യിരേമ്യാവു 48 : 1 (IRVML)
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന് അയ്യോ കഷ്ടം! അത് ശൂന്യമായിരിക്കുന്നു; കിര്യത്തയീമീം ലജ്ജിതയായി; അത് പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
യിരേമ്യാവു 48 : 2 (IRVML)
മോവാബിന്റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം നാം അതിനെ നശിപ്പിച്ചുകളയുക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
യിരേമ്യാവു 48 : 3 (IRVML)
ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം” എന്നിങ്ങനെ നിലവിളി കേൾക്കുന്നു.
യിരേമ്യാവു 48 : 4 (IRVML)
“മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളി കൂട്ടുന്നു.
യിരേമ്യാവു 48 : 5 (IRVML)
ലൂഹീതിലേക്കുള്ള കയറ്റം അവർ കരഞ്ഞുകൊണ്ട് കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ ആർത്തനാദം കേൾക്കുന്നു.
യിരേമ്യാവു 48 : 6 (IRVML)
ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ! മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ!
യിരേമ്യാവു 48 : 7 (IRVML)
നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കുകകൊണ്ട് നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടി പ്രവാസത്തിലേക്കു പോകും.
യിരേമ്യാവു 48 : 8 (IRVML)
കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും രക്ഷപെടുകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായിത്തീരും.
യിരേമ്യാവു 48 : 9 (IRVML)
മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുക്കുവിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും.
യിരേമ്യാവു 48 : 10 (IRVML)
യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവയ്ക്കുന്നവൻ ശപിക്കപ്പെട്ടവൻ;
യിരേമ്യാവു 48 : 11 (IRVML)
മോവാബ് ബാല്യം മുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല; അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല.
യിരേമ്യാവു 48 : 12 (IRVML)
അതിനാൽ പകരുന്നതുവരെ ഞാൻ അവന്റെ അടുക്കൽ അയയ്ക്കുവാനുള്ള കാലം വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; “അവർ അവനെ പകർന്നുകളയുകയും അവന്റെ പാത്രങ്ങൾ ശൂന്യമാക്കി, കുടങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
യിരേമ്യാവു 48 : 13 (IRVML)
അവരുടെ ആശ്രയമായ ബേഥേലിനെക്കുറിച്ച് യിസ്രായേൽഗൃഹം ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിനെക്കുറിച്ച് ലജ്ജിച്ചുപോകും.
യിരേമ്യാവു 48 : 14 (IRVML)
‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’ എന്ന് നിങ്ങൾ പറയുന്നതെങ്ങനെ?
യിരേമ്യാവു 48 : 15 (IRVML)
മോവാബ് കവർച്ച ചെയ്യപ്പെട്ടു; അതിന്റെ പട്ടണങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
യിരേമ്യാവു 48 : 16 (IRVML)
മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനർത്ഥം വേഗത്തിൽ ഉണ്ടാകും.
യിരേമ്യാവു 48 : 17 (IRVML)
അവന്റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ! അവന്റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ.
യിരേമ്യാവു 48 : 18 (IRVML)
ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്ന് നിന്റെ കോട്ടകൾ നശിപ്പിക്കുമല്ലോ.
യിരേമ്യാവു 48 : 19 (IRVML)
അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും രക്ഷപെട്ടുപോകുന്നവളോടും ‘സംഭവിച്ചതെന്ത്’ എന്നു ചോദിക്കുക.
യിരേമ്യാവു 48 : 20 (IRVML)
മോവാബ് തകർന്നിരിക്കുകയാൽ ലജ്ജിച്ചു പോയിരിക്കുന്നു; വിലപിച്ചു കരയുവിൻ; മോവാബ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നു എന്ന് അർന്നോനിൽ അറിയിക്കുവിൻ.
യിരേമ്യാവു 48 : 21 (IRVML)
സമഭൂമിമേൽ ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യഹ്സെക്കും മേഫാഥിനും
യിരേമ്യാവു 48 : 22 (IRVML)
ദീബോനും നെബോവിനും ബേത്ത്-ദിബ്ളാത്തയീമിനും കിര്യത്തയീമിനും
യിരേമ്യാവു 48 : 23 (IRVML)
ബേത്ത്--ഗാമൂലിനും ബേത്ത്-മെയോനും
യിരേമ്യാവു 48 : 24 (IRVML)
കെരീയോത്തിനും ബൊസ്രെക്കും ദൂരത്തും സമീപത്തും ഉള്ള മോവാബിലെ എല്ലാ പട്ടണങ്ങൾക്കും തന്നെ.
യിരേമ്യാവു 48 : 25 (IRVML)
മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 26 (IRVML)
മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും.
യിരേമ്യാവു 48 : 27 (IRVML)
അല്ല, യിസ്രായേൽ നിനക്ക് നിന്ദാവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
യിരേമ്യാവു 48 : 28 (IRVML)
മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
യിരേമ്യാവു 48 : 29 (IRVML)
മോവാബ് മഹാഗർവ്വി; ഞങ്ങൾ അവന്റെ ഗർവ്വത്തെയും അഹന്തയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ച് കേട്ടിട്ടുണ്ട്.
യിരേമ്യാവു 48 : 30 (IRVML)
അവന്റെ ക്രോധം ഞാൻ അറിയുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; അവന്റെ സംസാരം വ്യാജമാണ്; അവന്റെ വ്യാജമായ പ്രവൃത്തി കൊണ്ട് ഒന്നും സാധിച്ചില്ലല്ലോ.
യിരേമ്യാവു 48 : 31 (IRVML)
അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും; എല്ലാ മോവാബിനെയും കുറിച്ച് ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് ഞാൻ ദുഃഖിക്കും.
യിരേമ്യാവു 48 : 32 (IRVML)
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
യിരേമ്യാവു 48 : 33 (IRVML)
സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; സന്തോഷധ്വനിയോടെ ആരും ചക്ക് ചവിട്ടുകയില്ല; കേൾക്കുന്ന ധ്വനികൾ സന്തോഷധ്വനികളല്ലതാനും.
യിരേമ്യാവു 48 : 34 (IRVML)
ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.
യിരേമ്യാവു 48 : 35 (IRVML)
പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 36 (IRVML)
അവർ സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കുകയാൽ മോവാബിനെക്കുറിച്ചും കീർഹേരെസിലെ ജനങ്ങളെക്കുറിച്ചും എന്റെ ഹൃദയം കുഴൽപോലെ* കുഴൽപോലെ ശവസസ്ക്കാരത്തിനുപയോഗിക്കുന്ന കിന്നരം ധ്വനിക്കുന്നു.
യിരേമ്യാവു 48 : 37 (IRVML)
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു.
യിരേമ്യാവു 48 : 38 (IRVML)
ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ പുരമുകളിലും അതിന്റെ എല്ലാ തെരുവീഥികളിലും വിലാപം കേൾക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 39 (IRVML)
അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവരെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും”.
യിരേമ്യാവു 48 : 40 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുവൻ കഴുകനെപ്പോലെ പറന്ന് മോവാബിന്മേൽ ചിറകു വിടർത്തും.
യിരേമ്യാവു 48 : 41 (IRVML)
കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
യിരേമ്യാവു 48 : 42 (IRVML)
യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ മോവാബ് ഒരു ജനമായിരിക്കാത്തവിധം നശിച്ചുപോകും.
യിരേമ്യാവു 48 : 43 (IRVML)
മോവാബ് നിവാസിയേ, ഭയവും കുഴിയും കെണിയും നിനക്കു വരും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 44 (IRVML)
“ഭയന്നോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഞാൻ മോവാബിന്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 45 (IRVML)
ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ട് മോവാബിന്റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും.
യിരേമ്യാവു 48 : 46 (IRVML)
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
യിരേമ്യാവു 48 : 47 (IRVML)
എങ്കിലും അവസാനനാളിൽ ഞാൻ മോവാബിന്റെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47