ഉല്പത്തി 9 : 1 (IRVML)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തത്: “നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.
ഉല്പത്തി 9 : 2 (IRVML)
ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും ഭൂമിയിൽ സഞ്ചരിക്കുന്ന സകലത്തിനും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെപറ്റിയുള്ള പേടിയും നടുക്കവും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.
ഉല്പത്തി 9 : 3 (IRVML)
സഞ്ചരിക്കുന്ന ജീവികളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
ഉല്പത്തി 9 : 4 (IRVML)
ജീവനായിരിക്കുന്ന രക്തത്തോടുകൂടെ നിങ്ങൾ മാംസം ഭക്ഷിക്കരുത്.
ഉല്പത്തി 9 : 5 (IRVML)
നിങ്ങളുടെ ജീവനായിരിക്കുന്ന രക്തത്തിന് ഞാൻ നിശ്ചയമായും പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; ഓരോ മനുഷ്യന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ ജീവന് പകരം ചോദിക്കും.
ഉല്പത്തി 9 : 6 (IRVML)
ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ മനുഷ്യനാൽ അവന്റെ രക്തം ചൊരിയപ്പെടണം.
ഉല്പത്തി 9 : 7 (IRVML)
ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ ധാരാളമായി പെറ്റു പെരുകുവിൻ.”
ഉല്പത്തി 9 : 8 (IRVML)
ദൈവം പിന്നെയും നോഹയോടും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്:
ഉല്പത്തി 9 : 9 (IRVML)
“ഞാൻ, ഇതാ, നിങ്ങളോടും നിങ്ങൾക്കുശേഷമുള്ള നിങ്ങളുടെ സന്തതിയോടും
ഉല്പത്തി 9 : 10 (IRVML)
ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.
ഉല്പത്തി 9 : 11 (IRVML)
ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിക്കുവാൻ ഇനി ജലപ്രളയം ഉണ്ടാകുകയുമില്ല എന്നു ഞാൻ നിങ്ങളോടു എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.”
ഉല്പത്തി 9 : 12 (IRVML)
പിന്നെയും ദൈവം അരുളിച്ചെയ്തത്: “ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ആകുന്നു ഇത്:
ഉല്പത്തി 9 : 13 (IRVML)
ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അത് ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയ്ക്ക് അടയാളമായിരിക്കും.
ഉല്പത്തി 9 : 14 (IRVML)
ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും.
ഉല്പത്തി 9 : 15 (IRVML)
അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിക്കുവാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
ഉല്പത്തി 9 : 16 (IRVML)
വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള ഉടമ്പടി ഓർക്കേണ്ടതിന് ഞാൻ അതിനെ നോക്കും.
ഉല്പത്തി 9 : 17 (IRVML)
എനിക്കും ഭൂമിയിലുള്ള സർവ്വ ജഡത്തിനും മദ്ധ്യേ ഞാൻ സ്ഥാപിച്ചിരിക്കുന്ന ഉടമ്പടിയ്ക്ക് ഇത് അടയാളം” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
ഉല്പത്തി 9 : 18 (IRVML)
പെട്ടകത്തിന് പുറത്തു വന്ന നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു.
ഉല്പത്തി 9 : 19 (IRVML)
ഇവർ മൂന്നുപേരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
ഉല്പത്തി 9 : 20 (IRVML)
നോഹ കൃഷിചെയ്യുവാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
ഉല്പത്തി 9 : 21 (IRVML)
അവൻ അതിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
ഉല്പത്തി 9 : 22 (IRVML)
കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്ന് തന്റെ രണ്ട് സഹോദരന്മാരെയും അറിയിച്ചു.
ഉല്പത്തി 9 : 23 (IRVML)
ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത്, ഇരുവരുടെയും തോളിൽ ഇട്ടു, പിറകോട്ടു നടന്നു ചെന്ന് പിതാവിന്റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
ഉല്പത്തി 9 : 24 (IRVML)
നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു.
ഉല്പത്തി 9 : 25 (IRVML)
അപ്പോൾ അവൻ: “കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് അടിമയായിരിക്കും” എന്നു പറഞ്ഞു.
ഉല്പത്തി 9 : 26 (IRVML)
“ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ ശേമിന് ദാസനായിരിക്കട്ടെ.
ഉല്പത്തി 9 : 27 (IRVML)
ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കട്ടെ; കനാൻ അവരുടെ ദാസനാകട്ടെ” എന്നും അവൻ പറഞ്ഞു.
ഉല്പത്തി 9 : 28 (IRVML)
ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റിഅമ്പത് വർഷം ജീവിച്ചിരുന്നു.
ഉല്പത്തി 9 : 29 (IRVML)
നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തിഅമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29