ഉല്പത്തി 31 : 1 (IRVML)
എന്നാൽ “ഞങ്ങളുടെ അപ്പനുള്ളതെല്ലാം യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനം എല്ലാം സമ്പാദിച്ചു” എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ യാക്കോബ് കേട്ടു.
ഉല്പത്തി 31 : 2 (IRVML)
യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയപ്പോൾ അതു തന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു കണ്ടു.
ഉല്പത്തി 31 : 3 (IRVML)
അപ്പോൾ യഹോവ യാക്കോബിനോട്: “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടി ഇരിക്കും” എന്ന് അരുളിച്ചെയ്തു.
ഉല്പത്തി 31 : 4 (IRVML)
യാക്കോബ് ആളയച്ചു റാഹേലിനേയും ലേയായെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കലേക്ക് വിളിപ്പിച്ചു,
ഉല്പത്തി 31 : 5 (IRVML)
അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടി ഉണ്ടായിരുന്നു.
ഉല്പത്തി 31 : 6 (IRVML)
നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടുംകൂടി സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.
ഉല്പത്തി 31 : 7 (IRVML)
നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല.
ഉല്പത്തി 31 : 8 (IRVML)
‘പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
ഉല്പത്തി 31 : 9 (IRVML)
ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.
ഉല്പത്തി 31 : 10 (IRVML)
ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു.
ഉല്പത്തി 31 : 11 (IRVML)
ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.
ഉല്പത്തി 31 : 12 (IRVML)
അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ എല്ലാം വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു.
ഉല്പത്തി 31 : 13 (IRVML)
നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോകുക’ എന്നു കല്പിച്ചിരിക്കുന്നു.”
ഉല്പത്തി 31 : 14 (IRVML)
റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ?
ഉല്പത്തി 31 : 15 (IRVML)
അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
ഉല്പത്തി 31 : 16 (IRVML)
ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊള്ളുക.”
ഉല്പത്തി 31 : 17 (IRVML)
അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
ഉല്പത്തി 31 : 18 (IRVML)
തന്റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
ഉല്പത്തി 31 : 19 (IRVML)
ലാബാൻ തന്റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
ഉല്പത്തി 31 : 20 (IRVML)
താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്.
ഉല്പത്തി 31 : 21 (IRVML)
ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിനു നേരെ തിരിഞ്ഞു.
ഉല്പത്തി 31 : 22 (IRVML)
യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി.
ഉല്പത്തി 31 : 23 (IRVML)
ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടൊപ്പം എത്തി.
ഉല്പത്തി 31 : 24 (IRVML)
എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു.
ഉല്പത്തി 31 : 25 (IRVML)
ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു.
ഉല്പത്തി 31 : 26 (IRVML)
ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പോകുകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്?
ഉല്പത്തി 31 : 27 (IRVML)
നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും
ഉല്പത്തി 31 : 28 (IRVML)
എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുവാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ഭോഷത്വമാണു നീ ചെയ്തത്.
ഉല്പത്തി 31 : 29 (IRVML)
നിങ്ങളോട് ദോഷം ചെയ്യുവാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.
ഉല്പത്തി 31 : 30 (IRVML)
ആകട്ടെ, നിന്റെ പിതൃഭവനത്തോടുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ഗ്രഹ ബിംബങ്ങളെ മോഷ്ടിച്ചത് എന്തിന്”
ഉല്പത്തി 31 : 31 (IRVML)
യാക്കോബ് ലാബാനോട്: “പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് ബലമായി പിടിച്ചുവയ്ക്കും എന്നു ഞാൻ ഭയപ്പെട്ടു.
ഉല്പത്തി 31 : 32 (IRVML)
എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ഗൃഹബിംബങ്ങളെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക” എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞില്ല.
ഉല്പത്തി 31 : 33 (IRVML)
അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
ഉല്പത്തി 31 : 34 (IRVML)
എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിക്കുള്ളിൽ ഇട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിൽ എല്ലായിടത്തും തിരഞ്ഞുനോക്കി, കണ്ടില്ല താനും.
ഉല്പത്തി 31 : 35 (IRVML)
അവൾ അപ്പനോട്: “യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേൽക്കുവാൻ എനിക്കു കഴിയുകയില്ല; സ്ത്രീകൾക്കുള്ള പതിവ് എനിക്കു വന്നിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ പരിശോധിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും.
ഉല്പത്തി 31 : 36 (IRVML)
അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: “എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്?
ഉല്പത്തി 31 : 37 (IRVML)
നീ എന്റെ സാധനങ്ങളൊക്കെയും പരിശോധിച്ചുവല്ലോ; നിന്റെ വീട്ടിലെ സാധനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വയ്ക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
ഉല്പത്തി 31 : 38 (IRVML)
ഈ ഇരുപതു വർഷം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
ഉല്പത്തി 31 : 39 (IRVML)
ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ മോഷണം പോയതിനെയും രാത്രി മോഷണം പോയതിനെയും നീ എന്നോടു ചോദിച്ചു.
ഉല്പത്തി 31 : 40 (IRVML)
ഇതായിരുന്നു എന്റെ അനുഭവം; പകൽ വെയിൽകൊണ്ടും രാത്രി തണുപ്പുകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി.
ഉല്പത്തി 31 : 41 (IRVML)
ഈ ഇരുപതു വർഷം ഞാൻ നിന്റെ വീട്ടിൽ വസിച്ചു; പതിന്നാലു വർഷം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു വർഷം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
ഉല്പത്തി 31 : 42 (IRVML)
എന്റെ പിതാവിന്റെ ദൈവമായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.”
ഉല്പത്തി 31 : 43 (IRVML)
ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്തു ചെയ്യും?
ഉല്പത്തി 31 : 44 (IRVML)
അതുകൊണ്ട് വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക; അത് എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
ഉല്പത്തി 31 : 45 (IRVML)
അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി.
ഉല്പത്തി 31 : 46 (IRVML)
“കല്ലുകൾ കൂട്ടുവിൻ” എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവച്ച് അവർ ഭക്ഷണം കഴിച്ചു.
ഉല്പത്തി 31 : 47 (IRVML)
ലാബാൻ അതിന് യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; എന്നാൽ യാക്കോബ് അതിനു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
ഉല്പത്തി 31 : 48 (IRVML)
“ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിനു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പേരായി:
ഉല്പത്തി 31 : 49 (IRVML)
“നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മദ്ധ്യേ കാവലായിരിക്കട്ടെ.
ഉല്പത്തി 31 : 50 (IRVML)
നീ എന്റെ പുത്രിമാരെ ഉപദ്രവിക്കുകയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ സ്വീകരിക്കുകയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നെ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് അവൻ പറഞ്ഞു.
ഉല്പത്തി 31 : 51 (IRVML)
ലാബാൻ പിന്നെയും യാക്കോബിനോട്: “ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.
ഉല്പത്തി 31 : 52 (IRVML)
ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
ഉല്പത്തി 31 : 53 (IRVML)
അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
ഉല്പത്തി 31 : 54 (IRVML)
പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിക്കുവാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാത്രി പാർത്തു.
ഉല്പത്തി 31 : 55 (IRVML)
ലാബാൻ അതിരാവിലെ എഴുന്നേറ്റ് തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55