യിരേമ്യാവു 15 : 1 (IRVML)
യഹോവ എന്നോട് അരുളിച്ചെയ്തത്: “മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല; ഇവരെ എന്റെ മുമ്പിൽനിന്ന് ആട്ടിക്കളയുക; അവർ പൊയ്ക്കൊള്ളട്ടെ.
യിരേമ്യാവു 15 : 2 (IRVML)
‘ഞങ്ങൾ എവിടേയ്ക്കു പോകണം’ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
യിരേമ്യാവു 15 : 3 (IRVML)
“ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും; കൊന്നുകളയുവാൻ വാളും കടിച്ചുകീറുവാൻ നായ്ക്കളും തിന്നുമുടിക്കുവാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും തന്നെ” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 15 : 4 (IRVML)
“യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.
യിരേമ്യാവു 15 : 5 (IRVML)
യെരൂശലേമേ, ആർക്കു നിന്നോടു കനിവുതോന്നുന്നു? ആര് നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിക്കുവാൻ ആര് കയറിവരും?
യിരേമ്യാവു 15 : 6 (IRVML)
നീ എന്നെ ഉപേക്ഷിച്ചു പിൻമാറിയിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു; “അതുകൊണ്ട് ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണ കാണിച്ച് മടുത്തിരിക്കുന്നു.
യിരേമ്യാവു 15 : 7 (IRVML)
ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ അവരുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
യിരേമ്യാവു 15 : 8 (IRVML)
അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.
യിരേമ്യാവു 15 : 9 (IRVML)
ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യൻ പകൽ തീരുംമുമ്പ് അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 15 : 10 (IRVML)
എന്റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
യിരേമ്യാവു 15 : 11 (IRVML)
യഹോവ അരുളിച്ചെയ്തത്: “ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
യിരേമ്യാവു 15 : 12 (IRVML)
താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ?
യിരേമ്യാവു 15 : 13 (IRVML)
നിന്റെ ദേശത്തെല്ലായിടവും നിന്റെ സകലപാപങ്ങളുംനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും.
യിരേമ്യാവു 15 : 14 (IRVML)
നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അത് നിങ്ങളുടെമേൽ കത്തും”.
യിരേമ്യാവു 15 : 15 (IRVML)
യഹോവേ, അങ്ങ് അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യണമേ; അങ്ങയുടെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; അങ്ങ് നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ;
യിരേമ്യാവു 15 : 16 (IRVML)
ഞാൻ അങ്ങയുടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; അങ്ങയുടെ വചനങ്ങൾ എനിക്ക് സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
യിരേമ്യാവു 15 : 17 (IRVML)
കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, അങ്ങയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
യിരേമ്യാവു 15 : 18 (IRVML)
എന്റെ വേദന നിരന്തരവും എന്റെ മുറിവു സൗഖ്യം പ്രാപിക്കാത്തവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്ക് ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
യിരേമ്യാവു 15 : 19 (IRVML)
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ് പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല.
യിരേമ്യാവു 15 : 20 (IRVML)
ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കിത്തീർക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കുകയില്ല; നിന്നെ രക്ഷിക്കുവാനും വിടുവിക്കുവാനും ഞാൻ നിന്നോടുകൂടി ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 15 : 21 (IRVML)
“ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കുകയും ഭീകരന്മാരുടെ കയ്യിൽനിന്ന് വീണ്ടുകൊള്ളുകയും ചെയ്യും”.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21