ഉല്പത്തി 20 : 1 (IRVML)
അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കെ ദേശത്തേക്ക് യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു.
ഉല്പത്തി 20 : 2 (IRVML)
അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറായെ കൊണ്ടുപോയി.
ഉല്പത്തി 20 : 3 (IRVML)
എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്ന് അരുളിച്ചെയ്തു.
ഉല്പത്തി 20 : 4 (IRVML)
എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും നീ കൊല്ലുമോ
ഉല്പത്തി 20 : 5 (IRVML)
‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്ന് അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
ഉല്പത്തി 20 : 6 (IRVML)
അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്ന് ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്.
ഉല്പത്തി 20 : 7 (IRVML)
ഇപ്പോൾ ആ പുരുഷന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.
ഉല്പത്തി 20 : 8 (IRVML)
അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം എല്ലാം അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
ഉല്പത്തി 20 : 9 (IRVML)
അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്തു കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു.
ഉല്പത്തി 20 : 10 (IRVML)
“നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്? എന്ന് അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:
ഉല്പത്തി 20 : 11 (IRVML)
“ ‘ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും’ എന്ന് ഞാൻ വിചാരിച്ചു.
ഉല്പത്തി 20 : 12 (IRVML)
വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു.
ഉല്പത്തി 20 : 13 (IRVML)
എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യണം; ഏതൊരു സ്ഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്റെ ആങ്ങള” എന്ന് എന്നെക്കുറിച്ച് പറയേണം എന്ന് പറഞ്ഞിരുന്നു.”
ഉല്പത്തി 20 : 14 (IRVML)
അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവന് തിരികെക്കൊടുത്തു:
ഉല്പത്തി 20 : 15 (IRVML)
“ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളടത്ത് പാർത്തുകൊള്ളുക” എന്ന് അബീമേലെക്ക് പറഞ്ഞു.
ഉല്പത്തി 20 : 16 (IRVML)
സാറയോടു അവൻ: “നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പരിഹാരം; നീ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു.
ഉല്പത്തി 20 : 17 (IRVML)
അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.
ഉല്പത്തി 20 : 18 (IRVML)
അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിൽ തലമുറകൾ ജനിക്കുന്നത് അസാധ്യമാക്കിയിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18