യിരേമ്യാവു 13 : 1 (IRVML)
യഹോവ എന്നോട്: “നീ ചെന്ന്, ചണനൂൽ കൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്റെ അരയ്ക്കു കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു.
യിരേമ്യാവു 13 : 2 (IRVML)
അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി.
യിരേമ്യാവു 13 : 3 (IRVML)
യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായത് :
യിരേമ്യാവു 13 : 4 (IRVML)
“നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ട് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വയ്ക്കുക”.
യിരേമ്യാവു 13 : 5 (IRVML)
അങ്ങനെ ഞാൻ ചെന്ന് യഹോവ എന്നോടു കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു.
യിരേമ്യാവു 13 : 6 (IRVML)
വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു.
യിരേമ്യാവു 13 : 7 (IRVML)
അങ്ങനെ ഞാൻ ഫ്രാത്തിനരികിൽ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തു നിന്ന് കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുവന്ന് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു.
യിരേമ്യാവു 13 : 8 (IRVML)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
യിരേമ്യാവു 13 : 9 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും നശിപ്പിച്ചുകളയും.
യിരേമ്യാവു 13 : 10 (IRVML)
എന്റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്റെ ആലോചന പോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.
യിരേമ്യാവു 13 : 11 (IRVML)
കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 13 : 12 (IRVML)
അതുകൊണ്ട് നീ അവരോടു പറയേണ്ടത്: “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും” എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്ന് ഞങ്ങൾക്കറിഞ്ഞുകൂടയോ” എന്ന് അവർ നിന്നോടു ചോദിക്കും.
യിരേമ്യാവു 13 : 13 (IRVML)
അതിനു നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും.
യിരേമ്യാവു 13 : 14 (IRVML)
ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും ഏറ്റുമുട്ടി നശിക്കുമാറാക്കും” എന്ന് യഹോവയുടെ അരുളപ്പാട്; “അവരെ നശിപ്പിക്കുകയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കുകയില്ല.
യിരേമ്യാവു 13 : 15 (IRVML)
നിങ്ങൾ കേൾക്കുവിൻ, ചെവിതരുവിൻ; ഗർവ്വിക്കരുത്; യഹോവയല്ലയോ അരുളിച്ചെയ്യുന്നത്.
യിരേമ്യാവു 13 : 16 (IRVML)
ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും.
യിരേമ്യാവു 13 : 17 (IRVML)
നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
യിരേമ്യാവു 13 : 18 (IRVML)
നീ രാജാവിനോടും രാജമാതാവിനോടും: “താഴെ ഇറങ്ങി ഇരിക്കുവിൻ; നിങ്ങളുടെ മഹത്വകിരീടം നിലത്തു വീണിരിക്കുന്നു” എന്നു പറയുക.
യിരേമ്യാവു 13 : 19 (IRVML)
തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെടും; ആരും അവയെ തുറക്കുകയില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോകും; അവരെ മുഴുവൻ പിടിച്ചു കൊണ്ടുപോകും.
യിരേമ്യാവു 13 : 20 (IRVML)
നീ കണ്ണുയർത്തി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ?
യിരേമ്യാവു 13 : 21 (IRVML)
നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കുകയില്ലയോ?
യിരേമ്യാവു 13 : 22 (IRVML)
‘ഇങ്ങനെ എനിക്കു ഭവിക്കുവാൻ സംഗതി എന്ത്’ എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യങ്ങളുടെ പെരുപ്പം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു.
യിരേമ്യാവു 13 : 23 (IRVML)
കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കു നന്മ ചെയ്യുവാൻ കഴിയും.
യിരേമ്യാവു 13 : 24 (IRVML)
അതിനാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന പതിരെന്നപോലെ ചിതറിച്ചുകളയും.
യിരേമ്യാവു 13 : 25 (IRVML)
നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് ഇതു നിന്റെ ഓഹരിയും ഞാൻ നിനക്ക് അളന്നുതന്ന അംശവും ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 13 : 26 (IRVML)
“അതുകൊണ്ട് ഞാനും നിന്റെ ലജ്ജ വെളിവാകേണ്ടതിന് നിന്റെ വസ്ത്രത്തിന്റെ വിളുമ്പ് നിന്റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും.
യിരേമ്യാവു 13 : 27 (IRVML)
നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകൾ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിർമ്മലയായിരിക്കുവാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?”
❮
❯