യെശയ്യാ 41 : 1 (IRVML)
“ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; ജനതകൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക.
യെശയ്യാ 41 : 2 (IRVML)
ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണർത്തിയതാര്? അവിടുന്ന് ജനതകളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു.
യെശയ്യാ 41 : 3 (IRVML)
അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാല് വച്ചല്ല അവൻ പോകുന്നത്.
യെശയ്യാ 41 : 4 (IRVML)
ആര് അതു പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.”
യെശയ്യാ 41 : 5 (IRVML)
ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;
യെശയ്യാ 41 : 6 (IRVML)
അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു.
യെശയ്യാ 41 : 7 (IRVML)
അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു.
യെശയ്യാ 41 : 8 (IRVML)
“നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, ‘നീ എന്റെ ദാസൻ,
യെശയ്യാ 41 : 9 (IRVML)
ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, നീ ഭയപ്പെടേണ്ടാ;
യെശയ്യാ 41 : 10 (IRVML)
ഞാൻ നിന്നോടുകൂടി ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
യെശയ്യാ 41 : 11 (IRVML)
നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ[* വിവാദിക്കുന്നവർ തര്‍ക്കം, വാദപ്രതിവാദം. ] നശിച്ചു ഇല്ലാതെയാകും.
യെശയ്യാ 41 : 12 (IRVML)
നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
യെശയ്യാ 41 : 13 (IRVML)
നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.”
യെശയ്യാ 41 : 14 (IRVML)
“പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നെ.
യെശയ്യാ 41 : 15 (IRVML)
“ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർ പോലെ ആക്കുകയും ചെയ്യും.
യെശയ്യാ 41 : 16 (IRVML)
നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.
യെശയ്യാ 41 : 17 (IRVML)
എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.
യെശയ്യാ 41 : 18 (IRVML)
ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
യെശയ്യാ 41 : 19 (IRVML)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും.
യെശയ്യാ 41 : 20 (IRVML)
യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.”
യെശയ്യാ 41 : 21 (IRVML)
“നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.
യെശയ്യാ 41 : 22 (IRVML)
സംഭവിക്കുവാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ച് അതിന്റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിക്കുവാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ.
യെശയ്യാ 41 : 23 (IRVML)
നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിനു മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ.
യെശയ്യാ 41 : 24 (IRVML)
നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛനാകുന്നു.
യെശയ്യാ 41 : 25 (IRVML)
“ഞാൻ ഒരുത്തനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
യെശയ്യാ 41 : 26 (IRVML)
ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് പണ്ടേയും ആര് പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല.
യെശയ്യാ 41 : 27 (IRVML)
ഞാൻ ആദ്യനായി സീയോനോട്: ‘ഇതാ, ഇതാ, അവർ വരുന്നു’ എന്നു പറയുന്നു; യെരൂശലേമിനു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു.
യെശയ്യാ 41 : 28 (IRVML)
ഞാൻ നോക്കിയപ്പോൾ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചപ്പോൾ; ഉത്തരം പറയുവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.
യെശയ്യാ 41 : 29 (IRVML)
അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നെ.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29