യേഹേസ്കേൽ 23 : 1 (IRVML)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
യേഹേസ്കേൽ 23 : 2 (IRVML)
“മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.
യേഹേസ്കേൽ 23 : 3 (IRVML)
അവർ ഈജിപ്റ്റിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെ വച്ച് അവരുടെ സ്തനങ്ങൾ തഴുകപ്പെട്ടു; അവരുടെ മാറിടം തലോടപ്പെട്ടു.
യേഹേസ്കേൽ 23 : 4 (IRVML)
അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയവൾക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു; പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേര് ഒഹൊലാ എന്നത് ശമര്യയും ഒഹൊലീബാ എന്നത് യെരൂശലേമും ആകുന്നു.
യേഹേസ്കേൽ 23 : 5 (IRVML)
എന്നാൽ ഒഹൊലാ എന്നെ വിട്ട് പരസംഗം ചെയ്തു;
യേഹേസ്കേൽ 23 : 6 (IRVML)
അവൾ തന്റെ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു; അവർ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും കോമളയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായിരുന്നു.
യേഹേസ്കേൽ 23 : 7 (IRVML)
അശ്ശൂര്യശ്രേഷ്ഠന്മാരായവരുമായി അവൾ വേശ്യാവൃത്തിയിൽ കഴിഞ്ഞുകൂടി; താൻ മോഹിച്ച എല്ലാവരുടെയും സകലവിഗ്രഹങ്ങളാലും അവൾ തന്നെത്തന്നെ മലിനയാക്കി.
യേഹേസ്കേൽ 23 : 8 (IRVML)
ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ ഉപേക്ഷിച്ചില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടി ശയിച്ച്, അവളുടെ മാറിടം തലോടി, തങ്ങളുടെ പരസംഗത്തിന് അവളെ ഉപകരണമാക്കി.
യേഹേസ്കേൽ 23 : 9 (IRVML)
അതുകൊണ്ട് ഞാൻ അവളെ അവളുടെ ജാരന്മാരുടെ കൈയിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കൈയിൽ തന്നെ, ഏല്പിച്ചു.
യേഹേസ്കേൽ 23 : 10 (IRVML)
അവർ അവളുടെ നഗ്നത അനാവരണം ചെയ്തു; അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കുകയും അവളെ വാൾകൊണ്ട് കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ട് അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
യേഹേസ്കേൽ 23 : 11 (IRVML)
എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടു എങ്കിലും, തന്റെ കാമവികാരത്തിൽ അവളെക്കാളും, തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്തം പ്രവർത്തിച്ചു.
യേഹേസ്കേൽ 23 : 12 (IRVML)
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും കോമളയുവാക്കന്മാരുമായ, സമീപസ്ഥരായ എല്ലാ അശ്ശൂര്യരെയും അവൾ മോഹിച്ചു,
യേഹേസ്കേൽ 23 : 13 (IRVML)
അവളും തന്നെത്തന്നെ മലിനയാക്കി എന്ന് ഞാൻ കണ്ടു; ഇരുവരും ഒരേ വഴിയിൽ തന്നെ നടന്നു.
യേഹേസ്കേൽ 23 : 14 (IRVML)
അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചുവപ്പുചായംകൊണ്ട് എഴുതിയ കല്ദയരുടെ ചിത്രങ്ങൾ,
യേഹേസ്കേൽ 23 : 15 (IRVML)
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരയ്ക്ക് കച്ചകെട്ടി, തലയിൽ തലപ്പാവു ചുറ്റി, പ്രഭുക്കന്മാരെപ്പോലെ കാണപ്പെട്ട പുരുഷന്മാരുടെ ചിത്രങ്ങളെ തന്നെ ചുവരിന്മേൽ വരച്ചിരിക്കുന്നത് അവൾ കണ്ടു.
യേഹേസ്കേൽ 23 : 16 (IRVML)
കണ്ട ഉടനെ അവൾ അവരെ മോഹിച്ച്, കല്ദയദേശത്തേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
യേഹേസ്കേൽ 23 : 17 (IRVML)
അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിനായി അവളുടെ അടുക്കൽ വന്ന് പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായിത്തീർന്നു; പിന്നെ അവൾക്ക് അവരോട് വെറുപ്പുതോന്നി.
യേഹേസ്കേൽ 23 : 18 (IRVML)
ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവരണം ചെയ്തപ്പോൾ, എനിക്ക് അവളുടെ സഹോദരിയോട് വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
യേഹേസ്കേൽ 23 : 19 (IRVML)
എന്നിട്ടും അവൾ ഈജിപ്റ്റിൽവച്ച് പരസംഗം ചെയ്ത തന്റെ യൗവനകാലം ഓർത്ത് പരസംഗം വർദ്ധിപ്പിച്ചു.
യേഹേസ്കേൽ 23 : 20 (IRVML)
കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
യേഹേസ്കേൽ 23 : 21 (IRVML)
ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം ഈജിപ്റ്റുകാർ നിന്റെ സ്തനാഗ്രങ്ങൾ തലോടിയ നിന്റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
യേഹേസ്കേൽ 23 : 22 (IRVML)
അതുകൊണ്ട് ഒഹൊലീബയേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്ക്കാർ, കല്ദയർ, പെക്കോദ്യർ, ശോവ്യർ,
യേഹേസ്കേൽ 23 : 23 (IRVML)
കോവ്യർ, അശ്ശൂര്യർ എന്നിങ്ങനെയുള്ള കോമളയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും പ്രഭുക്കന്മാരും കീർത്തികേട്ടവരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്ക് വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി എല്ലാവശത്തുനിന്നും നിന്റെ നേരെ വരുത്തും.
യേഹേസ്കേൽ 23 : 24 (IRVML)
അവർ അനവധി രഥങ്ങളും വാഹനങ്ങളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ച് ശിരസ്ത്രം ധരിച്ച് നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവരെ ഭരമേല്പിക്കും; അവർ അവരുടെ ന്യായങ്ങൾക്ക് അനുസരിച്ച് നിന്നെ ന്യായം വിധിക്കും.
യേഹേസ്കേൽ 23 : 25 (IRVML)
ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിക്കുന്നവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിക്കുന്നവർ തീയാൽ ദഹിപ്പിക്കപ്പെടും.
യേഹേസ്കേൽ 23 : 26 (IRVML)
അവർ നിന്റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങൾ എടുത്തുകളയും.
യേഹേസ്കേൽ 23 : 27 (IRVML)
ഇങ്ങനെ ഞാൻ നിന്റെ ദുർന്നടപ്പും, ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി തലപൊക്കി അവരെ നോക്കുകയില്ല; ഈജിപ്റ്റിനെ ഓർക്കുകയുമില്ല”.
യേഹേസ്കേൽ 23 : 28 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നീ പകയ്ക്കുന്നവരുടെ കൈയിൽ, നിനക്ക് വെറുപ്പു തോന്നുന്നവരുടെ കൈയിൽ തന്നെ, ഏല്പിക്കും.
യേഹേസ്കേൽ 23 : 29 (IRVML)
അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം മുഴുവനും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർന്നടപ്പും പരസംഗങ്ങളും വെളിപ്പെട്ടുവരും.
യേഹേസ്കേൽ 23 : 30 (IRVML)
നീ ജനതകളോടു ചേർന്ന് പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനയാക്കിയതുകൊണ്ടും ഇത് നിനക്കു ഭവിക്കും.
യേഹേസ്കേൽ 23 : 31 (IRVML)
നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ട് ഞാൻ അവളുടെ പാനപാത്രം നിന്റെ കൈയിൽ തരും”.
യേഹേസ്കേൽ 23 : 32 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ സഹോദരിയുടെ ആഴവും വിസ്താരവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ച് നിന്ദയ്ക്കും പരിഹാസത്തിനും വിഷയമായിത്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
യേഹേസ്കേൽ 23 : 33 (IRVML)
ഭീതിയും ശൂന്യതയുമുള്ള പാനപാത്രമായി, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ട് നീ നിറഞ്ഞിരിക്കുന്നു.
യേഹേസ്കേൽ 23 : 34 (IRVML)
നീ അതു കുടിച്ചു വറ്റിച്ച് ഉടച്ച് കഷണങ്ങളെ നക്കി നിന്റെ സ്തനങ്ങളെ കീറിക്കളയും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 23 : 35 (IRVML)
ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എന്നെ മറന്ന് എന്നെ നിന്റെ പിമ്പിൽ എറിഞ്ഞുകളയുകകൊണ്ട് നീ നിന്റെ ദുർന്നടപ്പും പരസംഗവും വഹിക്കുക”.
യേഹേസ്കേൽ 23 : 36 (IRVML)
പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകൾ അവരോട് അറിയിക്കുക.
യേഹേസ്കേൽ 23 : 37 (IRVML)
അവർ വ്യഭിചാരം ചെയ്തു; അവരുടെ കൈയിൽ രക്തം ഉണ്ട്; അവരുടെ വിഗ്രഹങ്ങളോട് അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
യേഹേസ്കേൽ 23 : 38 (IRVML)
ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നു തന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി, എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
യേഹേസ്കേൽ 23 : 39 (IRVML)
അവർ അവരുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയാകുന്നു അവർ എന്റെ ആലയത്തിന്റെ മദ്ധ്യത്തിൽ ചെയ്തത്.
യേഹേസ്കേൽ 23 : 40 (IRVML)
ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാർക്ക് അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നയുടൻ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ച്, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞ്,
യേഹേസ്കേൽ 23 : 41 (IRVML)
ഭംഗിയുള്ള ഒരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വച്ചു.
യേഹേസ്കേൽ 23 : 42 (IRVML)
നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടി ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ച്, മരുഭൂമിയിൽനിന്നു മദ്യപന്മാരെ വരുത്തി; അവർ അവരുടെ കൈകളിൽ വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വയ്ക്കുകയും ചെയ്തു”.
യേഹേസ്കേൽ 23 : 43 (IRVML)
അപ്പോൾ വ്യഭിചാരവൃത്തികൊണ്ട് വൃദ്ധയായവളെക്കുറിച്ച് ഞാൻ: “ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യുമോ?” എന്ന് പറഞ്ഞു.
യേഹേസ്കേൽ 23 : 44 (IRVML)
അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
യേഹേസ്കേൽ 23 : 45 (IRVML)
എന്നാൽ നീതിമാന്മാരായ പുരുഷന്മാർ, വ്യഭിചാരിണികൾക്കും രക്തപാതകികൾക്കും തക്ക ന്യായപ്രകാരം അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലയോ; അവരുടെ കൈയിൽ രക്തവും ഉണ്ട്.
യേഹേസ്കേൽ 23 : 46 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിനും കവർച്ചയ്ക്കും ഏല്പിക്കും.
യേഹേസ്കേൽ 23 : 47 (IRVML)
ആ സഭ അവരെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്ന് അവരുടെ വീടുകൾ തീവച്ച് ചുട്ടുകളയും.
യേഹേസ്കേൽ 23 : 48 (IRVML)
ഇങ്ങനെ നിങ്ങളുടെ ദുർന്നടപ്പുപോലെ ചെയ്യാതിരിക്കുവാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന് ഞാൻ ദുർന്നടപ്പ് ദേശത്തുനിന്ന് നീക്കിക്കളയും.
യേഹേസ്കേൽ 23 : 49 (IRVML)
അങ്ങനെ അവർ നിങ്ങളുടെ ദുർന്നടപ്പിനു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.
❮
❯