യെശയ്യാ 36 : 1 (IRVML)
ഹിസ്കീയാരാജാവിന്റെ പതിനാലാം വർഷം, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.
യെശയ്യാ 36 : 2 (IRVML)
അന്ന് അശ്ശൂർരാജാവ് രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു; അവൻ അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതയ്ക്കരികിലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികിൽ നിന്നു.
യെശയ്യാ 36 : 3 (IRVML)
അപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു.
യെശയ്യാ 36 : 4 (IRVML)
രബ്-ശാക്കേ അവരോട് പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: ‘അശ്ശൂർരാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്?
യെശയ്യാ 36 : 5 (IRVML)
യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്?
യെശയ്യാ 36 : 6 (IRVML)
ചതഞ്ഞ ഓടക്കോലായ ഈജിപ്റ്റിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളംകൈയിൽ തറച്ചുകയറും; ഈജിപ്റ്റുരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.
യെശയ്യാ 36 : 7 (IRVML)
അല്ല നീ എന്നോട്: “ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു” എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലയോ യെഹൂദയോടും യെരൂശലേമ്യരോടും: “നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിക്കുവിൻ” എന്നു കല്പിച്ചത്?
യെശയ്യാ 36 : 8 (IRVML)
ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി പന്തയംവയ്ക്കുക: തക്ക കുതിരപടയാളികളെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.
യെശയ്യാ 36 : 9 (IRVML)
നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ ഈജിപ്റ്റിൽ ആശ്രയിക്കുന്നുവല്ലോ.
യെശയ്യാ 36 : 10 (IRVML)
ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിക്കുവാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: “ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്കുക” എന്നു കല്പിച്ചിരിക്കുന്നു.’ ”
യെശയ്യാ 36 : 11 (IRVML)
അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കണമേ; അതു ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ” എന്നു പറഞ്ഞു.
യെശയ്യാ 36 : 12 (IRVML)
അതിനു രബ്-ശാക്കേ: “നിന്റെ യജമാനനോടും നിന്നോടും ഈ വാക്ക് പറയുവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്യുവാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ” എന്നു പറഞ്ഞു.
യെശയ്യാ 36 : 13 (IRVML)
അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത്: “മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്ക് കേൾക്കുവിൻ.
യെശയ്യാ 36 : 14 (IRVML)
രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിക്കുവാൻ കഴിയുകയില്ല.
യെശയ്യാ 36 : 15 (IRVML)
“യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല” എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.’
യെശയ്യാ 36 : 16 (IRVML)
ഹിസ്കീയാവിനു നിങ്ങൾ ചെവി കൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോടു സന്ധിചെയ്ത്* സന്ധിചെയ്ത് സമാധാന ഉടമ്പടി ചെയ്ത്. എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ അവനവന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും അവനവന്റെ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തുകൊള്ളുവിൻ.
യെശയ്യാ 36 : 17 (IRVML)
പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശം പോലെയുള്ള ഒരു ദേശത്തേക്കു ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു തന്നെ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.’
യെശയ്യാ 36 : 18 (IRVML)
‘യഹോവ നമ്മെ വിടുവിക്കും’എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജനതകളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർ രാജാവിന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
യെശയ്യാ 36 : 19 (IRVML)
ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
യെശയ്യാ 36 : 20 (IRVML)
ഈ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ആരാണ് അവരുടെ ദേശങ്ങളെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിക്കും.”
യെശയ്യാ 36 : 21 (IRVML)
എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; “അവനോട് ഉത്തരം പറയരുത് ” എന്നു രാജകല്പന ഉണ്ടായിരുന്നു.
യെശയ്യാ 36 : 22 (IRVML)
ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22