യേഹേസ്കേൽ 47 : 1 (IRVML)
അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽ നിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
യേഹേസ്കേൽ 47 : 2 (IRVML)
അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടുചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്ക് ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
യേഹേസ്കേൽ 47 : 3 (IRVML)
ആ പുരുഷൻ കൈയിൽ ചരടുമായി കിഴക്കോട്ടു നടന്നു; ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം കണങ്കാലോളം ആയി.
യേഹേസ്കേൽ 47 : 4 (IRVML)
അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
യേഹേസ്കേൽ 47 : 5 (IRVML)
അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു.
യേഹേസ്കേൽ 47 : 6 (IRVML)
അവൻ എന്നോട്: “മനുഷ്യപുത്രാ, ഇത് നീ കണ്ടുവോ” എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
യേഹേസ്കേൽ 47 : 7 (IRVML)
ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു.
യേഹേസ്കേൽ 47 : 8 (IRVML)
അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ട് അരാബയിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും.
യേഹേസ്കേൽ 47 : 9 (IRVML)
എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അതു ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും.
യേഹേസ്കേൽ 47 : 10 (IRVML)
അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും.
യേഹേസ്കേൽ 47 : 11 (IRVML)
എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും.
യേഹേസ്കേൽ 47 : 12 (IRVML)
നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും”.
യേഹേസ്കേൽ 47 : 13 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ട അതിരുകൾ ഇവയായിരിക്കും: യോസേഫിന് രണ്ടു പങ്ക് ഉണ്ടായിരിക്കണം.
യേഹേസ്കേൽ 47 : 14 (IRVML)
‘നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്ന്’ ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കുകകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും തുല്യാവകാശം ലഭിക്കണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും.
യേഹേസ്കേൽ 47 : 15 (IRVML)
ദേശത്തിന്റെ അതിർത്തികൾ ഇങ്ങനെ ആയിരിക്കണം: വടക്കുഭാഗത്ത് മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി
യേഹേസ്കേൽ 47 : 16 (IRVML)
സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമാസ്ക്കസിന്റെ അതിർത്തിക്കും ഹമാത്തിന്റെ അതിർത്തിക്കും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിർത്തിയിലുള്ള നടുഹാസേരും
യേഹേസ്കേൽ 47 : 17 (IRVML)
ഇങ്ങനെ അതിരുകൾ സമുദ്രംമുതൽ ദമാസ്ക്കസിന്റെ അതിർത്തിയിലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്ത് വടക്കോട്ടുള്ള ഹമാത്തിന്റെ അതിർത്തിയിലും ആയിരിക്കണം; അത് വടക്കേഭാഗം.
യേഹേസ്കേൽ 47 : 18 (IRVML)
കിഴക്കു ഭാഗം ഹൗറാൻ, ദമാസ്ക്കസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കണം; അത് കിഴക്കുഭാഗം.
യേഹേസ്കേൽ 47 : 19 (IRVML)
തെക്കുഭാഗം തെക്കോട്ട് താമാർമുതൽ മെരീബോത്ത്-കാദേശ് ജലാശയംവരെയും ഈജിപ്റ്റ്തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം; അത് തെക്കോട്ട് തെക്കേഭാഗം.
യേഹേസ്കേൽ 47 : 20 (IRVML)
പടിഞ്ഞാറുഭാഗം: തെക്കെ അതിരുമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കണം; അത് പടിഞ്ഞാറെ ഭാഗം.
യേഹേസ്കേൽ 47 : 21 (IRVML)
ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കനുസരിച്ച് വിഭാഗിച്ചുകൊള്ളണം.
യേഹേസ്കേൽ 47 : 22 (IRVML)
നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നവരായി, നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കണം; അവർ നിങ്ങൾക്ക് യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കണം; നിങ്ങളോടുകൂടി അവർക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കണം.
യേഹേസ്കേൽ 47 : 23 (IRVML)
പരദേശി വന്നുപാർക്കുന്ന ഗോത്രത്തിൽ തന്നെ നിങ്ങൾ അവന് അവകാശം കൊടുക്കണം ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23