യെശയ്യാ 33 : 1 (IRVML)
സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, നിനക്ക് അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
യെശയ്യാ 33 : 2 (IRVML)
യഹോവേ, ഞങ്ങളോടു കൃപയുണ്ടാകണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കണമേ.
യെശയ്യാ 33 : 3 (IRVML)
കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി.
യെശയ്യാ 33 : 4 (IRVML)
തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
യെശയ്യാ 33 : 5 (IRVML)
യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.
യെശയ്യാ 33 : 6 (IRVML)
നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ* അവരുടെ ഹീബ്രൂവിൽ അവൻ എന്നാണ്. നിക്ഷേപം ആയിരിക്കും.
യെശയ്യാ 33 : 7 (IRVML)
ഇതാ അവരുടെ ശൗര്യവാന്മാർ† ശൗര്യവാന്മാർ വീരൻമാർ. പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.
യെശയ്യാ 33 : 8 (IRVML)
പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല.
യെശയ്യാ 33 : 9 (IRVML)
ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
യെശയ്യാ 33 : 10 (IRVML)
“ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 33 : 11 (IRVML)
“നിങ്ങൾ കച്ചിയെ ഗർഭം ധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
യെശയ്യാ 33 : 12 (IRVML)
വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.”
യെശയ്യാ 33 : 13 (IRVML)
ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ.
യെശയ്യാ 33 : 14 (IRVML)
സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; “നമ്മിൽ ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? നമ്മിൽ ആര് നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”
യെശയ്യാ 33 : 15 (IRVML)
നീതിയായി നടന്നു നേര് പറയുകയും പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;
യെശയ്യാ 33 : 16 (IRVML)
ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.
യെശയ്യാ 33 : 17 (IRVML)
നിന്റെ കണ്ണ് രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായ ഒരു ദേശം കാണും.
യെശയ്യാ 33 : 18 (IRVML)
“പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
യെശയ്യാ 33 : 19 (IRVML)
നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല.
യെശയ്യാ 33 : 20 (IRVML)
നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറ് ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
യെശയ്യാ 33 : 21 (IRVML)
അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തുഴവച്ച പടക് അതിൽ പോവുകയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല.
യെശയ്യാ 33 : 22 (IRVML)
യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവൻ നമ്മെ രക്ഷിക്കും.
യെശയ്യാ 33 : 23 (IRVML)
നിന്റെ കയറ് അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്ന് വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.
യെശയ്യാ 33 : 24 (IRVML)
“ഞാൻ രോഗിയാണ് ” എന്നു യാതൊരു നിവാസിയും പറയുകയില്ല; അതിൽ വസിക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24