യിരേമ്യാവു 19 : 1 (IRVML)
യഹോവ ഇപ്രകാരം കല്പിച്ചു: “നീ പോയി കുശവനോട് ഒരു മൺകുടം വിലയ്ക്കു വാങ്ങി, ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ട്,
യിരേമ്യാവു 19 : 2 (IRVML)
ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്ന്, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകൾ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:
യിരേമ്യാവു 19 : 3 (IRVML)
“യെഹൂദാരാജാക്കന്മാരും യെരൂശലേം നിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തിന് വരുത്തുന്ന അനർത്ഥത്തെക്കുറിച്ച് കേൾക്കുന്നവന്റെ ചെവി തരിച്ചുപോകും.
യിരേമ്യാവു 19 : 4 (IRVML)
അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപംകാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും
യിരേമ്യാവു 19 : 5 (IRVML)
ബാലിനു ദഹനയാഗങ്ങളായി അവരുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിക്കുവാൻ പൂജാഗിരികൾ പണിയുകയും ചെയ്തിരിക്കുന്നു. അത് ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.
യിരേമ്യാവു 19 : 6 (IRVML)
അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോംതാഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്ന് പേരുപറയുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 19 : 7 (IRVML)
“അങ്ങനെ ഞാൻ ഈ സ്ഥലത്തുവച്ച് യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴ്ത്തുകയും, അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുകയും ചെയ്യും.
യിരേമ്യാവു 19 : 8 (IRVML)
ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിനു നേരിട്ട സകലബാധകളുംനിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും.
യിരേമ്യാവു 19 : 9 (IRVML)
അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ അവനവന്റെ കൂട്ടുകാരന്റെ മാംസം തിന്നും.
യിരേമ്യാവു 19 : 10 (IRVML)
പിന്നെ നിന്നോടുകൂടി വന്ന പുരുഷന്മാരുടെ കൺമുമ്പിൽ നീ ആ മൺകുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:
യിരേമ്യാവു 19 : 11 (IRVML)
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കുവാൻ കഴിയാത്തവണ്ണം കുശവന്റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ, ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കം ചെയ്യുവാൻ വേറെ സ്ഥലമില്ലായ്കയാൽ അവരെ തോഫെത്തിൽ അടക്കംചെയ്യും.
യിരേമ്യാവു 19 : 12 (IRVML)
ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിനു സമമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 19 : 13 (IRVML)
മലിനമായിരിക്കുന്ന യെരൂശലേമിലെ വീടുകളും, യെഹൂദാരാജാക്കന്മാരുടെ അരമനകളും, അവർ മട്ടുപ്പാവുകളിൽവച്ച് ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാണിക്കുകയും, അന്യദേവന്മാർക്ക് പാനീയബലി പകരുകയും ചെയ്ത എല്ലാ ഭവനങ്ങളും തോഫെത്ത് എന്ന സ്ഥലംപോലെയാകും”.
യിരേമ്യാവു 19 : 14 (IRVML)
അനന്തരം യഹോവ തന്നെ പ്രവചിക്കുവാൻ അയച്ചിരുന്ന തോഫെത്തിൽനിന്ന് യിരെമ്യാവ് വന്ന്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട് സകലജനത്തോടും:
യിരേമ്യാവു 19 : 15 (IRVML)
“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങൾ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കുകകൊണ്ട് ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന സകല അനർത്ഥവും അതിനും അതിനടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും” എന്ന് പറഞ്ഞു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15