യേഹേസ്കേൽ 45 : 1 (IRVML)
“ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവയ്ക്കു വഴിപാടായി അർപ്പിക്കണം; അത് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കണം; അതിന്റെ ചുറ്റുമുള്ള എല്ലാ അതിരുകളും വിശുദ്ധമായിരിക്കണം.
യേഹേസ്കേൽ 45 : 2 (IRVML)
അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി സമചതുരമായ ഒരു ഭാഗം വിശുദ്ധസ്ഥലത്തിന് ആയിരിക്കണം; അതിനു ചുറ്റും അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയി കിടക്കണം.
യേഹേസ്കേൽ 45 : 3 (IRVML)
ആ അളവിൽ നിന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും നീ അളക്കണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കണം;
യേഹേസ്കേൽ 45 : 4 (IRVML)
അത് ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവയ്ക്കു ശുശ്രൂഷചെയ്യുവാൻ അടുത്തു വരുന്നവരായി, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കണം; അത് അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവുമായിരിക്കണം.
യേഹേസ്കേൽ 45 : 5 (IRVML)
പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഭാഗം, ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു വസിക്കുവാനുള്ള ഗ്രാമത്തിനു വേണ്ട സ്വത്തായിരിക്കണം.
യേഹേസ്കേൽ 45 : 6 (IRVML)
വിശുദ്ധാംശമായ വഴിപാടിനോടു ചേർന്ന് നഗരസ്വത്തായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കണം; അത് യിസ്രായേൽഗൃഹത്തിനു മുഴുവനും ഉള്ളതായിരിക്കണം.
യേഹേസ്കേൽ 45 : 7 (IRVML)
പ്രഭുവിനുള്ളത്, വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും ആയിരിക്കണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കണം.
യേഹേസ്കേൽ 45 : 8 (IRVML)
അത് യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ, യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിനു ദേശം കൊടുക്കണം”.
യേഹേസ്കേൽ 45 : 9 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽപ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നത് നിർത്തുവിൻ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 45 : 10 (IRVML)
ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കണം.
യേഹേസ്കേൽ 45 : 11 (IRVML)
ഏഫയും ബത്തും ഒരേ അളവായിരിക്കണം; ബത്ത് ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കണം; അതിന്റെ അളവ് ഹോമെരിനൊത്തതായിരിക്കണം.
യേഹേസ്കേൽ 45 : 12 (IRVML)
ഒരു ശേക്കെൽ ഇരുപതു ഗേരാ ആയിരിക്കണം; ഇരുപത് ശേക്കെൽ, ഇരുപത്തഞ്ച് ശേക്കെൽ, പതിനഞ്ച് ശേക്കെൽ ഇവ കൂടുമ്പോൾ ഒരു മാനേ ആയിരിക്കണം;
യേഹേസ്കേൽ 45 : 13 (IRVML)
നിങ്ങൾ വഴിപാടു കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെർ ഗോതമ്പിൽനിന്ന് ഏഫയുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്ന് ഏഫയുടെ ആറിലൊന്നും കൊടുക്കണം.
യേഹേസ്കേൽ 45 : 14 (IRVML)
എണ്ണയ്ക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെർ ഒരു കോർ; അതിൽനിന്ന് ബത്തിന്റെ പത്തിലൊന്നു കൊടുക്കണം; പത്തു ബത്ത് ഒരു ഹോമെർ.
യേഹേസ്കേൽ 45 : 15 (IRVML)
പ്രായശ്ചിത്തം വരുത്തേണ്ടതിന് ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരു കുഞ്ഞാടിനെ കൊടുക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 45 : 16 (IRVML)
ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിനു വേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം.
യേഹേസ്കേൽ 45 : 17 (IRVML)
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിൽ എല്ലം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിക്കുവാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിനു പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കണം.
യേഹേസ്കേൽ 45 : 18 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തണം.
യേഹേസ്കേൽ 45 : 19 (IRVML)
പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ വാതിൽപ്പടികളിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ വാതിൽപ്പടികളിലും പുരട്ടണം.
യേഹേസ്കേൽ 45 : 20 (IRVML)
അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും, അബദ്ധത്താലോ ബുദ്ധിഹീനതയാലോ പിഴച്ചു പോയവനു വേണ്ടി ചെയ്യണം; ഇങ്ങനെ നിങ്ങൾ ആലയത്തിനു പ്രായശ്ചിത്തം വരുത്തണം.
യേഹേസ്കേൽ 45 : 21 (IRVML)
ഒന്നാം മാസം പതിനാലാം തീയതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്ക് പെസഹപെരുനാൾ ആചരിച്ച് പുളിപ്പില്ലാത്ത അപ്പം തിന്നണം.
യേഹേസ്കേൽ 45 : 22 (IRVML)
അന്ന് പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിനു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കണം.
യേഹേസ്കേൽ 45 : 23 (IRVML)
ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.
യേഹേസ്കേൽ 45 : 24 (IRVML)
കാള ഒന്നിന് ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന് ഒരു ഏഫയും ഏഫ ഒന്നിന് ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കണം.
യേഹേസ്കേൽ 45 : 25 (IRVML)
ഏഴാം മാസം പതിനഞ്ചാം തീയതിയിലുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ, പാപയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും എണ്ണയ്ക്കും തക്കവണ്ണം അർപ്പിക്കണം.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25