ഉല്പത്തി 24 : 1 (IRVML)
അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
ഉല്പത്തി 24 : 2 (IRVML)
തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ള സമ്പത്തിനൊക്കെയും കാര്യവിചാരകനായ ദാസനോട് അബ്രാഹാം പറഞ്ഞത്: “നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വയ്ക്കുക;
ഉല്പത്തി 24 : 3 (IRVML)
ചുറ്റും വസിക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന് ഭാര്യയെ എടുക്കാതെ,
ഉല്പത്തി 24 : 4 (IRVML)
എന്റെ ദേശത്തും എന്റെ കുടുംബക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനായ യിസ്ഹാക്കിന് ഭാര്യയെ എടുക്കുമെന്ന് സ്വർഗ്ഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കും.”
ഉല്പത്തി 24 : 5 (IRVML)
ദാസൻ അവനോട്: “പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്ക് വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകണമോ? എന്നു ചോദിച്ചു.
ഉല്പത്തി 24 : 6 (IRVML)
അബ്രാഹാം അവനോട് പറഞ്ഞത്: “എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക.
ഉല്പത്തി 24 : 7 (IRVML)
എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
ഉല്പത്തി 24 : 8 (IRVML)
എന്നാൽ പെൺകുട്ടിക്ക് നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോവുക മാത്രം അരുത്.”
ഉല്പത്തി 24 : 9 (IRVML)
അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈ വച്ച് ഈ കാര്യത്തെക്കുറിച്ച് അവനോടു സത്യം ചെയ്തു.
ഉല്പത്തി 24 : 10 (IRVML)
അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്ത് ഒട്ടകങ്ങളെയും യജമാനനുള്ള വിവിധങ്ങളായ വിശേഷവസ്തുക്കളും കൊണ്ടു പുറപ്പെട്ട് മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
ഉല്പത്തി 24 : 11 (IRVML)
വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിന് പുറത്ത് ഒരു കിണറിനരികെ നിറുത്തി ഇപ്രകാരം പറഞ്ഞു:
ഉല്പത്തി 24 : 12 (IRVML)
“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരണമേ.
ഉല്പത്തി 24 : 13 (IRVML)
ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.
ഉല്പത്തി 24 : 14 (IRVML)
‘നിന്റെ പാത്രം ഇറക്കി എനിക്കു കുടിക്കുവാൻ തരണം’ എന്നു ഞാൻ പറയുമ്പോൾ: ‘കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം ഞാൻ കൊടുക്കാം’ എന്നു പറയുന്ന പെൺകുട്ടി തന്നെ അവിടുന്ന് അവിടുത്തെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; അവിടുന്ന് എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”
ഉല്പത്തി 24 : 15 (IRVML)
അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
ഉല്പത്തി 24 : 16 (IRVML)
ബാലിക അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രത്തിൽ വെള്ളം നിറച്ച് കയറിവന്നു.
ഉല്പത്തി 24 : 17 (IRVML)
ദാസൻ അവളെ കാണുവാനായി ഓടിച്ചെന്ന്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിക്കുവാൻ തരണം” എന്നു പറഞ്ഞു.
ഉല്പത്തി 24 : 18 (IRVML)
“യജമാനനേ, കുടിക്ക” എന്ന് അവൾ പറഞ്ഞു വേഗം പാത്രം അവളുടെ തോളിൽനിന്നും താഴ്ത്തി അവന് കുടിക്കുവാൻ കൊടുത്തു.
ഉല്പത്തി 24 : 19 (IRVML)
അവന് കുടിപ്പാൻ കൊടുത്ത ശേഷം: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു,
ഉല്പത്തി 24 : 20 (IRVML)
പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
ഉല്പത്തി 24 : 21 (IRVML)
ആ പുരുഷൻ അവളെ സൂക്ഷിച്ച് നോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിന് മിണ്ടാതിരുന്നു.
ഉല്പത്തി 24 : 22 (IRVML)
ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈയ്യിലിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്:
ഉല്പത്തി 24 : 23 (IRVML)
“നീ ആരുടെ മകൾ? പറയുക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാത്രിയിൽ വിശ്രമിക്കുവാൻ സ്ഥലമുണ്ടോ? എന്നു ചോദിച്ചു.
ഉല്പത്തി 24 : 24 (IRVML)
അവൾ അവനോട്: “നാഹോരിന് മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ” എന്നു പറഞ്ഞു.
ഉല്പത്തി 24 : 25 (IRVML)
“ഞങ്ങൾക്ക് വയ്ക്കോലും വേണ്ടുവോളം ഉണ്ട്; രാപാർക്കുവാൻ സ്ഥലവും ഉണ്ട്” എന്നും അവൾ പറഞ്ഞു.
ഉല്പത്തി 24 : 26 (IRVML)
അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:
ഉല്പത്തി 24 : 27 (IRVML)
“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് നടത്തിക്കൊണ്ടുവന്നുവല്ലോ” എന്നു പറഞ്ഞു.
ഉല്പത്തി 24 : 28 (IRVML)
ബാലിക ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ ഈ കാര്യങ്ങൾ അറിയിച്ചു.
ഉല്പത്തി 24 : 29 (IRVML)
റിബെക്കായ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന് ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറിനരികെ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
ഉല്പത്തി 24 : 30 (IRVML)
അവൻ മൂക്കുത്തിയും സഹോദരിയുടെ കൈയ്യിൽ വളകളും കാണുകയും “ആ പുരുഷൻ ഇപ്രകാരം എന്നോടു പറഞ്ഞു” എന്ന് തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കുകയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറിനരികെ ഒട്ടകങ്ങളുടെ സമീപത്ത് നിൽക്കുകയായിരുന്നു.
ഉല്പത്തി 24 : 31 (IRVML)
അപ്പോൾ ലാബാൻ: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരുക; എന്തിന് പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
ഉല്പത്തി 24 : 32 (IRVML)
അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ ജീനിയഴിച്ചു ഒട്ടകങ്ങൾക്ക് വയ്ക്കോലും അവനും കൂടെയുള്ളവർക്കും കാൽ കഴുകുവാൻ വെള്ളവും കൊടുത്തു. അവന്റെ മുമ്പിൽ ഭക്ഷണം വച്ചു.
ഉല്പത്തി 24 : 33 (IRVML)
എന്നാൽ അവൻ: “ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു. “പറക” എന്ന് ലാബാനും പറഞ്ഞു.
ഉല്പത്തി 24 : 34 (IRVML)
അപ്പോൾ അവൻ പറഞ്ഞത്: “ഞാൻ അബ്രാഹാമിന്റെ ദാസൻ.
ഉല്പത്തി 24 : 35 (IRVML)
യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവൻ മഹാനായിത്തീർന്നു; അവൻ അവന് ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും കൊടുത്തിരിക്കുന്നു.
ഉല്പത്തി 24 : 36 (IRVML)
എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായപ്പോൾ എന്റെ യജമാനന് ഒരു മകനെ പ്രസവിച്ചു; അവൻ സർവ്വതും അവന് കൊടുത്തിരിക്കുന്നു.
ഉല്പത്തി 24 : 37 (IRVML)
‘ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകനു ഭാര്യയെ എടുക്കാതെ,
ഉല്പത്തി 24 : 38 (IRVML)
എന്റെ പിതൃഭവനത്തിലും കുടുംബക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനു ഭാര്യയെ എടുക്കണം’ എന്നു പറഞ്ഞ് എന്റെ യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
ഉല്പത്തി 24 : 39 (IRVML)
ഞാൻ എന്റെ യജമാനനോട്: ‘പക്ഷേ സ്ത്രീ എന്നോടുകൂടെ പോരുന്നില്ലെങ്കിലോ’ എന്നു പറഞ്ഞതിന് യജമാനൻ എന്നോട്:
ഉല്പത്തി 24 : 40 (IRVML)
‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകനു ഭാര്യയെ എടുക്കുവാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
ഉല്പത്തി 24 : 41 (IRVML)
എന്റെ കുടുംബക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവർ ബാലികയെ നിനക്കു തന്നില്ല എന്നു വന്നാലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും’ എന്നു പറഞ്ഞു.
ഉല്പത്തി 24 : 42 (IRVML)
ഞാൻ ഇന്നു കിണറിനരികെ വന്നപ്പോൾ പറഞ്ഞത്: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ
ഉല്പത്തി 24 : 43 (IRVML)
ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിക്കുവാൻ തരിക” എന്നു പറയുമ്പോൾ,
ഉല്പത്തി 24 : 44 (IRVML)
അവൾ എന്നോട്: “കുടിച്ചാലും, ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാം” എന്നു പറയുകയും ചെയ്താൽ അവൾ തന്നെ യഹോവ എന്റെ യജമാനന്റെ മകനു നിയമിച്ച മണവാട്ടിയായിരിക്കട്ടെ.
ഉല്പത്തി 24 : 45 (IRVML)
ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പ് ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോട്: ‘എനിക്കു കുടിക്കുവാൻ വെള്ളം തരേണം’ എന്നു പറഞ്ഞു.
ഉല്പത്തി 24 : 46 (IRVML)
അവൾ വേഗം തോളിൽനിന്നു പാത്രം താഴ്ത്തി: ‘കുടിക്കുക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിക്കുവാൻ കൊടുക്കാം’ എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിക്കുവാൻ വെള്ളം കൊടുത്തു.
ഉല്പത്തി 24 : 47 (IRVML)
ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
ഉല്പത്തി 24 : 48 (IRVML)
ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകനുവേണ്ടി എടുക്കുവാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
ഉല്പത്തി 24 : 49 (IRVML)
ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറയുവിൻ; അല്ല എന്നു വരികിൽ അതും പറയുവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.”
ഉല്പത്തി 24 : 50 (IRVML)
അപ്പോൾ ലാബാനും ബെഥൂവേലും: “ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയുവാൻ ഞങ്ങൾക്കു കഴിയുകയില്ല.
ഉല്പത്തി 24 : 51 (IRVML)
ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ” എന്നുത്തരം പറഞ്ഞു.
ഉല്പത്തി 24 : 52 (IRVML)
അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
ഉല്പത്തി 24 : 53 (IRVML)
പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു.
ഉല്പത്തി 24 : 54 (IRVML)
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: “എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു.
ഉല്പത്തി 24 : 55 (IRVML)
അതിന് അവളുടെ സഹോദരനും അമ്മയും: “ബാലിക ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ” എന്നു പറഞ്ഞു.
ഉല്പത്തി 24 : 56 (IRVML)
അവൻ അവരോട്: “എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കണം” എന്നു പറഞ്ഞു.
ഉല്പത്തി 24 : 57 (IRVML)
“ഞങ്ങൾ ബാലികയെ വിളിച്ചു അവളോടു ചോദിക്കട്ടെ” എന്ന് അവർ പറഞ്ഞു.
ഉല്പത്തി 24 : 58 (IRVML)
അവർ റിബെക്കയെ വിളിച്ച് അവളോട്: “നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” എന്ന് അവൾ പറഞ്ഞു.
ഉല്പത്തി 24 : 59 (IRVML)
അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ പരിചാരികയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
ഉല്പത്തി 24 : 60 (IRVML)
അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോട്: “സഹോദരീ, നീ ആയിരം പതിനായിരങ്ങളുടെ അമ്മയായി തീരുക; നിന്റെ സന്തതികൾ, അവരെ വെറുക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ” എന്നു പറഞ്ഞു.
ഉല്പത്തി 24 : 61 (IRVML)
പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
ഉല്പത്തി 24 : 62 (IRVML)
എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു.
ഉല്പത്തി 24 : 63 (IRVML)
വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിക്കുവാൻ വിജനസ്ഥലത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
ഉല്പത്തി 24 : 64 (IRVML)
റിബെക്കായും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി.
ഉല്പത്തി 24 : 65 (IRVML)
അവൾ ദാസനോട്: “വിജനസ്ഥലത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആര്” എന്നു ചോദിച്ചതിന് “എന്റെ യജമാനൻ തന്നെ” എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
ഉല്പത്തി 24 : 66 (IRVML)
താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
ഉല്പത്തി 24 : 67 (IRVML)
യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ സ്വീകരിച്ചു [* സ്വീകരിച്ചു ] അവൾ അവന് ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67

BG:

Opacity:

Color:


Size:


Font: