യെശയ്യാ 16 : 1 (IRVML)
നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയയ്ക്കുവിൻ.
യെശയ്യാ 16 : 2 (IRVML)
മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും.
യെശയ്യാ 16 : 3 (IRVML)
“ആലോചന പറഞ്ഞുതരുക; വിധിന്യായം നടത്തുക; നിന്റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്.
യെശയ്യാ 16 : 4 (IRVML)
മോവാബിന്റെ പുറത്താക്കപ്പെട്ടവർ നിന്നോടുകൂടി പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്ക് ഒരു മറവായിരിക്കുക; ” എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും.
യെശയ്യാ 16 : 5 (IRVML)
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
യെശയ്യാ 16 : 6 (IRVML)
ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.
യെശയ്യാ 16 : 7 (IRVML)
അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.
യെശയ്യാ 16 : 8 (IRVML)
ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേല്ത്തരമായ വള്ളി ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമി വരെ പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു.
യെശയ്യാ 16 : 9 (IRVML)
അതുകൊണ്ട് ഞാൻ യസേരിനോടുകൂടി ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്റെ വേനൽഫലങ്ങൾക്കും നിന്റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു.
യെശയ്യാ 16 : 10 (IRVML)
സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.
യെശയ്യാ 16 : 11 (IRVML)
അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
യെശയ്യാ 16 : 12 (IRVML)
പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല.
യെശയ്യാ 16 : 13 (IRVML)
ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.
യെശയ്യാ 16 : 14 (IRVML)
ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്റെ വർഷംപോലെയുള്ള മൂന്ന് വർഷത്തിനകം മോവാബിന്റെ മഹത്ത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14