യിരേമ്യാവു 50 : 1 (IRVML)
യിരെമ്യാപ്രവാചകൻമുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്:
യിരേമ്യാവു 50 : 2 (IRVML)
“ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്ന് പറയുവിൻ.
യിരേമ്യാവു 50 : 3 (IRVML)
വടക്കുനിന്ന് ഒരു ജനത അതിന്റെ നേരെ വരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകുന്നു.
യിരേമ്യാവു 50 : 4 (IRVML)
ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 5 (IRVML)
അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേയ്ക്കുള്ള വഴി ചോദിച്ചുകൊണ്ട്: ‘വരുവിൻ; മറന്നുപോകാത്ത ഒരു ശാശ്വത ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം’ എന്ന് പറയും.
യിരേമ്യാവു 50 : 6 (IRVML)
എന്റെ ജനം കാണാതെപോയ ആടുകൾ ആയിത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്ന് കുന്നിന്മേൽ പോയി അവരുടെ വിശ്രമസ്ഥലം മറന്നുകളഞ്ഞു.
യിരേമ്യാവു 50 : 7 (IRVML)
അവരെ കാണുന്നവരെല്ലാം അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: ‘നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ’ എന്ന് പറഞ്ഞു.
യിരേമ്യാവു 50 : 8 (IRVML)
ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻകൂട്ടത്തിനു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിക്കുവിൻ.
യിരേമ്യാവു 50 : 9 (IRVML)
ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്റെ അമ്പുകൾ പോലെ ഇരിക്കും.
യിരേമ്യാവു 50 : 10 (IRVML)
കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കെല്ലാം തൃപ്തിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 11 (IRVML)
“എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിനയ്ക്കുന്നതുകൊണ്ട്,
യിരേമ്യാവു 50 : 12 (IRVML)
നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജനതകളിൽ താഴ്ന്നവൾ ആകും; മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.
യിരേമ്യാവു 50 : 13 (IRVML)
യഹോവയുടെ ക്രോധം നിമിത്തം അത് നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തു കൂടി കടന്നുപോകുന്ന ഏല്ലാവരും ഭീതിയോടെ അതിന്റെ സകല ബാധകളും നിമിത്തം നിന്ദിച്ചു പരിഹസിക്കും.
യിരേമ്യാവു 50 : 14 (IRVML)
ബാബേലിന്റെ എതിരെ ചുറ്റും അണിനിരക്കുവിൻ; എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ.
യിരേമ്യാവു 50 : 15 (IRVML)
അതിനു ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരമല്ലയോ; അതിനോട് പ്രതികാരം ചെയ്യുവിൻ; അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ.
യിരേമ്യാവു 50 : 16 (IRVML)
വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോവുകയും സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.
യിരേമ്യാവു 50 : 17 (IRVML)
യിസ്രായേൽ ചിതറിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു”.
യിരേമ്യാവു 50 : 18 (IRVML)
അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അശ്ശൂർരാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.
യിരേമ്യാവു 50 : 19 (IRVML)
പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്ക് മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവന് തൃപ്തിവരും.
യിരേമ്യാവു 50 : 20 (IRVML)
ശേഷിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കുകയാൽ ആ നാളുകളിൽ, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ആയിരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 21 (IRVML)
ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും, സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നെ; നീ പിന്നാലെ ചെന്ന് വെട്ടി അവരെ നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ എല്ലാം ചെയ്യുക” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 22 (IRVML)
യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തുണ്ട്.
യിരേമ്യാവു 50 : 23 (IRVML)
സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ?
യിരേമ്യാവു 50 : 24 (IRVML)
ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവച്ചു; നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലയോ നീ പൊരുതിയത്.
യിരേമ്യാവു 50 : 25 (IRVML)
യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.
യിരേമ്യാവു 50 : 26 (IRVML)
സകലദിക്കുകളിലും നിന്ന് അതിന്റെ നേരെ വന്ന് അതിന്റെ കളപ്പുരകൾ തുറക്കുവിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
യിരേമ്യാവു 50 : 27 (IRVML)
അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
യിരേമ്യാവു 50 : 28 (IRVML)
നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിന് ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!
യിരേമ്യാവു 50 : 29 (IRVML)
ബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലയ്ക്കുന്ന എല്ലാവരുമേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽ നിന്ന് ചാടിപ്പോകരുത്; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുക്കുവിൻ; അത് ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്യുവിൻ; അത് യഹോവയോട്, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.
യിരേമ്യാവു 50 : 30 (IRVML)
അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കൾ എല്ലാവരും അന്ന് നശിച്ചുപോകും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 31 (IRVML)
“അഹങ്കാരിയേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്; “നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു.
യിരേമ്യാവു 50 : 32 (IRVML)
അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കുകയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും”.
യിരേമ്യാവു 50 : 33 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരെല്ലാം അവരെ വിട്ടയയ്ക്കുവാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊള്ളുന്നു.
യിരേമ്യാവു 50 : 34 (IRVML)
എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; ഭൂമിക്ക് സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്ക് സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവിടുന്ന് ശ്രദ്ധയോടെ നടത്തും.
യിരേമ്യാവു 50 : 35 (IRVML)
കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 36 (IRVML)
വ്യാജം പ്രവചിക്കുന്നവർ ഭോഷന്മാരാകത്തക്കവിധം അവരുടെ മേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവിധം അവരുടെ മേലും വാൾ വരും.
യിരേമ്യാവു 50 : 37 (IRVML)
അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജനതയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം അവയുടെ മേലും വാൾവരും.
യിരേമ്യാവു 50 : 38 (IRVML)
അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം ഞാൻ അതിന്മേൽ വരൾച്ച വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.
യിരേമ്യാവു 50 : 39 (IRVML)
ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.
യിരേമ്യാവു 50 : 40 (IRVML)
ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 50 : 41 (IRVML)
വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനതയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
യിരേമ്യാവു 50 : 42 (IRVML)
അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരമ്പുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു.
യിരേമ്യാവു 50 : 43 (IRVML)
ബാബേൽരാജാവിന് അവരെപ്പറ്റിയുള്ള വാർത്ത കേട്ട് അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അതിവ്യസനവും വേദനയും പിടിച്ചു.
യിരേമ്യാവു 50 : 44 (IRVML)
യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്ക് സമനായവൻ ആര്? എന്നെ കുറ്റം ചുമത്തുന്നവൻ ആര്? എന്റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്?”
യിരേമ്യാവു 50 : 45 (IRVML)
അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.
യിരേമ്യാവു 50 : 46 (IRVML)
ബാബേൽ പിടിക്കപ്പെട്ടു എന്ന ആർപ്പുവിളികൊണ്ട് ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജനതകളുടെ ഇടയിൽ കേൾക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46