യിരേമ്യാവു 46 : 1 (IRVML)
ജനതകളെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 46 : 2 (IRVML)
ഈജിപ്റ്റിനെക്കുറിച്ചുള്ളത്: യെഹൂദാരാജാവായ യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ ഫ്രാത്ത് നദീതീരത്തെ കർക്കെമീശിൽ വച്ച് ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചുകളഞ്ഞ ഫറവോൻ-നെഖോ എന്ന ഈജിപ്റ്റ് രാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.
യിരേമ്യാവു 46 : 3 (IRVML)
“പരിചയും പലകയും ഒരുക്കി യുദ്ധത്തിന് അടുത്തുകൊള്ളുവിൻ!
യിരേമ്യാവു 46 : 4 (IRVML)
കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! പടത്തൊപ്പിയുമായി അണിനിരക്കുവിൻ; കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ.
യിരേമ്യാവു 46 : 5 (IRVML)
അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റ് തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! സർവ്വത്രഭീതി” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 46 : 6 (IRVML)
“വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ; വീരൻ രക്ഷപെടാതിരിക്കട്ടെ; വടക്ക് ഫ്രാത്ത് നദീതീരത്ത് അവർ ഇടറിവീഴും.
യിരേമ്യാവു 46 : 7 (IRVML)
നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലറിപ്പായുകയും ചെയ്യുന്നോരിവനാർ?
യിരേമ്യാവു 46 : 8 (IRVML)
ഈജിപ്റ്റ് നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾപോലെ അലറിപ്പായുകയും ‘ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും’ എന്നു പറയുകയും ചെയ്യുന്നു.
യിരേമ്യാവു 46 : 9 (IRVML)
കുതിരകളേ, കുതിച്ചു ചാടുവിൻ; രഥങ്ങളേ, ഇരച്ചുകയറുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ.
യിരേമ്യാവു 46 : 10 (IRVML)
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും; വടക്ക് ഫ്രാത്ത് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.
യിരേമ്യാവു 46 : 11 (IRVML)
ഈജിപ്റ്റ്പുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്ന് തൈലം വാങ്ങുക; നീ അനവധി ഔഷധങ്ങൾ വെറുതെ പ്രയോഗിക്കുന്നു; നിനക്ക് രോഗശാന്തി ഉണ്ടാകുകയില്ല.
യിരേമ്യാവു 46 : 12 (IRVML)
ജനതകൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരൻ വീരനോട് ഏറ്റുമുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!”
യിരേമ്യാവു 46 : 13 (IRVML)
ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്.
യിരേമ്യാവു 46 : 14 (IRVML)
“ഈജിപ്റ്റിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്ന് പറയുവിൻ! വാൾ നിന്റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ.
യിരേമ്യാവു 46 : 15 (IRVML)
നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നില്ക്കുവാൻ കഴിഞ്ഞില്ല.
യിരേമ്യാവു 46 : 16 (IRVML)
അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽ നിന്ന് ഒഴിഞ്ഞ് നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്ന് അവർ പറയും.
യിരേമ്യാവു 46 : 17 (IRVML)
ഈജിപ്റ്റ് രാജാവായ ഫറവോന്: ‘വിനാശം’ എന്നും ‘സമയം തെറ്റി വരുന്നവൻ’ എന്നും പേര് പറയുവിൻ!
യിരേമ്യാവു 46 : 18 (IRVML)
എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും കടലിനരികിലുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
യിരേമ്യാവു 46 : 19 (IRVML)
ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
യിരേമ്യാവു 46 : 20 (IRVML)
ഈജിപ്റ്റ് ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ചപോലെ നാശം അതിന്മേൽ വരുന്നു.
യിരേമ്യാവു 46 : 21 (IRVML)
അതിന്റെ കൂലിപ്പടയാളികൾ അതിന്റെ മദ്ധ്യത്തിൽ കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല.
യിരേമ്യാവു 46 : 22 (IRVML)
അതിന്റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടി നടന്ന്, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
യിരേമ്യാവു 46 : 23 (IRVML)
അതിന്റെ കാട് തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്; “അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്ക് സംഖ്യയുമില്ല.
യിരേമ്യാവു 46 : 24 (IRVML)
ഈജിപ്റ്റ്പുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജനതയുടെ കൈയിൽ ഏല്പിക്കപ്പെടും.
യിരേമ്യാവു 46 : 25 (IRVML)
ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും ഈജിപ്റ്റിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും” എന്ന് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 46 : 26 (IRVML)
ഞാൻ അവരെ, അവർക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്റെശേഷം പുരാതനകാലത്ത് എന്നപോലെ അതിന് നിവാസികൾ ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 46 : 27 (IRVML)
എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്; യിസ്രായേലേ, നീ ഭ്രമിക്കരുത്; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.
യിരേമ്യാവു 46 : 28 (IRVML)
എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; ഞാൻ നിന്നോടുകൂടി ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. “നിന്നെ ഞാൻ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ ആ സകല ജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും”.
❮
❯