യേഹേസ്കേൽ 8 : 1 (IRVML)
ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.
യേഹേസ്കേൽ 8 : 2 (IRVML)
അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
യേഹേസ്കേൽ 8 : 3 (IRVML)
അവിടുന്ന് കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യത്തിലേക്ക് ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ അസൂയ ജനിപ്പിക്കുന്ന അസൂയാബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
യേഹേസ്കേൽ 8 : 4 (IRVML)
അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം ഉണ്ടായിരുന്നു.
യേഹേസ്കേൽ 8 : 5 (IRVML)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക” എന്ന് കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ട്, പ്രവേശനകവാടത്തിൽ തന്നെ, ആ അസൂയാബിംബത്തെ കണ്ടു.
യേഹേസ്കേൽ 8 : 6 (IRVML)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്ന് അരുളിച്ചെയ്തു.
യേഹേസ്കേൽ 8 : 7 (IRVML)
അവിടുന്ന് എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
യേഹേസ്കേൽ 8 : 8 (IRVML)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക” എന്ന് പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.
യേഹേസ്കേൽ 8 : 9 (IRVML)
അവിടുന്ന് എന്നോട്: “അകത്തു ചെന്ന്, അവർ ഇവിടെ ചെയ്യുന്ന കടുത്ത മ്ലേച്ഛതകൾ നോക്കുക” എന്ന് കല്പിച്ചു.
യേഹേസ്കേൽ 8 : 10 (IRVML)
അങ്ങനെ ഞാൻ അകത്തു ചെന്നു; വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.
യേഹേസ്കേൽ 8 : 11 (IRVML)
അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കൈയിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; മേഘതുല്യമായ ധൂപത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
യേഹേസ്കേൽ 8 : 12 (IRVML)
അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്ത്, ഓരോരുത്തൻ അവനവന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നത് നീ കാണുന്നുവോ? ‘യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു’ എന്ന് അവർ പറയുന്നു” എന്നരുളിച്ചെയ്തു.
യേഹേസ്കേൽ 8 : 13 (IRVML)
“അവർ ഇതിലും വലിയ മ്ലേച്ഛതകൾ ചെയ്യുന്നത് നീ കാണും” എന്നും അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
യേഹേസ്കേൽ 8 : 14 (IRVML)
അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിലേക്ക് കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു.
യേഹേസ്കേൽ 8 : 15 (IRVML)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും” എന്ന് അരുളിച്ചെയ്തു.
യേഹേസ്കേൽ 8 : 16 (IRVML)
അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി; യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മദ്ധ്യത്തിൽ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ അവരുടെ പുറം യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ട് നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
യേഹേസ്കേൽ 8 : 17 (IRVML)
അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിക്കുവാൻ ദേശം സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്?
യേഹേസ്കേൽ 8 : 18 (IRVML)
ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണിന് ആദരവ് തോന്നുകയില്ല; ഞാൻ കരുണ കാണിക്കുകയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കുകയില്ല” എന്ന് അരുളിച്ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18