ഹഗ്ഗായി 1 : 1 (IRVML)
ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയ്ക്കും ഉണ്ടായത്:
ഹഗ്ഗായി 1 : 2 (IRVML)
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ.”
ഹഗ്ഗായി 1 : 3 (IRVML)
ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്:
ഹഗ്ഗായി 1 : 4 (IRVML)
“ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?”
ഹഗ്ഗായി 1 : 5 (IRVML)
ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
ഹഗ്ഗായി 1 : 6 (IRVML)
നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.”
ഹഗ്ഗായി 1 : 7 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
ഹഗ്ഗായി 1 : 8 (IRVML)
നിങ്ങൾ മലയിൽ ചെന്ന് മരം കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ പ്രസാദിച്ച് മഹത്വപ്പെടും” എന്ന് യഹോവ കല്പിക്കുന്നു.
ഹഗ്ഗായി 1 : 9 (IRVML)
“നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായ്തീർന്നു; നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ഹഗ്ഗായി 1 : 10 (IRVML)
അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല.
ഹഗ്ഗായി 1 : 11 (IRVML)
ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.
ഹഗ്ഗായി 1 : 12 (IRVML)
അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും, മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയും, ജനത്തിൽ ശേഷിച്ചവരും അവരുടെ ദൈവമായ യഹോവയുടെ വാക്കും, അവരുടെ ദൈവമായ യഹോവയുടെ നിയോഗപ്രകാരം അയച്ച ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.
ഹഗ്ഗായി 1 : 13 (IRVML)
അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂത് ജനത്തോട് ഇപ്രകാരം അറിയിച്ചു: “ഞാൻ നിങ്ങളോട് കൂടി ഉണ്ട് എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
ഹഗ്ഗായി 1 : 14 (IRVML)
യഹോവ യെഹൂദാദേശാധിപതിയായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിച്ചവരുടെ മനസ്സും ഉണർത്തി; അവർ വന്ന് അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ വേലചെയ്തു.
ഹഗ്ഗായി 1 : 15 (IRVML)
ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഇരുപത്തിനാലാം തീയതി ആയിരുന്നു അത്.

1 2 3 4 5 6 7 8 9 10 11 12 13 14 15