യിരേമ്യാവു 23 : 1 (IRVML)
“എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 2 (IRVML)
അതുകൊണ്ട്, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ച് നിങ്ങളോടു ചോദിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 3 (IRVML)
എന്റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.
യിരേമ്യാവു 23 : 4 (IRVML)
അവയെ മേയിക്കേണ്ടതിന് ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെട്ടുപോകുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 5 (IRVML)
“ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
യിരേമ്യാവു 23 : 6 (IRVML)
അവന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ സുരക്ഷിതരായി വസിക്കും; അവന് ‘യഹോവ നമ്മുടെ നീതി’ എന്നു പേര് പറയും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 7 (IRVML)
“അതിനാൽ ‘യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന യഹോവയാണ’ എന്ന് ഇനി പറയാതെ,
യിരേമ്യാവു 23 : 8 (IRVML)
‘യിസ്രായേൽഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചുകൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും; അവർ അവരുടെ സ്വന്തദേശത്തു വസിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 9 (IRVML)
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: “എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം ഇളകുന്നു; യഹോവ നിമിത്തവും അവിടുത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനെപ്പോലെയും, വീഞ്ഞു കുടിച്ച് ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
യിരേമ്യാവു 23 : 10 (IRVML)
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചില്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ മാർഗ്ഗം ദോഷമുള്ളതും അവരുടെ ശക്തി ന്യായരഹിതവും ആകുന്നു.
യിരേമ്യാവു 23 : 11 (IRVML)
പ്രവാചകനും പുരോഹിതനും ഒരുപോലെ മലിനരായിത്തീർന്നിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 12 (IRVML)
“അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും; അവർ ഇരുട്ടിലേക്ക് തള്ളപ്പെടുകയും അവിടെ കാൽ തെറ്റി വീഴുകയും ചെയ്യും; ഞാൻ അവർക്ക് അനർത്ഥം, അവരുടെ സന്ദർശനകാലത്ത് തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 13 (IRVML)
“ശമര്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്തം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച്, എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
യിരേമ്യാവു 23 : 14 (IRVML)
യെരൂശലേമിലെ പ്രവാചകന്മാരിൽ ഞാൻ ഭയാനകമായ കാര്യം കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്ത് വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാത്ത വിധം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്ക് സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറപോലെയും ആയിരിക്കുന്നു”.
യിരേമ്യാവു 23 : 15 (IRVML)
“അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ കാഞ്ഞിരം തീറ്റിക്കുകയും നഞ്ചുവെള്ളം കുടിപ്പിക്കുകയും ചെയ്യും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലയോ വഷളത്തം ദേശത്തെല്ലായിടവും വ്യാപിച്ചിരിക്കുന്നത്”.
യിരേമ്യാവു 23 : 16 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ അധരത്തിൽ നിന്നുള്ളതല്ല, സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്.
യിരേമ്യാവു 23 : 17 (IRVML)
എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു.
യിരേമ്യാവു 23 : 18 (IRVML)
യഹോവയുടെ വചനം ദർശിച്ചുകേൾക്കുവാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവനാര്? അവിടുത്തെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവനാര്?
യിരേമ്യാവു 23 : 19 (IRVML)
യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റു തന്നെ, പുറപ്പെട്ടിരിക്കുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.
യിരേമ്യാവു 23 : 20 (IRVML)
തന്റെ ഹൃദയത്തിലെ വിചാരങ്ങൾ നിറവേറ്റുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അത് പൂർണ്ണമായി ഗ്രഹിക്കും.
യിരേമ്യാവു 23 : 21 (IRVML)
ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
യിരേമ്യാവു 23 : 22 (IRVML)
അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ ജനത്തെ എന്റെ വചനങ്ങൾ അറിയിച്ച്, അവരെ അവരുടെ ദുഷ്ടവഴിയിൽനിന്നും, അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും പിൻതിരിപ്പിക്കുമായിരുന്നു.
യിരേമ്യാവു 23 : 23 (IRVML)
ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവും അല്ലയോ?” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 24 (IRVML)
“ഞാൻ കാണാത്തവിധം ആർക്കെങ്കിലും രഹസ്യമായി ഒളിക്കുവാൻ കഴിയുമോ?” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 25 (IRVML)
“ ‘ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്ക് ഞാൻ കേട്ടിരിക്കുന്നു.
യിരേമ്യാവു 23 : 26 (IRVML)
സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി, വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർക്ക് ഈ താത്പര്യം എത്രകാലം ഉണ്ടായിരിക്കും?
യിരേമ്യാവു 23 : 27 (IRVML)
ബാൽ നിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയുവാൻ ഇടയാകണമെന്ന് അവർ വിചാരിക്കുന്നു.
യിരേമ്യാവു 23 : 28 (IRVML)
“സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും ഗോതമ്പും തമ്മിൽ എന്തു പൊരുത്തം?” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 29 (IRVML)
“എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 30 (IRVML)
“അതുകൊണ്ട് എന്റെ വചനങ്ങൾ അന്യോന്യം മോഷ്ടിക്കുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 31 (IRVML)
“തങ്ങളുടെ നാവുകൊണ്ട് ‘യഹോവയുടെ അരുളപ്പാട്’ എന്നു പറയുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 32 (IRVML)
“വ്യാജസ്വപ്നങ്ങൾ പ്രവചിക്കുകയും അവയെ വിവരിച്ച് അവരുടെ വ്യാജവും ആത്മപ്രശംസയും കൊണ്ട് എന്റെ ജനത്തെ തെറ്റിച്ചുകളയുകയും ചെയ്യുന്നവർക്കു ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 23 : 33 (IRVML)
“ഈ ജനം ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോട്: ‘നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്ന് യഹോവയുടെ അരുളപ്പാട്’ എന്നു പറയുക”.
യിരേമ്യാവു 23 : 34 (IRVML)
“പ്രവാചകനോ പുരോഹിതനോ ജനമോ: ‘യഹോവയുടെ ഭാരം’ എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.
യിരേമ്യാവു 23 : 35 (IRVML)
‘യഹോവ എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു’ എന്നിങ്ങനെയാകുന്നു ഒരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും അവനവന്റെ സഹോദരനോടും ചോദിക്കേണ്ടത്.
യിരേമ്യാവു 23 : 36 (IRVML)
‘യഹോവയുടെ ഭാരം’ എന്ന് ഇനി പറയരുത്; അല്ലെങ്കിൽ അവനവന്റെ വാക്ക് അവനവനു ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
യിരേമ്യാവു 23 : 37 (IRVML)
‘യഹോവ നിന്നോട് എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നിങ്ങനെയാകുന്നു പ്രവാചകനോടു ചോദിക്കേണ്ടത്.
യിരേമ്യാവു 23 : 38 (IRVML)
‘യഹോവയുടെ ഭാരം’ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ഭാരം എന്നു പറയരുത്’ എന്ന് ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ ‘യഹോവയുടെ ഭാരം’ എന്ന വാക്കു പറയുകകൊണ്ട്,
യിരേമ്യാവു 23 : 39 (IRVML)
ഞാൻ നിങ്ങളെ എടുത്ത് നിങ്ങളെയും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്ന് എറിഞ്ഞുകളയും.
യിരേമ്യാവു 23 : 40 (IRVML)
അങ്ങനെ ഞാൻ നിങ്ങൾക്ക് നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40