ഉല്പത്തി 45 : 1 (IRVML)
അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരും എന്റെ അടുക്കൽനിന്നു പുറത്ത്പോകുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.
ഉല്പത്തി 45 : 2 (IRVML)
അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അതു കേട്ടു.
ഉല്പത്തി 45 : 3 (IRVML)
യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്കു കഴിഞ്ഞില്ല.
ഉല്പത്തി 45 : 4 (IRVML)
യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
ഉല്പത്തി 45 : 5 (IRVML)
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കണ്ടാ, വിഷാദിക്കുകയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
ഉല്പത്തി 45 : 6 (IRVML)
ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്.
ഉല്പത്തി 45 : 7 (IRVML)
ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
ഉല്പത്തി 45 : 8 (IRVML)
ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും ഉയർന്ന ഉദ്യോഗസ്ഥനും ആക്കിയിരിക്കുന്നു.
ഉല്പത്തി 45 : 9 (IRVML)
നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോടു പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.
ഉല്പത്തി 45 : 10 (IRVML)
അങ്ങേയ്ക് ഗോശെൻദേശത്തു പാർക്കാം എനിക്കു സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.
ഉല്പത്തി 45 : 11 (IRVML)
അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും’
ഉല്പത്തി 45 : 12 (IRVML)
ഇതാ, ഞാൻ യോസേഫ് തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
ഉല്പത്തി 45 : 13 (IRVML)
ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരുകയും വേണം.”
ഉല്പത്തി 45 : 14 (IRVML)
അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
ഉല്പത്തി 45 : 15 (IRVML)
അവൻ സഹോദരന്മാരെ എല്ലാവരേയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സംസാരിക്കുവാൻ തുടങ്ങി.
ഉല്പത്തി 45 : 16 (IRVML)
യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള വർത്തമാനം ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.
ഉല്പത്തി 45 : 17 (IRVML)
ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന്
ഉല്പത്തി 45 : 18 (IRVML)
നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു ഈജിപ്റ്റുരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.
ഉല്പത്തി 45 : 19 (IRVML)
നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി ഈജിപ്റ്റുദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
ഉല്പത്തി 45 : 20 (IRVML)
നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; ഈജിപ്റ്റുദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു
ഉല്പത്തി 45 : 21 (IRVML)
യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
ഉല്പത്തി 45 : 22 (IRVML)
അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
ഉല്പത്തി 45 : 23 (IRVML)
അങ്ങനെതന്നെ അവൻ തന്റെ അപ്പന് പത്തു കഴുതപ്പുറത്ത് ഈജിപ്റ്റിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.
ഉല്പത്തി 45 : 24 (IRVML)
അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്ന് അവരോടു പറഞ്ഞു.
ഉല്പത്തി 45 : 25 (IRVML)
അവർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
ഉല്പത്തി 45 : 26 (IRVML)
അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
ഉല്പത്തി 45 : 27 (IRVML)
യോസേഫ് അവരോട് പറഞ്ഞവാക്കുകളെല്ലാം അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങൾ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.
ഉല്പത്തി 45 : 28 (IRVML)
“മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പ് അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28