യെശയ്യാ 64 : 1 (IRVML)
അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം നിന്റെ നാമത്തെ നിന്റെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
യെശയ്യാ 64 : 2 (IRVML)
തീ കൊണ്ടു വെള്ളം തിളയ്ക്കുന്നതുപോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവിധം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളാമായിരുന്നു!
യെശയ്യാ 64 : 3 (IRVML)
ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരുകയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകുകയും ചെയ്തുവല്ലോ.
യെശയ്യാ 64 : 4 (IRVML)
നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.
യെശയ്യാ 64 : 5 (IRVML)
സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് നീ കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?
യെശയ്യാ 64 : 6 (IRVML)
ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ സകലവും കറപുരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.
യെശയ്യാ 64 : 7 (IRVML)
നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാത്തവിധം നീ മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.
യെശയ്യാ 64 : 8 (IRVML)
എന്നാൽ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയാകുന്നു;
യെശയ്യാ 64 : 9 (IRVML)
യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലയോ.
യെശയ്യാ 64 : 10 (IRVML)
നിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു.
യെശയ്യാ 64 : 11 (IRVML)
ഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീയ്ക്ക് ഇരയായിത്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്ന സകലവും ശൂന്യമായി കിടക്കുന്നു.
യെശയ്യാ 64 : 12 (IRVML)
യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?
❮
❯
1
2
3
4
5
6
7
8
9
10
11
12