യെശയ്യാ 51 : 1 (IRVML)
“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ.
യെശയ്യാ 51 : 2 (IRVML)
നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.”
യെശയ്യാ 51 : 3 (IRVML)
യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവിടുന്ന് അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.
യെശയ്യാ 51 : 4 (IRVML)
“എന്റെ ജനമേ, എന്റെ വാക്കു കേൾക്കുവിൻ; എന്റെ ജനതയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും.
യെശയ്യാ 51 : 5 (IRVML)
എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
യെശയ്യാ 51 : 6 (IRVML)
നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരുകയുമില്ല.
യെശയ്യാ 51 : 7 (IRVML)
നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ[* ദൂഷണം ദുഷിച്ചുപറയല്, ദോഷം ആരോപിക്കല്, അപവാദം. ] പേടിക്കുകയും അരുത്.
യെശയ്യാ 51 : 8 (IRVML)
പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.”
യെശയ്യാ 51 : 9 (IRVML)
യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ?
യെശയ്യാ 51 : 10 (IRVML)
സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
യെശയ്യാ 51 : 11 (IRVML)
യഹോവയുടെ വിമുക്തന്മാർ† വിമുക്തന്മാർ വീണ്ടെടുക്കപ്പെട്ടവർ എന്നും ആകാം. ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.
യെശയ്യാ 51 : 12 (IRVML)
“ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്?
യെശയ്യാ 51 : 13 (IRVML)
ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്?
യെശയ്യാ 51 : 14 (IRVML)
പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ തടവറയിൽ‡ തടവറ (കുണ്ടറയിൽ) കുഴി എന്നും പാതാളം എന്നും ഭാഷാന്തരങ്ങളിൽ കാണുന്നു. മരിക്കുകയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരുകയുമില്ല.
യെശയ്യാ 51 : 15 (IRVML)
തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.
യെശയ്യാ 51 : 16 (IRVML)
ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: ‘നീ എന്റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിനു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.”
യെശയ്യാ 51 : 17 (IRVML)
യഹോവയുടെ കൈയിൽനിന്ന് അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്കുക; പരിഭ്രമമാകുന്ന പാനപാത്രത്തിന്റെ മട്ട് നീ കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.
യെശയ്യാ 51 : 18 (IRVML)
അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലും അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.
യെശയ്യാ 51 : 19 (IRVML)
ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആര് സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?
യെശയ്യാ 51 : 20 (IRVML)
നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
യെശയ്യാ 51 : 21 (IRVML)
അതുകൊണ്ട് പീഡ അനുഭവിക്കുന്നവളും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയവളേ, ഇതു കേട്ടുകൊള്ളുക.
യെശയ്യാ 51 : 22 (IRVML)
നിന്റെ കർത്താവായ യഹോവയും അവിടുത്തെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധമാകുന്ന പാനപാത്രത്തിന്റെ മട്ട് തന്നെ, നിന്റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കുകയില്ല;
യെശയ്യാ 51 : 23 (IRVML)
‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോടു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവയ്ക്കേണ്ടി വന്നുവല്ലോ. എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കൈയിൽ ഞാൻ ഈ പാനപാത്രം കൊടുക്കും.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23