യേഹേസ്കേൽ 39 : 1 (IRVML)
നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ച് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
യേഹേസ്കേൽ 39 : 2 (IRVML)
ഞാൻ നിന്നെ വഴിതെറ്റിച്ച് നിന്നിൽ ആറിലൊന്നു മാത്രം ശേഷിപ്പിച്ച്, നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപർവ്വതങ്ങളിൽ വരുത്തും.
യേഹേസ്കേൽ 39 : 3 (IRVML)
ഞാൻ നിന്റെ ഇടങ്കയ്യിൽനിന്നു വില്ലു തെറിപ്പിച്ച്, നിന്റെ വലങ്കയ്യിൽനിന്ന് അമ്പു വീഴിക്കും.
യേഹേസ്കേൽ 39 : 4 (IRVML)
നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടിയുള്ള ജനതകളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകൻ മുതലായ പറവകൾക്കും, എല്ലാ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുക്കും.
യേഹേസ്കേൽ 39 : 5 (IRVML)
നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലയോ അതു കല്പിച്ചിരിക്കുന്നത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 39 : 6 (IRVML)
“മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയയ്ക്കും; ഞാൻ യഹോവ എന്ന് അവർ അറിയും
യേഹേസ്കേൽ 39 : 7 (IRVML)
ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കുകയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്ന് ജനതകൾ അറിയും.
യേഹേസ്കേൽ 39 : 8 (IRVML)
ഇതാ, അതു വരുന്നു; അതു സംഭവിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
യേഹേസ്കേൽ 39 : 9 (IRVML)
യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ട് പരിച, പലക, വില്ല്, അമ്പ്, കുറുവടി, കുന്തം മുതലായ ആയുധങ്ങൾ എടുത്തു തീ കത്തിക്കും; അവർ അവകൊണ്ട് ഏഴു സംവത്സരം തീ കത്തിക്കും.
യേഹേസ്കേൽ 39 : 10 (IRVML)
വയലിൽനിന്നു വിറകു ശേഖരിക്കുകയോ, കാട്ടിൽനിന്നു വിറകു വെട്ടുകയോ ചെയ്യാതെ ആയുധങ്ങൾ തന്നെ അവർ കത്തിക്കും; അവരെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും അവരെ കവർച്ച ചെയ്തവരെ കവർച്ച ചെയ്യുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 39 : 11 (IRVML)
അന്ന് ഞാൻ ഗോഗിന് യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിനു കിഴക്കുവശത്ത് വഴിപോക്കരുടെ താഴ്വര തന്നെ; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യുന്നതുനിമിത്തം വഴിപോക്കർക്ക് അത് മാർഗതടസ്സമായിത്തീരും; അതിന് ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്ന് അവർ വിളിക്കും.
യേഹേസ്കേൽ 39 : 12 (IRVML)
യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്ത്, ദേശം വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.
യേഹേസ്കേൽ 39 : 13 (IRVML)
ദേശത്തിലെ ജനം എല്ലാവരും ചേർന്ന് അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നെ മഹത്വീകരിക്കുന്ന നാളിൽ അത് അവർക്കു കീർത്തിയായിരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 39 : 14 (IRVML)
ദേശമെല്ലാം വെടിപ്പാക്കേണ്ടതിന് അതിൽ ശേഷിച്ച ശവങ്ങൾ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന പതിവുജോലിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.
യേഹേസ്കേൽ 39 : 15 (IRVML)
അവർ ദേശത്തു ചുറ്റി സഞ്ചരിക്കുമ്പോൾ, അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികിൽ ഒരു അടയാളം വയ്ക്കും; അടക്കം ചെയ്യുന്നവർ അത് ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും.
യേഹേസ്കേൽ 39 : 16 (IRVML)
ഹമോനാ (പുരുഷാരം) എന്ന പേരിൽ ഒരു നഗരമുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.
യേഹേസ്കേൽ 39 : 17 (IRVML)
മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടത്: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യേണ്ടതിന് ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുക്കുവാൻ പോകുന്ന എന്റെ യാഗത്തിന് നാലുഭാഗത്തുനിന്നും വന്നുകൂടുവിൻ.
യേഹേസ്കേൽ 39 : 18 (IRVML)
നിങ്ങൾ വീരന്മാരുടെ മാംസം തിന്ന് ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കണം; അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.
യേഹേസ്കേൽ 39 : 19 (IRVML)
ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്ന് നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
യേഹേസ്കേൽ 39 : 20 (IRVML)
ഇങ്ങനെ നിങ്ങൾ, കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും, എന്റെ മേശയിൽ നിന്ന് തിന്നു തൃപ്തരാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 39 : 21 (IRVML)
ഞാൻ എന്റെ മഹത്വം ജനതകളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വച്ച എന്റെ കൈയും സകലജനതകളും കാണും.
യേഹേസ്കേൽ 39 : 22 (IRVML)
അങ്ങനെ അന്നുമുതൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്ന് യിസ്രായേൽഗൃഹം അറിയും.
യേഹേസ്കേൽ 39 : 23 (IRVML)
യിസ്രായേൽഗൃഹം അവരുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും, അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ട് ഞാൻ എന്റെ മുഖം അവർക്കു മറച്ച്, അവരെല്ലാം വാൾകൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജനതകൾ അറിയും.
യേഹേസ്കേൽ 39 : 24 (IRVML)
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവിധം ഞാൻ അവരോടു പ്രവർത്തിച്ച്, എന്റെ മുഖം അവർക്കു മറച്ചു”.
യേഹേസ്കേൽ 39 : 25 (IRVML)
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി, എല്ലാ യിസ്രായേൽഗൃഹത്തോടും കരുണ ചെയ്ത്, എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും.
യേഹേസ്കേൽ 39 : 26 (IRVML)
ഞാൻ അവരെ ജനതകളുടെ ഇടയിൽനിന്നു മടക്കിവരുത്തി, അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്ന് അവരെ ശേഖരിച്ച് പല ജനതകളുടെയും കൺമുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം
യേഹേസ്കേൽ 39 : 27 (IRVML)
ആരും അവരെ ഭയപ്പെടുത്താതെ അവർ അവരുടെ ദേശത്ത് നിർഭയമായി വസിക്കുമ്പോൾ, അവരുടെ ലജ്ജയും, എന്നോടു ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും.
യേഹേസ്കേൽ 39 : 28 (IRVML)
ഞാൻ അവരെ ജനതകളുടെ ഇടയിൽ പ്രവാസികളായി കൊണ്ടുപോയെങ്കിലും, അവരിൽ ആരെയും അവിടെ വിട്ടുകളയാതെ അവരുടെ ദേശത്തേക്ക് കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.
യേഹേസ്കേൽ 39 : 29 (IRVML)
ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനി എന്റെ മുഖം അവർക്കു മറയ്ക്കുകയുമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29