യിരേമ്യാവു 51 : 1 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഞാൻ ബാബേലിനെതിരായും എന്റെ എതിരാളികൾക്കെതിരായും ഒരു കൊടുങ്കാറ്റു പോലെ സംഹാരകന്റെ മനസ്സ് ഉണർത്തും.
യിരേമ്യാവു 51 : 2 (IRVML)
പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.
യിരേമ്യാവു 51 : 3 (IRVML)
വില്ലാളി വില്ലു കുലയ്ക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവിർന്നു നിൽക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളയുവിൻ.
യിരേമ്യാവു 51 : 4 (IRVML)
അങ്ങനെ കല്ദയരുടെ ദേശത്ത് നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളയ്ക്കപ്പെട്ടവരും വീഴും.
യിരേമ്യാവു 51 : 5 (IRVML)
യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവരുടെ ദൈവം അവരെ കൈവെടിഞ്ഞിട്ടില്ല.
യിരേമ്യാവു 51 : 6 (IRVML)
ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ അവനവന്റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; അതിന്റെ പ്രവൃത്തിക്കു തക്കവിധം അവിടുന്ന് അതിനോട് പകരം ചെയ്യും;
യിരേമ്യാവു 51 : 7 (IRVML)
ബാബേൽ യഹോവയുടെ കൈയിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജനതകൾ അതിലെ വീഞ്ഞു കുടിച്ചിട്ട് അവർക്കു ഭ്രാന്തു പിടിച്ചു.
യിരേമ്യാവു 51 : 8 (IRVML)
പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു വിലപിക്കുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; ഒരുപക്ഷേ അതിനു സൗഖ്യം വരും.
യിരേമ്യാവു 51 : 9 (IRVML)
ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളയുവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
യിരേമ്യാവു 51 : 10 (IRVML)
യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.
യിരേമ്യാവു 51 : 11 (IRVML)
അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; പരിച ധരിക്കുവിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം അവന്റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ.
യിരേമ്യാവു 51 : 12 (IRVML)
ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തിപ്പെടുത്തുവിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു.
യിരേമ്യാവു 51 : 13 (IRVML)
വലിയ വെള്ളങ്ങൾക്കരികിൽ വസിക്കുന്നവളും വളരെ നിക്ഷേപങ്ങൾ ഉള്ളവളുമേ, നിന്റെ അവസാനം, നിന്നെ ഛേദിച്ചുകളയുവാനുള്ള അവധി തന്നെ, വന്നിരിക്കുന്നു.
യിരേമ്യാവു 51 : 14 (IRVML)
“ഞാൻ നിശ്ചയമായി വെട്ടുക്കിളികളെപ്പോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറയ്ക്കും; അവർ നിന്റെ നേരെ ആർപ്പിടും” എന്ന് സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു.
യിരേമ്യാവു 51 : 15 (IRVML)
അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
യിരേമ്യാവു 51 : 16 (IRVML)
അവിടുന്ന് തന്റെ നാദം കേൾപ്പിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; അവിടുന്ന് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് നീരാവി ഉയരുമാറാക്കുന്നു; മഴയ്ക്കായി മിന്നൽ ഉണ്ടാക്കി, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റുകളെ പുറപ്പെടുവിക്കുന്നു.
യിരേമ്യാവു 51 : 17 (IRVML)
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാർ എല്ലാവരും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.
യിരേമ്യാവു 51 : 18 (IRVML)
അവയിൽ ശ്വാസവും ഇല്ല. അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; സന്ദർശനകാലത്ത് അവ നശിച്ചുപോകും.
യിരേമ്യാവു 51 : 19 (IRVML)
യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം.
യിരേമ്യാവു 51 : 20 (IRVML)
നീ എന്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ട്` ജനതകളെ തകർക്കുകയും നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും.
യിരേമ്യാവു 51 : 21 (IRVML)
നിന്നെക്കൊണ്ട് ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;
യിരേമ്യാവു 51 : 22 (IRVML)
നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.
യിരേമ്യാവു 51 : 23 (IRVML)
നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ കൃഷിക്കാരനെയും അവന്റെ കാളകളെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
യിരേമ്യാവു 51 : 24 (IRVML)
നിങ്ങൾ കാൺകെ ഞാൻ ബാബേലിനും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിനും തക്കവണ്ണം പകരം വീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 51 : 25 (IRVML)
“സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി കത്തിയെരിയുന്ന പർവ്വതം ആക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 51 : 26 (IRVML)
“നിന്നിൽനിന്ന് അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാത്തവിധം നീ നിത്യശൂന്യമായി ഭവിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 51 : 27 (IRVML)
ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; ജനതകളെ അതിന്റെ നേരെ ഒരുക്കുവിൻ; അറാറാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.
യിരേമ്യാവു 51 : 28 (IRVML)
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകലദേശക്കാരുമായ ജനതകളെ അതിനു വിരോധമായി ഒരുക്കുവിൻ;
യിരേമ്യാവു 51 : 29 (IRVML)
ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്, ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിറവേറുന്നതുമൂലം ദേശം നടുങ്ങി സങ്കടപ്പെടുന്നു.
യിരേമ്യാവു 51 : 30 (IRVML)
ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.
യിരേമ്യാവു 51 : 31 (IRVML)
പട്ടണം നാലുവശവും പിടിക്കപ്പെട്ടുപോയി, കടവുകൾ ശത്രുവിനധീനമായി; കളങ്ങൾ തീ പിടിച്ച് ദഹിച്ചിരിക്കുന്നു; യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്
യിരേമ്യാവു 51 : 32 (IRVML)
ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും ദൂതൻ ദൂതനെതിരെയും ഓടുന്നു.
യിരേമ്യാവു 51 : 33 (IRVML)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്റെ കൊയ്ത്തുകാലം വരും”.
യിരേമ്യാവു 51 : 34 (IRVML)
“ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, എന്റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; അവൻ എന്നെ തള്ളിക്കളഞ്ഞു.
യിരേമ്യാവു 51 : 35 (IRVML)
“ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ” എന്ന് സീയോൻനിവാസി പറയും; “എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” എന്ന് യെരൂശലേം പറയും.
യിരേമ്യാവു 51 : 36 (IRVML)
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ വറ്റിച്ച്, അതിന്റെ ഉറവുകൾ ഉണക്കിക്കളയും.
യിരേമ്യാവു 51 : 37 (IRVML)
ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും പരിഹാസത്തിനും വിഷയവുമായിത്തീരും.
യിരേമ്യാവു 51 : 38 (IRVML)
അവർ എല്ലാവരും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
യിരേമ്യാവു 51 : 39 (IRVML)
അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും ” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 51 : 40 (IRVML)
“ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലക്കളത്തിലേക്ക് ഇറക്കിക്കൊണ്ടുവരും.
യിരേമ്യാവു 51 : 41 (IRVML)
ശേശക്ക് പിടിക്കപ്പെട്ടത് എങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നത് പിടിച്ചടക്കപ്പെട്ടത് എങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ഒരു ഭീതിവിഷയമായിത്തീർന്നത് എങ്ങനെ?
യിരേമ്യാവു 51 : 42 (IRVML)
ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അത് മൂടിയിരിക്കുന്നു.
യിരേമ്യാവു 51 : 43 (IRVML)
അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
യിരേമ്യാവു 51 : 44 (IRVML)
ഞാൻ ബാബേലിൽവച്ച് ബേലിനെ സന്ദർശിച്ച്, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജനതകൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
യിരേമ്യാവു 51 : 45 (IRVML)
എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ അവനവന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ.
യിരേമ്യാവു 51 : 46 (IRVML)
ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്.
യിരേമ്യാവു 51 : 47 (IRVML)
അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; അന്ന് ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ എല്ലാവരും അതിന്റെ നടുവിൽ വീഴും.
യിരേമ്യാവു 51 : 48 (IRVML)
ആകാശവും ഭൂമിയും അവയിലുള്ളതെല്ലാം ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്ന് സംഹാരകൻ അതിലേക്ക് വരും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 51 : 49 (IRVML)
യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടി സർവ്വദേശവും തന്നെ.
യിരേമ്യാവു 51 : 50 (IRVML)
വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ!
യിരേമ്യാവു 51 : 51 (IRVML)
ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കുകയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
യിരേമ്യാവു 51 : 52 (IRVML)
“അതുകൊണ്ട് ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്; “അന്ന് ദേശത്തെല്ലായിടവും മുറിവേറ്റവർ കിടന്നു ഞരങ്ങും.
യിരേമ്യാവു 51 : 53 (IRVML)
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 51 : 54 (IRVML)
ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്ന് മഹാനാശവും കേൾക്കുന്നു.
യിരേമ്യാവു 51 : 55 (IRVML)
യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.
യിരേമ്യാവു 51 : 56 (IRVML)
അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നെ, സംഹാരകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിക്കപ്പെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവിടുന്ന് പകരം ചെയ്യും.
യിരേമ്യാവു 51 : 57 (IRVML)
ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും ലഹരി പിടിപ്പിക്കും; അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
യിരേമ്യാവു 51 : 58 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, അവർ ക്ഷീണിച്ചുപോകുകയും ചെയ്യും”.
യിരേമ്യാവു 51 : 59 (IRVML)
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടി, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്ക് പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവിനോട് കല്പിച്ച വചനം -
യിരേമ്യാവു 51 : 60 (IRVML)
ബാബേലിനു വരുവാനിരിക്കുന്ന അനർത്ഥമെല്ലാം, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി -
യിരേമ്യാവു 51 : 61 (IRVML)
യിരെമ്യാവ് സെരായാവിനോടു പറഞ്ഞത്: “നീ ബാബേലിൽ എത്തുമ്പോൾ ഈ വചനങ്ങൾ എല്ലാം നോക്കി വായിച്ചശേഷം:
യിരേമ്യാവു 51 : 62 (IRVML)
“യഹോവേ, ഈ സ്ഥലത്ത് മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അത് ശാശ്വതശൂന്യമായിരിക്കത്തക്കവിധം അങ്ങ് അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ” എന്ന് പറയണം.
യിരേമ്യാവു 51 : 63 (IRVML)
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്മേൽ ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്,
യിരേമ്യാവു 51 : 64 (IRVML)
“ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിനു വരുത്തുന്ന അനർത്ഥത്തിൽനിന്ന് അതു പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്ന് പറയണം”. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64