യെശയ്യാ 37 : 1 (IRVML)
ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി ചാക്കുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.
യെശയ്യാ 37 : 2 (IRVML)
പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും ചാക്കുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
യെശയ്യാ 37 : 3 (IRVML)
അവർ അവനോടു പറഞ്ഞത്: “ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ‘ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിക്കുവാനോ ശക്തിയില്ല.
യെശയ്യാ 37 : 4 (IRVML)
ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്ക് നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരം ചെയ്യും; അതിനാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കണമേ.’ ”
യെശയ്യാ 37 : 5 (IRVML)
ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്:
യെശയ്യാ 37 : 6 (IRVML)
“നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടണ്ടാ.
യെശയ്യാ 37 : 7 (IRVML)
ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി* ശ്രുതി കിംവദന്തി എന്നുമാകാം. കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.’ ”
യെശയ്യാ 37 : 8 (IRVML)
രബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാക്കീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.
യെശയ്യാ 37 : 9 (IRVML)
എന്നാൽ കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധംചെയ്യുവാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അശ്ശൂർരാജാവായ സൻഹേരീബ് ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചത്:
യെശയ്യാ 37 : 10 (IRVML)
“നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: ‘ “യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചുകളയുകയില്ല” എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.
യെശയ്യാ 37 : 11 (IRVML)
അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?
യെശയ്യാ 37 : 12 (IRVML)
ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?
യെശയ്യാ 37 : 13 (IRVML)
ഹമാത്ത് രാജാവും അർപ്പാദ്‌രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?’ ”
യെശയ്യാ 37 : 14 (IRVML)
ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി.
യെശയ്യാ 37 : 15 (IRVML)
ഹിസ്കീയാവ് യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞത്:
യെശയ്യാ 37 : 16 (IRVML)
“യിസ്രായേലിന്റെ ദൈവമായ കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഒരുവൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
യെശയ്യാ 37 : 17 (IRVML)
യഹോവേ, ചെവി ചായിച്ചു കേൾക്കണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കണമേ; ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കുകൾ കേൾക്കണമേ.
യെശയ്യാ 37 : 18 (IRVML)
യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,
യെശയ്യാ 37 : 19 (IRVML)
അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; അതിനാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
യെശയ്യാ 37 : 20 (IRVML)
ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കണമേ.”
യെശയ്യാ 37 : 21 (IRVML)
ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാർത്ഥിച്ചതുകൊണ്ട്,
യെശയ്യാ 37 : 22 (IRVML)
അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: “സീയോൻ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
യെശയ്യാ 37 : 23 (IRVML)
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ശബ്ദം ഉയർത്തുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലയോ?
യെശയ്യാ 37 : 24 (IRVML)
നിന്റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; ‘എന്റെ അസംഖ്യരഥങ്ങളോടു കൂടി ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ അതിനിബിഡമായ കാടുവരെയും ഞാൻ കടന്നുചെല്ലും;
യെശയ്യാ 37 : 25 (IRVML)
ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു.
യെശയ്യാ 37 : 26 (IRVML)
ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവ്വകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
യെശയ്യാ 37 : 27 (IRVML)
അതുകൊണ്ട് അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പ് കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു.
യെശയ്യാ 37 : 28 (IRVML)
എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
യെശയ്യാ 37 : 29 (IRVML)
എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുകകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കുതന്നെ നിന്നെ മടക്കികൊണ്ടുപോകും.”
യെശയ്യാ 37 : 30 (IRVML)
എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങൾ ഈ വർഷം പടുവിത്തു വിളയുന്നതും രണ്ടാം വർഷം താനെ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം വർഷം നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
യെശയ്യാ 37 : 31 (IRVML)
യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.
യെശയ്യാ 37 : 32 (IRVML)
ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻ പർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; ’ സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.”
യെശയ്യാ 37 : 33 (IRVML)
അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്കു വരുകയില്ല; ഒരു അമ്പ് അവിടെ എയ്യുകയുമില്ല; അതിന്റെ നേരെ പരിചയോടുകൂടി വരുകയില്ല; അതിനെതിരെ ഉപരോധ മൺകൂന ഉണ്ടാക്കുകയുമില്ല.
യെശയ്യാ 37 : 34 (IRVML)
അവൻ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരുകയുമില്ല; ”
യെശയ്യാ 37 : 35 (IRVML)
“എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
യെശയ്യാ 37 : 36 (IRVML)
എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
യെശയ്യാ 37 : 37 (IRVML)
അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ താമസിച്ചു.
യെശയ്യാ 37 : 38 (IRVML)
എന്നാൽ അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു; അവന്റെ മകനായ ഏസർഹദ്ദോൻ അവനു പകരം രാജാവായി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38