ഉല്പത്തി 42 : 1 (IRVML)
ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നത് എന്ത്?
ഉല്പത്തി 42 : 2 (IRVML)
ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെ നിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു.
ഉല്പത്തി 42 : 3 (IRVML)
യോസേഫിന്റെ സഹോദരന്മാർ പത്തു പേർ ഈജിപ്റ്റിൽ ധാന്യം വാങ്ങുവാൻ പോയി.
ഉല്പത്തി 42 : 4 (IRVML)
എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന് “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നു പറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
ഉല്പത്തി 42 : 5 (IRVML)
അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
ഉല്പത്തി 42 : 6 (IRVML)
യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
ഉല്പത്തി 42 : 7 (IRVML)
യോസേഫ് തന്റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു” എന്ന് അവരോടു ചോദിച്ചതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്ന് അവർ പറഞ്ഞു.
ഉല്പത്തി 42 : 8 (IRVML)
യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
ഉല്പത്തി 42 : 9 (IRVML)
യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.
ഉല്പത്തി 42 : 10 (IRVML)
അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു;
ഉല്പത്തി 42 : 11 (IRVML)
ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു.
ഉല്പത്തി 42 : 12 (IRVML)
അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
ഉല്പത്തി 42 : 13 (IRVML)
അതിന് അവർ: “അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.
ഉല്പത്തി 42 : 14 (IRVML)
യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ.
ഉല്പത്തി 42 : 15 (IRVML)
ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.
ഉല്പത്തി 42 : 16 (IRVML)
നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയക്കുവിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെങ്കിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ.”
ഉല്പത്തി 42 : 17 (IRVML)
അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
ഉല്പത്തി 42 : 18 (IRVML)
മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്യുവിൻ:
ഉല്പത്തി 42 : 19 (IRVML)
നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ.
ഉല്പത്തി 42 : 20 (IRVML)
എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു
ഉല്പത്തി 42 : 21 (IRVML)
“അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിന്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടിട്ടും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്ന് അവർ തമ്മിൽ പറഞ്ഞു.
ഉല്പത്തി 42 : 22 (IRVML)
അതിനു രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
ഉല്പത്തി 42 : 23 (IRVML)
യോസേഫ് അവരോടു സംസാരിച്ചതു പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്ന് അവർ അറിഞ്ഞില്ല.
ഉല്പത്തി 42 : 24 (IRVML)
യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.
ഉല്പത്തി 42 : 25 (IRVML)
അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിയാത്രയിൽ ആവശ്യമായ ആഹാരം അവർക്കു കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്കു ചെയ്തുകൊടുത്തു.
ഉല്പത്തി 42 : 26 (IRVML)
അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.
ഉല്പത്തി 42 : 27 (IRVML)
വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ട്,
ഉല്പത്തി 42 : 28 (IRVML)
തന്റെ സഹോദരന്മാരോട്: “എന്റെ പണം എനിക്കു തിരികെ കിട്ടി അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.
ഉല്പത്തി 42 : 29 (IRVML)
അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചത് ആദ്യന്തം അവനോട് അറിയിച്ചു പറഞ്ഞത്:
ഉല്പത്തി 42 : 30 (IRVML)
“ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
ഉല്പത്തി 42 : 31 (IRVML)
ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല.
ഉല്പത്തി 42 : 32 (IRVML)
ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.
ഉല്പത്തി 42 : 33 (IRVML)
അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.
ഉല്പത്തി 42 : 34 (IRVML)
നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.
ഉല്പത്തി 42 : 35 (IRVML)
പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി.
ഉല്പത്തി 42 : 36 (IRVML)
അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
ഉല്പത്തി 42 : 37 (IRVML)
അതിനു രൂബേൻ അപ്പനോട്: “എന്റെ കൈയിൽ അവനെ ഏല്പിക്കുക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.
ഉല്പത്തി 42 : 38 (IRVML)
എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും സംഭവിച്ചേക്കാം. വൃദ്ധനായ എനിക്ക് നിങ്ങൾ വരുത്തുന്ന ദുഃഖം മരണത്തിലേക്ക് എത്തിക്കുമാറാക്കും എന്നു പറഞ്ഞു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

BG:

Opacity:

Color:


Size:


Font: