യെശയ്യാ 65 : 1 (IRVML)
“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു.
യെശയ്യാ 65 : 2 (IRVML)
സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.
യെശയ്യാ 65 : 3 (IRVML)
അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്ന ഒരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കുകയും ഇഷ്ടികമേൽ ധൂപം കാണിക്കുകയും
യെശയ്യാ 65 : 4 (IRVML)
കല്ലറകളിൽ കുത്തിയിരിക്കുകയും ഗുഹകളിൽ രാത്രി പാർക്കുകയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്;
യെശയ്യാ 65 : 5 (IRVML)
ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.
യെശയ്യാ 65 : 6 (IRVML)
അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരം വീട്ടും.
യെശയ്യാ 65 : 7 (IRVML)
നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കുകയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ അവരുടെ മുൻകാലപ്രവൃത്തികളെ അവരുടെ മാർവ്വിടത്തിലേക്ക് അളന്നുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 65 : 8 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ട്; ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട്’ എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കുകയില്ല.
യെശയ്യാ 65 : 9 (IRVML)
ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദയിൽനിന്ന് എന്റെ പർവ്വതങ്ങൾക്ക് ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും.
യെശയ്യാ 65 : 10 (IRVML)
എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചിൽപുറവും ആഖോർതാഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.
യെശയ്യാ 65 : 11 (IRVML)
എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കുകയും ഗദ് ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ,
യെശയ്യാ 65 : 12 (IRVML)
ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.”
യെശയ്യാ 65 : 13 (IRVML)
അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.
യെശയ്യാ 65 : 14 (IRVML)
എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ അലമുറയിടും.
യെശയ്യാ 65 : 15 (IRVML)
നിങ്ങളുടെ പേര് നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും.
യെശയ്യാ 65 : 16 (IRVML)
മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും അവ എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
യെശയ്യാ 65 : 17 (IRVML)
“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തേവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല.
യെശയ്യാ 65 : 18 (IRVML)
ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.
യെശയ്യാ 65 : 19 (IRVML)
ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല;
യെശയ്യാ 65 : 20 (IRVML)
കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
യെശയ്യാ 65 : 21 (IRVML)
അവർ വീടുകളെ പണിതു വസിക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
യെശയ്യാ 65 : 22 (IRVML)
അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും.
യെശയ്യാ 65 : 23 (IRVML)
അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; അവരുടെ സന്താനം അവരോടുകൂടി ഇരിക്കും.
യെശയ്യാ 65 : 24 (IRVML)
അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും.
യെശയ്യാ 65 : 25 (IRVML)
ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വയ്ക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25