യെശയ്യാ 3 : 1 (IRVML)
സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
യെശയ്യാ 3 : 2 (IRVML)
വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
യെശയ്യാ 3 : 3 (IRVML)
അമ്പതുപേർക്ക് അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
യെശയ്യാ 3 : 4 (IRVML)
“ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും.”
യെശയ്യാ 3 : 5 (IRVML)
ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
യെശയ്യാ 3 : 6 (IRVML)
ഒരുവൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്കു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.
യെശയ്യാ 3 : 7 (IRVML)
അവൻ അന്ന് കൈ ഉയർത്തിക്കൊണ്ട്: “വൈദ്യനായിരിക്കുവാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത് ” എന്നു പറയും.
യെശയ്യാ 3 : 8 (IRVML)
യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാൻ തക്കവിധം അവരുടെ നാവുകളും പ്രവൃത്തികളും അവന് വിരോധമായിരിക്കുകയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
യെശയ്യാ 3 : 9 (IRVML)
അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്കു തന്നെ ദോഷം വരുത്തുന്നു.
യെശയ്യാ 3 : 10 (IRVML)
നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
യെശയ്യാ 3 : 11 (IRVML)
ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
യെശയ്യാ 3 : 12 (IRVML)
എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.
യെശയ്യാ 3 : 13 (IRVML)
യഹോവ വാദിക്കുവാൻ എഴുന്നേറ്റു വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.
യെശയ്യാ 3 : 14 (IRVML)
യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലുംഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;
യെശയ്യാ 3 : 15 (IRVML)
എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്തു കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യെശയ്യാ 3 : 16 (IRVML)
യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
യെശയ്യാ 3 : 17 (IRVML)
ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകയ്ക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
യെശയ്യാ 3 : 18 (IRVML)
അന്നു കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
യെശയ്യാ 3 : 19 (IRVML)
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
യെശയ്യാ 3 : 20 (IRVML)
തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
യെശയ്യാ 3 : 21 (IRVML)
ഏലസ്സ്, മോതിരം, മൂക്കുത്തി,
യെശയ്യാ 3 : 22 (IRVML)
ഉത്സവ വസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
യെശയ്യാ 3 : 23 (IRVML)
കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.
യെശയ്യാ 3 : 24 (IRVML)
അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പിന്നിയ തലമുടിക്കു പകരം കഷണ്ടിയും വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.
യെശയ്യാ 3 : 25 (IRVML)
നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
യെശയ്യാ 3 : 26 (IRVML)
സീയോൻ പുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അവൾ ശൂന്യമായി നിലത്തു ഇരിക്കും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26