ഉല്പത്തി 48 : 1 (IRVML)
അനന്തരം യോസേഫിന്: “നിന്റെ അപ്പൻ ദീനമായി കിടക്കുന്നു” എന്ന വാർത്ത ലഭിച്ചു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:
ഉല്പത്തി 48 : 2 (IRVML)
“നിന്റെ മകൻ യോസേഫ് ഇതാ വരുന്നു” എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ ശക്തി സംഭരിച്ച് കട്ടിലിന്മേൽ എഴുന്നേറ്റിരുന്നു.
ഉല്പത്തി 48 : 3 (IRVML)
യാക്കോബ് യോസേഫിനോടു പറഞ്ഞത്: “സർവ്വശക്തിയുള്ള ദൈവം കനാൻദേശത്തിലെ ലൂസ്സിൽവച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,
ഉല്പത്തി 48 : 4 (IRVML)
എന്നോട്: ‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
ഉല്പത്തി 48 : 5 (IRVML)
ഈജിപ്റ്റിൽ നിന്റെ അടുക്കൽ ഞാൻ വരുന്നതിനു മുമ്പെ നിനക്കു ഈജിപ്റ്റുദേശത്തുവച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.
ഉല്പത്തി 48 : 6 (IRVML)
ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ അവരുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.
ഉല്പത്തി 48 : 7 (IRVML)
ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്ത് എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ (ബേത്ത്ലേഹെം എന്ന) എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.”
ഉല്പത്തി 48 : 8 (IRVML)
യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ: “ഇവർ ആരാകുന്നു?” എന്നു ചോദിച്ചു.
ഉല്പത്തി 48 : 9 (IRVML)
“ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ” എന്നു യോസേഫ് അപ്പനോടു പറഞ്ഞു. “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും” എന്ന് അവൻ പറഞ്ഞു.
ഉല്പത്തി 48 : 10 (IRVML)
എന്നാൽ യിസ്രായേലിന്റെ കണ്ണു വാർദ്ധക്യത്താൽ മങ്ങി കാണുവാൻ കഴിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.
ഉല്പത്തി 48 : 11 (IRVML)
യിസ്രായേൽ യോസേഫിനോട്: “നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണുവാൻ ദൈവം എനിക്കു അവസരം നൽകിയല്ലോ” എന്നു പറഞ്ഞു.
ഉല്പത്തി 48 : 12 (IRVML)
യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽനിന്നു മാറ്റി; സാഷ്ടാംഗം നമസ്കരിച്ചു.
ഉല്പത്തി 48 : 13 (IRVML)
പിന്നെ യോസേഫ് എഫ്രയീമിനെ വലംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്റെ ഇടംകൈയ്ക്കു നേരെയും മനശ്ശെയെ ഇടംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്റെ വലംകൈയ്ക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
ഉല്പത്തി 48 : 14 (IRVML)
യിസ്രായേൽ വലംകൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടംകൈ ആദ്യജാതനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണച്ചുവച്ചു.
ഉല്പത്തി 48 : 15 (IRVML)
പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരാധിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയ ദൈവം,
ഉല്പത്തി 48 : 16 (IRVML)
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; ഇവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ” എന്നു പറഞ്ഞു.
ഉല്പത്തി 48 : 17 (IRVML)
അപ്പൻ വലംകൈ എഫ്രയീമിന്റെ തലയിൽവച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന് അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവയ്ക്കുവാൻ പിടിച്ചു.
ഉല്പത്തി 48 : 18 (IRVML)
യോസേഫ് അപ്പനോട്: “അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലംകൈ വയ്ക്കണം” എന്നു പറഞ്ഞു.
ഉല്പത്തി 48 : 19 (IRVML)
എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ: “എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതികളോ ജനസമൂഹമായ്തീരും” എന്നു പറഞ്ഞു.
ഉല്പത്തി 48 : 20 (IRVML)
അങ്ങനെ അവൻ അന്ന് അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ’ എന്ന് യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും” എന്നു പറഞ്ഞ് എഫ്രയീമിനെ മനശ്ശെയ്ക്കു മുൻപാക്കി.
ഉല്പത്തി 48 : 21 (IRVML)
യോസേഫിനോടു യിസ്രായേൽ പറഞ്ഞത്: “ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
ഉല്പത്തി 48 : 22 (IRVML)
എന്റെ വാളും വില്ലുംകൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.” [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

BG:

Opacity:

Color:


Size:


Font: