പാടു് 9 : 10 (IRVML)
അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെ മേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.
പുറപ്പാടു് 9 : 11 (IRVML)
പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ ഈജിപ്റ്റുകാർക്കും ഉണ്ടായിരുന്നു.
പുറപ്പാടു് 9 : 12 (IRVML)
എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാടു് 9 : 13 (IRVML)
അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.
പുറപ്പാടു് 9 : 14 (IRVML)
സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്ന് നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.
പുറപ്പാടു് 9 : 15 (IRVML)
ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽ നിന്ന് ഛേദിച്ചുകളയുമായിരുന്നു.
പുറപ്പാടു് 9 : 16 (IRVML)
എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
പുറപ്പാടു് 9 : 17 (IRVML)
എന്റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞു നിർത്തുന്നു.
പുറപ്പാടു് 9 : 18 (IRVML)
ഈജിപ്റ്റ് സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും.
പുറപ്പാടു് 9 : 19 (IRVML)
അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും.
പുറപ്പാടു് 9 : 20 (IRVML)
ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.
പുറപ്പാടു് 9 : 21 (IRVML)
എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു.
പുറപ്പാടു് 9 : 22 (IRVML)
പിന്നെ യഹോവ മോശെയോട്: “ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും ഈജിപ്റ്റിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.
പുറപ്പാടു് 9 : 23 (IRVML)
മോശെ തന്റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ ഈജിപ്റ്റിന്മേൽ കല്മഴ പെയ്യിച്ചു.
പുറപ്പാടു് 9 : 24 (IRVML)
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; ഈജിപ്റ്റിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല.
പുറപ്പാടു് 9 : 25 (IRVML)
ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
പുറപ്പാടു് 9 : 26 (IRVML)
യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല.
പുറപ്പാടു് 9 : 27 (IRVML)
അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്: “ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.
പുറപ്പാടു് 9 : 28 (IRVML)
യഹോവയോട് പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്ന് പറഞ്ഞു.
പുറപ്പാടു് 9 : 29 (IRVML)
മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്ന് നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.
പുറപ്പാടു് 9 : 30 (IRVML)
എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
പുറപ്പാടു് 9 : 31 (IRVML)
അങ്ങനെ ചണവും യവവും [† യവം = ബാർലി ]നശിച്ചുപോയി; യവകൃഷി കതിരിടുകയും [‡ കതിരായും = വിളഞ്ഞിരുന്നു /ഫലം ഉണ്ടാവുകയും ] ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.
പുറപ്പാടു് 9 : 32 (IRVML)
എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല.
പുറപ്പാടു് 9 : 33 (IRVML)
മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല.
പുറപ്പാടു് 9 : 34 (IRVML)
എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്ന് ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
പുറപ്പാടു് 9 : 35 (IRVML)
യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35