യെശയ്യാ 22 : 1 (IRVML)
ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്തു ഭവിച്ചു?
യെശയ്യാ 22 : 2 (IRVML)
അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല, യുദ്ധത്തിൽ മരിച്ചുപോയവരും അല്ല.
യെശയ്യാ 22 : 3 (IRVML)
നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടും ഒരുമിച്ച് ബദ്ധരായിരിക്കുന്നു.
യെശയ്യാ 22 : 4 (IRVML)
അതുകൊണ്ടു ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.”
യെശയ്യാ 22 : 5 (IRVML)
സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നെ.
യെശയ്യാ 22 : 6 (IRVML)
ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടി ആവനാഴിക[* ആവനാഴിക അമ്പുകള്‍ ഇടുന്ന ഉറ. ] എടുക്കുകയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.
യെശയ്യാ 22 : 7 (IRVML)
അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.
യെശയ്യാ 22 : 8 (IRVML)
അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,
യെശയ്യാ 22 : 9 (IRVML)
ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,
യെശയ്യാ 22 : 10 (IRVML)
യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു.
യെശയ്യാ 22 : 11 (IRVML)
പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.
യെശയ്യാ 22 : 12 (IRVML)
അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും
യെശയ്യാ 22 : 13 (IRVML)
ചാക്കുടുക്കുന്നതിനും വിളിച്ചപ്പോൾ എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.
യെശയ്യാ 22 : 14 (IRVML)
സൈന്യങ്ങളുടെ യഹോവ എന്റെ കാതിൽ വെളിപ്പെടുത്തിത്തന്നത്: “നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
യെശയ്യാ 22 : 15 (IRVML)
സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും[† ഭണ്ഡാരപതിയും ഖജാന്‍ജി. ] രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;
യെശയ്യാ 22 : 16 (IRVML)
നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്കു വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
യെശയ്യാ 22 : 17 (IRVML)
ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
യെശയ്യാ 22 : 18 (IRVML)
അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.
യെശയ്യാ 22 : 19 (IRVML)
ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും.
യെശയ്യാ 22 : 20 (IRVML)
ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
യെശയ്യാ 22 : 21 (IRVML)
അവനെ ഞാൻ നിന്റെ മേലങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവന്റെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കൈയിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.
യെശയ്യാ 22 : 22 (IRVML)
ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല.
യെശയ്യാ 22 : 23 (IRVML)
ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.
യെശയ്യാ 22 : 24 (IRVML)
അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.”
യെശയ്യാ 22 : 25 (IRVML)
“ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും; ” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25