യിരേമ്യാവു 7 : 1 (IRVML)
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
യിരേമ്യാവു 7 : 2 (IRVML)
“നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ’.
യിരേമ്യാവു 7 : 3 (IRVML)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.
യിരേമ്യാവു 7 : 4 (IRVML)
‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.
യിരേമ്യാവു 7 : 5 (IRVML)
നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,
യിരേമ്യാവു 7 : 6 (IRVML)
പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ,
യിരേമ്യാവു 7 : 7 (IRVML)
ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.
യിരേമ്യാവു 7 : 8 (IRVML)
നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.
യിരേമ്യാവു 7 : 9 (IRVML)
നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.
യിരേമ്യാവു 7 : 10 (IRVML)
പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിനു തന്നെയോ?
യിരേമ്യാവു 7 : 11 (IRVML)
എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്ന് നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 7 : 12 (IRVML)
“എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!
യിരേമ്യാവു 7 : 13 (IRVML)
ആകയാൽ നിങ്ങൾ ഈ പ്രവൃത്തികൾ എല്ലാം ചെയ്യുകയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ കേൾക്കാതിരിക്കുകയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കുകയും ചെയ്യുകകൊണ്ട്,
യിരേമ്യാവു 7 : 14 (IRVML)
എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നൽകിയിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.
യിരേമ്യാവു 7 : 15 (IRVML)
എഫ്രയിംസന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 7 : 16 (IRVML)
അതുകൊണ്ട് നീ ഈ ജനത്തിനു വേണ്ടി പ്രാർത്ഥിക്കരുത്; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുത്; എന്നോടു പക്ഷവാദം ചെയ്യുകയുമരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.
യിരേമ്യാവു 7 : 17 (IRVML)
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലയോ?
യിരേമ്യാവു 7 : 18 (IRVML)
എനിക്കു കോപം ജ്വലിക്കത്തക്കവണ്ണം, ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
യിരേമ്യാവു 7 : 19 (IRVML)
എന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നത്? സ്വന്തലജ്ജയ്ക്കായിട്ട് അവർ അവരെത്തന്നെയല്ലയോ മുഷിപ്പിക്കുന്നത്” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 7 : 20 (IRVML)
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യന്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും”.
യിരേമ്യാവു 7 : 21 (IRVML)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.
യിരേമ്യാവു 7 : 22 (IRVML)
ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചോ ഹനനയാഗങ്ങളെക്കുറിച്ചോ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല.
യിരേമ്യാവു 7 : 23 (IRVML)
എന്റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നുംഞാൻ അവരോടു കല്പിച്ചത്.
യിരേമ്യാവു 7 : 24 (IRVML)
എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.
യിരേമ്യാവു 7 : 25 (IRVML)
നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു.
യിരേമ്യാവു 7 : 26 (IRVML)
എന്നിട്ടും എന്നെ കേട്ടനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി അവരുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.
യിരേമ്യാവു 7 : 27 (IRVML)
ഈ വചനങ്ങൾ എല്ലാം നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറയുകയില്ല;
യിരേമ്യാവു 7 : 28 (IRVML)
എന്നാൽ നീ അവരോടു പറയേണ്ടത്: “ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്യാത്ത ജനതയാകുന്നു ഇത്; സത്യം നശിച്ച് അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.
യിരേമ്യാവു 7 : 29 (IRVML)
നിന്റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
യിരേമ്യാവു 7 : 30 (IRVML)
യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു” എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
യിരേമ്യാവു 7 : 31 (IRVML)
അവരുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.
യിരേമ്യാവു 7 : 32 (IRVML)
അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കൊലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്. വേറെ സ്ഥലം ഇല്ലായ്കകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.
യിരേമ്യാവു 7 : 33 (IRVML)
എന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളയുകയുമില്ല.
യിരേമ്യാവു 7 : 34 (IRVML)
അന്ന് ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും”.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34