ഹഗ്ഗായി 2 : 1 (IRVML)
ഏഴാം മാസം ഇരുപത്തൊന്നാം തീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:
ഹഗ്ഗായി 2 : 2 (IRVML)
“നീ യെഹൂദാദേശാധിപതിയായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ അവശേഷിച്ചവരോടും പറയേണ്ടത്:
ഹഗ്ഗായി 2 : 3 (IRVML)
നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്ത്വത്തോടെ കണ്ടിട്ടുള്ള ആരെങ്കിലും അവശേഷിച്ചിരിക്കുന്നുണ്ടോ? ഇപ്പോൾ അത് കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിസ്സാരമായി തോന്നുന്നില്ലയോ?”
ഹഗ്ഗായി 2 : 4 (IRVML)
ഇപ്പോഴോ സെരുബ്ബാബേലേ, “ധൈര്യപ്പെടുക” എന്ന് യഹോവയുടെ അരുളപ്പാട്; “മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനങ്ങളുമേ, ധൈര്യപ്പെട്ട് വേല ചെയ്യുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളോടുകൂടി ഉണ്ടല്ലോ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ഹഗ്ഗായി 2 : 5 (IRVML)
നിങ്ങൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോട് ചെയ്ത ഉടമ്പടിയിൽ ഉള്ള വാഗ്ദാനങ്ങളെ ഓർക്കുവിൻ; എന്റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
ഹഗ്ഗായി 2 : 6 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഏറെ താമസിക്കാതെ ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
ഹഗ്ഗായി 2 : 7 (IRVML)
ഞാൻ സകലജനതകളെയും ഇളക്കും; അങ്ങനെ സകലജനതകളും അവരുടെ അമൂല്യനിധി എന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണ്ണമാക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ഹഗ്ഗായി 2 : 8 (IRVML)
“വെള്ളി എനിക്കുള്ളത്, പൊന്നും എനിക്കുള്ളത്” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ഹഗ്ഗായി 2 : 9 (IRVML)
“ഈ ആലയത്തിന്റെ പിന്നത്തെ മഹത്ത്വം മുമ്പുള്ളതിലും വലുതായിരിക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഈ സ്ഥലത്ത് ഞാൻ സമാധാനം നല്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ഹഗ്ഗായി 2 : 10 (IRVML)
ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷത്തിന്റെ, ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാട് ഇപ്രകാരം ഉണ്ടായി:
ഹഗ്ഗായി 2 : 11 (IRVML)
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോട് ന്യായപ്രമാണത്തെക്കുറിച്ച് ഇപ്രകാരം ചോദിക്കണം:
ഹഗ്ഗായി 2 : 12 (IRVML)
“ഒരാൾ തന്റെ വസ്ത്രത്തിന്റെ കോണിൽ വിശുദ്ധമാംസം വയ്ക്കുകയും, ആ കോണുകൊണ്ട് അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അത് വിശുദ്ധമാകുമോ?” അതിന് പുരോഹിതന്മാർ “ഇല്ല” എന്നുത്തരം പറഞ്ഞു.
ഹഗ്ഗായി 2 : 13 (IRVML)
എന്നാൽ ഹഗ്ഗായി: “ശവ ശരീരത്തിൽ തൊട്ട് അശുദ്ധനായ ഒരാൾ അവയിൽ ഒന്ന് തൊടുന്നുവെങ്കിൽ അത് അശുദ്ധമാകുമോ ? ” എന്ന് ചോദിച്ചതിന്: “അത് അശുദ്ധമാകും” എന്ന് പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
ഹഗ്ഗായി 2 : 14 (IRVML)
അതിന് ഹഗ്ഗായി ഉത്തരം പറഞ്ഞത് എന്തെന്നാൽ: “അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജനതയും എന്റെ സന്നിധിയിൽ ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നെ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം ആകുന്നു.
ഹഗ്ഗായി 2 : 15 (IRVML)
ആകയാൽ നിങ്ങൾ യഹോവയുടെ മന്ദിരത്തിൽ കല്ലിന്മേൽ കല്ല് വച്ചതിന് മുമ്പുള്ളകാലത്തെപ്പറ്റി വിചാരിച്ചുകൊള്ളുവിൻ.
ഹഗ്ഗായി 2 : 16 (IRVML)
ആ കാലത്ത് ഒരാൾ ഇരുപത് പറ ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോൾ പത്ത് മാത്രമേ കാണുകയുള്ളു; ഒരാൾ അമ്പത് പാത്രം കോരുവാൻ [* ചക്കാല = വീഞ്ഞ് സൂക്ഷിക്കുന്ന സ്ഥലം ]ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപത് മാത്രമേ കാണുകയുള്ളു.
ഹഗ്ഗായി 2 : 17 (IRVML)
“വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ട് ഞാൻ നിങ്ങളെയും നിങ്ങളുടെ കൈകളുടെ സകലപ്രവൃത്തികളെയും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എന്നിലേക്ക് തിരിഞ്ഞില്ല ” എന്ന് യഹോവയുടെ അരുളപ്പാട്.
ഹഗ്ഗായി 2 : 18 (IRVML)
“നിങ്ങൾ ഇന്നുമുതൽ മുമ്പോട്ട് ദൃഷ്ടിവയ്ക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതിമുതൽ, യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നെ ദൃഷ്ടിവയ്ക്കുവിൻ.
ഹഗ്ഗായി 2 : 19 (IRVML)
വിത്ത് ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.”
ഹഗ്ഗായി 2 : 20 (IRVML)
ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായത് എന്തെന്നാൽ:
ഹഗ്ഗായി 2 : 21 (IRVML)
“നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോട് പറയേണ്ടത്: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.
ഹഗ്ഗായി 2 : 22 (IRVML)
ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജനതകളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും അതിന്റെ പുറത്ത് കയറി ഓടിക്കുന്നവരും ഓരോരുത്തനും അവനവന്റെ സഹോദരന്റെ വാളിനാൽ വീഴും.
ഹഗ്ഗായി 2 : 23 (IRVML)
അ നാളിൽ - സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് - എന്റെ ദാസനായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്ത് മുദ്രമോതിരമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23