ഉല്പത്തി 4 : 1 (IRVML)
ആദാം തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്കു ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു.
ഉല്പത്തി 4 : 2 (IRVML)
പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
ഉല്പത്തി 4 : 3 (IRVML)
കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു.
ഉല്പത്തി 4 : 4 (IRVML)
ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒന്നിനെ കൊന്ന്, അവയുടെ ഏറ്റവും കൊഴുപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
ഉല്പത്തി 4 : 5 (IRVML)
കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്റെ മുഖം വാടി.
ഉല്പത്തി 4 : 6 (IRVML)
അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്?
ഉല്പത്തി 4 : 7 (IRVML)
നീ ശരിയായത് ചെയ്യുന്നു എങ്കിൽ നീയും സ്വീകാര്യനാവുകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു.
ഉല്പത്തി 4 : 8 (IRVML)
അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട് “നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.
ഉല്പത്തി 4 : 9 (IRVML)
പിന്നെ യഹോവ കയീനോട്: “നിന്റെ അനുജനായ ഹാബെൽ എവിടെ? എന്നു ചോദിച്ചതിന്: “എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ? എന്നു അവൻ പറഞ്ഞു.
ഉല്പത്തി 4 : 10 (IRVML)
അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.
ഉല്പത്തി 4 : 11 (IRVML)
ഇപ്പോൾ നിന്റെ കൈയിൽനിന്ന് നിന്റെ അനുജന്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകണം.
ഉല്പത്തി 4 : 12 (IRVML)
നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്റെ വീര്യം നിനക്ക് തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും.”
ഉല്പത്തി 4 : 13 (IRVML)
കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്.
ഉല്പത്തി 4 : 14 (IRVML)
ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു.
ഉല്പത്തി 4 : 15 (IRVML)
യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീന്റെമേൽ ഒരു അടയാളം പതിച്ചു.
ഉല്പത്തി 4 : 16 (IRVML)
അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ട് ഏദെന് കിഴക്ക് നോദ് ദേശത്ത് ചെന്നു പാർത്തു.
ഉല്പത്തി 4 : 17 (IRVML)
കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
ഉല്പത്തി 4 : 18 (IRVML)
ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനു ജന്മം നൽകി; മെഹൂയയേൽ മെഥൂശയേലിനു ജന്മം നൽകി; മെഥൂശയേൽ ലാമെക്കിനു ജനകനായി.
ഉല്പത്തി 4 : 19 (IRVML)
ലാമെക്ക് രണ്ടു ഭാര്യമാരെ സ്വീകരിച്ചു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേര്
ഉല്പത്തി 4 : 20 (IRVML)
ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകർക്കും പിതാവായിരുന്നു.
ഉല്പത്തി 4 : 21 (IRVML)
അവന്റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിതീർന്നു.
ഉല്പത്തി 4 : 22 (IRVML)
സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുപണിക്കാരുടെയും ഇരിമ്പുപണിക്കാരുടെയും ഗുരുവായിരുന്നു; നയമാ ആയിരുന്നു തൂബൽകയീന്റെ സഹോദരി.
ഉല്പത്തി 4 : 23 (IRVML)
ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്: “ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവി തരുവിൻ! എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
ഉല്പത്തി 4 : 24 (IRVML)
കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”
ഉല്പത്തി 4 : 25 (IRVML)
ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: “കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്ക് മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞ് അവന് ശേത്ത് എന്നു പേരിട്ടു.
ഉല്പത്തി 4 : 26 (IRVML)
ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26