യെശയ്യാ 49 : 1 (IRVML)
ദ്വീപുകളേ, എന്റെ വാക്കു കേൾക്കുവിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
യെശയ്യാ 49 : 2 (IRVML)
അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണിയിൽ* പൂണി ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ. മറച്ചുവച്ചു, എന്നോട്:
യെശയ്യാ 49 : 3 (IRVML)
“യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
യെശയ്യാ 49 : 4 (IRVML)
ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
യെശയ്യാ 49 : 5 (IRVML)
ഇപ്പോൾ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും (ഞാൻ യഹോവയ്ക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു) എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു:
യെശയ്യാ 49 : 6 (IRVML)
“നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു” എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു.
യെശയ്യാ 49 : 7 (IRVML)
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജനതയ്ക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ട് എഴുന്നേല്ക്കുകയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.”
യെശയ്യാ 49 : 8 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങിപെയ്ക്കൊള്ളുവിൻ’ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും ഞാൻ നിന്നെ കാത്തു,
യെശയ്യാ 49 : 9 (IRVML)
നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും.
യെശയ്യാ 49 : 10 (IRVML)
അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും.
യെശയ്യാ 49 : 11 (IRVML)
ഞാൻ എന്റെ മലകളെയെല്ലാം വഴിയാക്കും; എന്റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും.
യെശയ്യാ 49 : 12 (IRVML)
ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.”
യെശയ്യാ 49 : 13 (IRVML)
ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; പർവ്വതങ്ങളേ, ആർത്തു പാടുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു.
യെശയ്യാ 49 : 14 (IRVML)
സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു.
യെശയ്യാ 49 : 15 (IRVML)
“ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.
യെശയ്യാ 49 : 16 (IRVML)
ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
യെശയ്യാ 49 : 17 (IRVML)
നിന്റെ മക്കൾ തിടുക്കത്തോടെ വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
യെശയ്യാ 49 : 18 (IRVML)
തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 49 : 19 (IRVML)
“നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും.
യെശയ്യാ 49 : 20 (IRVML)
നിന്റെ പുത്രഹീനതയിലെ മക്കൾ: ‘സ്ഥലം പോരാതിരിക്കുന്നു; പാർക്കുവാൻ സ്ഥലം തരുക’ എന്നു നിന്നോടു പറയും.
യെശയ്യാ 49 : 21 (IRVML)
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ ആര് ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.”
യെശയ്യാ 49 : 22 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ജനതകൾക്ക് എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കുകയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ടു വരും.
യെശയ്യാ 49 : 23 (IRVML)
രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ വളർത്തമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ല എന്നും നീ അറിയും.”
യെശയ്യാ 49 : 24 (IRVML)
ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, സ്വേച്ഛാധിപതിയിൽനിന്ന് സ്വേച്ഛാധിപതി നിഷ്കണ്ടകൻ എന്നും കാണാം. ബദ്ധന്മാരെ വിടുവിക്കാമോ?
യെശയ്യാ 49 : 25 (IRVML)
എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.
യെശയ്യാ 49 : 26 (IRVML)
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലമനുഷ്യരും അറിയും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26