യേഹേസ്കേൽ 36 : 1 (IRVML)
"നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചു പറയേണ്ടത്: ‘യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾക്കുവിൻ!’
യേഹേസ്കേൽ 36 : 2 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശത്രു നിങ്ങളെക്കുറിച്ച്: ‘നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു’ എന്നു പറയുന്നു.
യേഹേസ്കേൽ 36 : 3 (IRVML)
അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവിധം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു വിഴുങ്ങിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാടികളുടെ അധരങ്ങളാൽ ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കുകകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,
യേഹേസ്കേൽ 36 : 4 (IRVML)
യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
യേഹേസ്കേൽ 36 : 5 (IRVML)
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചയ്ക്കായി തള്ളിക്കളയുവാൻ തക്കവിധം അതിനെ പൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടി അവർക്ക് അവകാശമായി നിയമിച്ചുവല്ലോ”.
യേഹേസ്കേൽ 36 : 6 (IRVML)
അതുകൊണ്ട് നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ച് മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളുടെ നിന്ദ വഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടും കൂടി സംസാരിക്കുന്നു”.
യേഹേസ്കേൽ 36 : 7 (IRVML)
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്ന് ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.
യേഹേസ്കേൽ 36 : 8 (IRVML)
നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കുകകൊണ്ട് കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായിക്കുവിൻ.
യേഹേസ്കേൽ 36 : 9 (IRVML)
ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
യേഹേസ്കേൽ 36 : 10 (IRVML)
ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
യേഹേസ്കേൽ 36 : 11 (IRVML)
ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; കഴിഞ്ഞകാലത്ത് എന്ന പോലെ ഞാൻ നിങ്ങളിൽ ജനവാസമുണ്ടാക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
യേഹേസ്കേൽ 36 : 12 (IRVML)
ഞാൻ നിങ്ങളിൽകൂടി മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ ഇനി അവരെ മക്കളില്ലാത്തവരാക്കുകയുമില്ല”.
യേഹേസ്കേൽ 36 : 13 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ നിന്നോട്: “നീ മനുഷ്യരെ തിന്നുകളയുകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു’ എന്നു പറയുന്നതുകൊണ്ട്,
യേഹേസ്കേൽ 36 : 14 (IRVML)
നീ ഇനിമേൽ മനുഷ്യരെ തിന്നുകളയുകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല”; എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 36 : 15 (IRVML)
“ഞാൻ ഇനി നിന്നെ ജനതകളുടെ നിന്ദ കേൾപ്പിക്കുകയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കുകയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 36 : 16 (IRVML)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
യേഹേസ്കേൽ 36 : 17 (IRVML)
“മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം അവരുടെ ദേശത്തു വസിച്ചിരുന്നപ്പോൾ, അവർ അതിനെ അവരുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
യേഹേസ്കേൽ 36 : 18 (IRVML)
അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ അവരുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു.
യേഹേസ്കേൽ 36 : 19 (IRVML)
ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ ന്യായം വിധിച്ചു.
യേഹേസ്കേൽ 36 : 20 (IRVML)
ജനതകളുടെ ഇടയിൽ അവർ എത്തുന്നയിടത്തെല്ലാം അവരെക്കുറിച്ച്: ‘ഇവർ യഹോവയുടെ ജനം, അവിടുത്തെ ദേശം വിട്ടുപോകേണ്ടിവന്നവർ’ എന്ന് പറയുവാൻ ഇടയാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
യേഹേസ്കേൽ 36 : 21 (IRVML)
എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജനതകളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് ഹൃദയഭാരം ഉണ്ടായി
യേഹേസ്കേൽ 36 : 22 (IRVML)
അതുകൊണ്ട് നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നത്.
യേഹേസ്കേൽ 36 : 23 (IRVML)
ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിത്തീർന്നിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജനതകളുടെ മുൻപിൽ ഞാൻ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 36 : 24 (IRVML)
ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്നു കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും.
യേഹേസ്കേൽ 36 : 25 (IRVML)
ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും; ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
യേഹേസ്കേൽ 36 : 26 (IRVML)
ഞാൻ നിങ്ങൾക്കു പുതിയ ഒരു ഹൃദയം തരും; പുതിയ ഒരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
യേഹേസ്കേൽ 36 : 27 (IRVML)
ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
യേഹേസ്കേൽ 36 : 28 (IRVML)
ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
യേഹേസ്കേൽ 36 : 29 (IRVML)
ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും.
യേഹേസ്കേൽ 36 : 30 (IRVML)
നിങ്ങൾ ഇനി ഒരിക്കലും ജനതകളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതെയിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും.
യേഹേസ്കേൽ 36 : 31 (IRVML)
അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്ടപ്രവൃത്തികളെയും ഓർത്ത്, നിങ്ങളുടെ അകൃത്യങ്ങളും മ്ലേച്ഛതകളും നിമിത്തം നിങ്ങൾക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും.
യേഹേസ്കേൽ 36 : 32 (IRVML)
‘നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത്’ എന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിക്കുവിൻ.
യേഹേസ്കേൽ 36 : 33 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അകൃത്യങ്ങളെല്ലാം നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങൾ ജനവാസമുള്ളതാക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
യേഹേസ്കേൽ 36 : 34 (IRVML)
അതിലെ വഴിപോകുന്ന എല്ലാവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും.
യേഹേസ്കേൽ 36 : 35 (IRVML)
‘ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ’ എന്ന് അവർ പറയും.
യേഹേസ്കേൽ 36 : 36 (IRVML)
ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിത്, ശൂന്യപ്രദേശത്ത് കൃഷി ചെയ്യുമെന്ന് നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കുകയും ചെയ്യും”.
യേഹേസ്കേൽ 36 : 37 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിന്റെ അപേക്ഷ കേട്ട്, ഞാൻ ഒന്നുകൂടി ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
യേഹേസ്കേൽ 36 : 38 (IRVML)
ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻ കൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും”.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38