യെശയ്യാ 29 : 1 (IRVML)
അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോട് ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ.
യെശയ്യാ 29 : 2 (IRVML)
എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും.
യെശയ്യാ 29 : 3 (IRVML)
ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി മൺകൂനകൊണ്ട് നിന്നെ ഉപരോധിക്കുകയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.
യെശയ്യാ 29 : 4 (IRVML)
അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.
യെശയ്യാ 29 : 5 (IRVML)
നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും ഭയങ്കരന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
യെശയ്യാ 29 : 6 (IRVML)
ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടി ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും.
യെശയ്യാ 29 : 7 (IRVML)
അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം അതിനും അതിന്റെ കോട്ടയ്ക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും.
യെശയ്യാ 29 : 8 (IRVML)
വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം ആയിരിക്കും.
യെശയ്യാ 29 : 9 (IRVML)
വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
യെശയ്യാ 29 : 10 (IRVML)
യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.
യെശയ്യാ 29 : 11 (IRVML)
അങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്റെ കൈയിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്കു വയ്യാ; അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും.
യെശയ്യാ 29 : 12 (IRVML)
അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കൈയിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് അക്ഷര വിദ്യയില്ല” എന്നു പറയും.
യെശയ്യാ 29 : 13 (IRVML)
“ഈ ജനം അടുത്തുവന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ.
യെശയ്യാ 29 : 14 (IRVML)
ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും” എന്നു കർത്താവ് അരുളിച്ചെയ്തു.
യെശയ്യാ 29 : 15 (IRVML)
സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: “ഞങ്ങളെ ആര് കാണുന്നു? ഞങ്ങളെ ആര് അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
യെശയ്യാ 29 : 16 (IRVML)
നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ?
യെശയ്യാ 29 : 17 (IRVML)
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി* ഉദ്യാനമായി ഫലസമൃദ്ധമായ ഒരു വയൽ എന്നുമാകാം. തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ?
യെശയ്യാ 29 : 18 (IRVML)
ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും
യെശയ്യാ 29 : 19 (IRVML)
സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും.
യെശയ്യാ 29 : 20 (IRVML)
ഭയങ്കരൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.
യെശയ്യാ 29 : 21 (IRVML)
മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
യെശയ്യാ 29 : 22 (IRVML)
ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ് ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിച്ചുപോവുകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോവുകയുമില്ല.
യെശയ്യാ 29 : 23 (IRVML)
എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, അവരുടെ മദ്ധ്യത്തിൽ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
യെശയ്യാ 29 : 24 (IRVML)
മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കുകയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കുകയും ചെയ്യും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24