യെശയ്യാ 21 : 1 (IRVML)
സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു!
യെശയ്യാ 21 : 2 (IRVML)
അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്ളുക; അതിന്റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും.
യെശയ്യാ 21 : 3 (IRVML)
അതുകൊണ്ട് എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
യെശയ്യാ 21 : 4 (IRVML)
എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവിടുന്ന് എനിക്കു വിറയലാക്കിത്തീർത്തു.
യെശയ്യാ 21 : 5 (IRVML)
മേശ ഒരുക്കുവിൻ; പരവതാനി വിരിക്കുവിൻ; ഭക്ഷിച്ചു പാനം ചെയ്യുവിൻ; പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; പരിചയ്ക്ക് എണ്ണ പൂശുവിൻ.
യെശയ്യാ 21 : 6 (IRVML)
കർത്താവ് എന്നോട്: “നീ ചെന്ന് ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; അവൻ കാണുന്നത് അറിയിക്കട്ടെ.
യെശയ്യാ 21 : 7 (IRVML)
ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ” എന്നു കല്പിച്ചു.
യെശയ്യാ 21 : 8 (IRVML)
അവൻ ഒരു സിംഹംപോലെ അലറി: “കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
യെശയ്യാ 21 : 9 (IRVML)
ഇതാ, ഒരു കൂട്ടം കുതിരപടയാളികൾ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു” എന്നു പറഞ്ഞു. “വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങൾ സകലവും നിലത്തു വീണു തകർന്നുകിടക്കുന്നു” എന്നും അവൻ പറഞ്ഞു.
യെശയ്യാ 21 : 10 (IRVML)
എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോട് അറിയിച്ചിരിക്കുന്നു.
യെശയ്യാ 21 : 11 (IRVML)
ദൂമയെക്കുറിച്ചുള്ള പ്രവാചകം: “കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി?” എന്ന് ഒരുവൻ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു.
യെശയ്യാ 21 : 12 (IRVML)
അതിനു കാവല്ക്കാരൻ: “പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിച്ചു കൊള്ളുവിൻ; പോയി വരുവിൻ” എന്നു പറഞ്ഞു.
യെശയ്യാ 21 : 13 (IRVML)
അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ.
യെശയ്യാ 21 : 14 (IRVML)
തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്ക്കുവിൻ.
യെശയ്യാ 21 : 15 (IRVML)
അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കെടുതിയെയും ഒഴിഞ്ഞ് ഓടുന്നവർതന്നെ.
യെശയ്യാ 21 : 16 (IRVML)
കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;
യെശയ്യാ 21 : 17 (IRVML)
കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; ” യിസ്രായേലിന്റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17