യിരേമ്യാവു 24 : 1 (IRVML)
ബാബേൽരാജാവായ നെബൂഖദ്നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവിനെയും, യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ച് യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിനു മുമ്പിൽ വച്ചിരിക്കുന്നത് യഹോവ എന്നെ കാണിച്ചു.
യിരേമ്യാവു 24 : 2 (IRVML)
ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും, മറ്റെ കൊട്ടയിൽ എത്രയും മോശമായത് തിന്നുവാൻ കൊള്ളരുതാത്തവിധം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.
യിരേമ്യാവു 24 : 3 (IRVML)
യഹോവ എന്നോടു: “യിരെമ്യാവേ, നീ എന്തു കാണുന്നു” എന്നു ചോദിച്ചു; അതിനു ഞാൻ: “അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും, മോശമായത് എത്രയും മോശമായതും തിന്നുകൂടാത്തവിധം ചീത്തയും ആകുന്നു” എന്നു പറഞ്ഞു.
യിരേമ്യാവു 24 : 4 (IRVML)
അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
യിരേമ്യാവു 24 : 5 (IRVML)
“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മയ്ക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും.
യിരേമ്യാവു 24 : 6 (IRVML)
ഞാൻ എന്റെ ദൃഷ്ടി നന്മയ്ക്കായി അവരുടെ മേൽവച്ച് അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും; പൊളിച്ചുകളയുകയില്ല; അവരെ നടും, പറിച്ചുകളയുകയുമില്ല.
യിരേമ്യാവു 24 : 7 (IRVML)
ഞാൻ യഹോവ എന്ന് എന്നെ അറിയുവാൻ തക്ക ഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
യിരേമ്യാവു 24 : 8 (IRVML)
എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവിനെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും ഈജിപ്റ്റിൽ പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാത്ത വിധം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 24 : 9 (IRVML)
“ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും, ഞാൻ അവരെ നീക്കിക്കളയുവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.
യിരേമ്യാവു 24 : 10 (IRVML)
ഞാൻ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തുനിന്ന് അവർ നശിച്ചുപോകുംവരെ ഞാൻ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും”.
❮
❯