യിരേമ്യാവു 44 : 1 (IRVML)
ഈജിപ്റ്റ്ദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും വസിക്കുന്ന സകലയെഹൂദന്മാരെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
യിരേമ്യാവു 44 : 2 (IRVML)
“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥങ്ങൾ എല്ലാം നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.
യിരേമ്യാവു 44 : 3 (IRVML)
അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപംകാട്ടുകയും, അവയെ സേവിക്കുകയും ചെയ്ത ദോഷം നിമിത്തം എന്നെ കോപിപ്പിച്ചതിനാലാണ് അങ്ങനെ സംഭവിച്ചത്.
യിരേമ്യാവു 44 : 4 (IRVML)
ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ നിങ്ങളുടെ അടുക്കൽ അയച്ച്: “ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുത് എന്ന് പറയിച്ചു.
യിരേമ്യാവു 44 : 5 (IRVML)
എന്നാൽ അവർ അന്യദേവന്മാർക്കു ധൂപംകാട്ടുക എന്ന അവരുടെ ദോഷം വിട്ടുതിരിയുവാൻ തക്കവണ്ണം ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്യാതെ ഇരുന്നു.
യിരേമ്യാവു 44 : 6 (IRVML)
അതുകൊണ്ട് എന്റെ ക്രോധവും കോപവും യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ചൊരിഞ്ഞു; അവ ഇന്ന് ശൂന്യവും നാശവുമായിരിക്കുന്നു”.
യിരേമ്യാവു 44 : 7 (IRVML)
“ആകയാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യത്തിൽ നിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്
യിരേമ്യാവു 44 : 8 (IRVML)
നിങ്ങൾ വന്നു പാർക്കുന്ന ഈജിപ്റ്റിൽവച്ച് അന്യദേവന്മാർക്കു ധൂപംകാണിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിച്ച് നിങ്ങളെത്തന്നെ ഛേദിച്ചുകളഞ്ഞ് സകലഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയിത്തീരേണ്ടതിന് നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്ത്?
യിരേമ്യാവു 44 : 9 (IRVML)
യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാർ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ മറന്നുപോയോ?
യിരേമ്യാവു 44 : 10 (IRVML)
അവർ ഇന്നുവരെയും അവരെത്തന്നെ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ വച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കുകയോ ചെയ്തതുമില്ല”.
യിരേമ്യാവു 44 : 11 (IRVML)
അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനർത്ഥത്തിനായി, യെഹൂദയെ മുഴുവനും ഛേദിച്ചുകളയുവാനായി തന്നെ, എന്റെ മുഖം നിങ്ങൾക്ക് എതിരായി വയ്ക്കുന്നു.
യിരേമ്യാവു 44 : 12 (IRVML)
ഈജിപ്റ്റിൽ ചെന്നു വസിക്കുവാൻ അവിടെ പോകേണ്ടതിന് തീരുമാനിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാൻ പിടിക്കും; അവരെല്ലാവരും നശിച്ചുപോകും; ഈജിപ്റ്റിൽ അവർ വീഴും; വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ നശിച്ചുപോകും; അവർ ആബാലവൃദ്ധം വാൾകൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവർ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും.
യിരേമ്യാവു 44 : 13 (IRVML)
ഞാൻ യെരൂശലേമിനെ സന്ദർശിച്ചതുപോലെ ഈജിപ്റ്റിൽ വസിക്കുന്നവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും.
യിരേമ്യാവു 44 : 14 (IRVML)
ഈജിപ്റ്റിൽ വന്നു വസിക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവർക്ക് മടങ്ങിച്ചെന്നു പാർക്കുവാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്ക് മടങ്ങിപ്പോകുവാൻ തക്കവണ്ണം രക്ഷപെടുകയില്ല, ശേഷിക്കുകയുമില്ല; രക്ഷപെട്ടുപോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകുകയില്ല”.
യിരേമ്യാവു 44 : 15 (IRVML)
അതിന് അവരുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപം കാട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികിൽ നിന്ന സകലസ്ത്രീകളും ഈജിപ്റ്റ്ദേശത്ത് പത്രോസിൽ താമസിച്ച സകലജനവും യിരെമ്യാവിനോട് ഉത്തരം പറഞ്ഞത്:
യിരേമ്യാവു 44 : 16 (IRVML)
“നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ച് ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല.
യിരേമ്യാവു 44 : 17 (IRVML)
ആകാശരാജ്ഞിക്കു ധൂപംകാട്ടുവാനും അവൾക്കു പാനീയബലി പകരുവാനും ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ച ഒക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നെ; അന്ന് ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർത്ഥവും നേരിട്ടിരുന്നില്ല.
യിരേമ്യാവു 44 : 18 (IRVML)
എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിർത്തിയ നാൾ മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടായി; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിക്കുന്നു.
യിരേമ്യാവു 44 : 19 (IRVML)
ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?”
യിരേമ്യാവു 44 : 20 (IRVML)
അപ്പോൾ യിരെമ്യാവ് സകലജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോട് ഉത്തരം പറഞ്ഞ സകലജനത്തോടും തന്നെ, പറഞ്ഞതെന്തെന്നാൽ:
യിരേമ്യാവു 44 : 21 (IRVML)
“യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയത് യഹോവ ഓർത്തില്ലയോ? അവിടുത്തെ മനസ്സിൽ അതൊക്കെയും വന്നില്ലയോ?
യിരേമ്യാവു 44 : 22 (IRVML)
നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ലേച്ഛതനിമിത്തവും യഹോവയ്ക്കു സഹിക്കുവാൻ കഴിയാതെയായി; അതുകൊണ്ട് നിങ്ങളുടെ ദേശം ഇന്ന് നിവാസികൾ ഇല്ലാതെ ശൂന്യവും ഭീതിവിഷയവും ശാപഹേതുവും ആയിത്തീർന്നിരിക്കുന്നു.
യിരേമ്യാവു 44 : 23 (IRVML)
നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവിടുത്തെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്തിരിക്കുകയാൽ, ഇന്ന് ഈ അനർത്ഥം നിങ്ങൾക്ക് വന്നു ഭവിച്ചിരിക്കുന്നു.
യിരേമ്യാവു 44 : 24 (IRVML)
പിന്നെയും യിരെമ്യാവ് സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞത്: “ഈജിപ്റ്റ്ദേശത്ത് ആയിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾക്കുവിൻ!
യിരേമ്യാവു 44 : 25 (IRVML)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേർന്നിരിക്കുന്ന നേർച്ചകൾ ഞങ്ങൾ നിവർത്തിക്കും” എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറയുകയും കൈകൊണ്ടു അനുഷ്ഠിക്കുകയും ചെയ്തികണ്മുമ്പിൽ രിക്കുന്നു; നിങ്ങളുടെ നേർച്ചകൾ ഉറപ്പാക്കിക്കൊള്ളുവിൻ! നിങ്ങളുടെ നേർച്ചകൾ അനുഷ്ഠിച്ചുകൊള്ളുവിൻ!
യിരേമ്യാവു 44 : 26 (IRVML)
അതുകൊണ്ട് ഈജിപ്റ്റിൽ വസിക്കുന്ന സകലയെഹൂദജനമേ, യഹോവയുടെ വചനം കേൾക്കുവിൻ! ഈജിപ്റ്റിൽ വസിക്കുന്ന ഒരു യെഹൂദനും വായ് കൊണ്ട്: ‘യഹോവയായ കർത്താവാണ’ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കുകയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 44 : 27 (IRVML)
ഞാൻ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; ഈജിപ്റ്റിലെ എല്ലായെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചുപോകും.
യിരേമ്യാവു 44 : 28 (IRVML)
എന്നാൽ വാളിനു തെറ്റി ഒഴിയുന്ന ഏതാനും പേർ ഈജിപ്റ്റിൽ നിന്ന് യെഹൂദാദേശത്തേക്കു മടങ്ങിവരും; ഈജിപ്റ്റിൽ വന്നു പാർക്കുന്ന ശേഷം യെഹൂദന്മാരെല്ലാം എന്റെ വചനമോ അവരുടേതോ ഏത് നിവൃത്തിയായി എന്നറിയും.
യിരേമ്യാവു 44 : 29 (IRVML)
എന്റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ട് നിറവേറുമെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദർശിക്കും എന്നത് നിങ്ങൾക്ക് ഒരു അടയാളം ആകും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 44 : 30 (IRVML)
“ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനെ അവന്റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്റെ കൈയിൽ ഏല്പിച്ചതുപോലെ ഞാൻ ഈജിപ്റ്റ് രാജാവായ ഫറവോൻ-ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
❮
❯