യിരേമ്യാവു 4 : 1 (IRVML)
“യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊള്ളുക” എന്ന് യഹോവയുടെ അരുളപ്പാട്; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരുകയില്ല.
യിരേമ്യാവു 4 : 2 (IRVML)
‘യഹോവയാണ’ എന്ന് നീ പരമാർത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ, ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും”.
യിരേമ്യാവു 4 : 3 (IRVML)
യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”.
യിരേമ്യാവു 4 : 4 (IRVML)
“യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയവരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച്, ആർക്കും കെടുത്തിക്കൂടാത്തവിധം കത്താതിരിക്കേണ്ടതിന് നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്ത് നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളയുവിൻ.
യിരേമ്യാവു 4 : 5 (IRVML)
യെഹൂദയിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; ‘കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം’ എന്ന് ഉറക്കെ വിളിച്ചുപറയുവിൻ.
യിരേമ്യാവു 4 : 6 (IRVML)
സീയോനു കൊടി ഉയർത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർത്ഥവും വലിയ നാശവും വരുത്തും.
യിരേമ്യാവു 4 : 7 (IRVML)
സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; ജനതകളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും.
യിരേമ്യാവു 4 : 8 (IRVML)
ഇതുനിമിത്തം രട്ടുടുക്കുവിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.
യിരേമ്യാവു 4 : 9 (IRVML)
അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 4 : 10 (IRVML)
അതിനു ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കുമ്പോൾ ‘നിങ്ങൾക്കു സമാധാനം’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ” എന്നു പറഞ്ഞു.
യിരേമ്യാവു 4 : 11 (IRVML)
ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റ്- പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല- എന്റെ ജനത്തിന്റെ പുത്രിക്കു നേരെ പ്രവഹിക്കും.
യിരേമ്യാവു 4 : 12 (IRVML)
ഇതിലും ശക്തമായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നെ അവരോടു ന്യായവാദം കഴിക്കും”.
യിരേമ്യാവു 4 : 13 (IRVML)
“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ’.
യിരേമ്യാവു 4 : 14 (IRVML)
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
യിരേമ്യാവു 4 : 15 (IRVML)
ദാനിൽനിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനർത്ഥം പ്രസിദ്ധമാക്കുന്നു.
യിരേമ്യാവു 4 : 16 (IRVML)
ജനതകളോടു പ്രസ്താവിക്കുവിൻ; ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ എന്ന് യെരൂശലേമിനോട് അറിയിക്കുവിൻ.
യിരേമ്യാവു 4 : 17 (IRVML)
അവൾ എന്നോടു മത്സരിച്ചിരിക്കുകകൊണ്ട് അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരെ വന്ന് ചുറ്റിവളഞ്ഞിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 4 : 18 (IRVML)
“നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു ഇവ നിനക്കു വന്നത്; ഇത്ര കൈപ്പായിരിക്കുവാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ”. [PE][PS]
യിരേമ്യാവു 4 : 19 (IRVML)
അയ്യോ എന്റെ ഉള്ളം, എന്റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.
യിരേമ്യാവു 4 : 20 (IRVML)
നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്ന് എന്റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി.
യിരേമ്യാവു 4 : 21 (IRVML)
എത്രത്തോളം ഞാൻ കൊടി കണ്ട് കാഹളധ്വനി കേൾക്കേണ്ടിവരും?
യിരേമ്യാവു 4 : 22 (IRVML)
“എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ”.
യിരേമ്യാവു 4 : 23 (IRVML)
ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിനു പ്രകാശം ഇല്ലാതെയിരുന്നു.
യിരേമ്യാവു 4 : 24 (IRVML)
ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു.
യിരേമ്യാവു 4 : 25 (IRVML)
ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു.
യിരേമ്യാവു 4 : 26 (IRVML)
ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
യിരേമ്യാവു 4 : 27 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളയുകയില്ല.
യിരേമ്യാവു 4 : 28 (IRVML)
ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല.
യിരേമ്യാവു 4 : 29 (IRVML)
കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല.
യിരേമ്യാവു 4 : 30 (IRVML)
“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ച് നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
യിരേമ്യാവു 4 : 31 (IRVML)
ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: ‘അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ എന്ന് പറയുന്ന സീയോൻ പുത്രിയുടെ ശബ്ദം തന്നെ”. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

BG:

Opacity:

Color:


Size:


Font: