യിരേമ്യാവു 9 : 1 (IRVML)
അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ ഘാതകന്മാർനിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു!
യിരേമ്യാവു 9 : 2 (IRVML)
അയ്യോ, എന്റെ ജനത്തെ വിട്ടു പോകേണ്ടതിന് മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലയോ?.
യിരേമ്യാവു 9 : 3 (IRVML)
“അവർ വ്യാജത്തിനായി നാവു വില്ലുപോലെ കുലയ്ക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 9 : 4 (IRVML)
നിങ്ങൾ ഓരോരുത്തനും അവനവന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്ളുവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഓരോ സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഓരോ കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
യിരേമ്യാവു 9 : 5 (IRVML)
അവർ ഓരോരുത്തനും അവനവന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കുകയുമില്ല; വ്യാജം സംസാരിക്കുവാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവർത്തിക്കുവാൻ അവർ അദ്ധ്വാനിക്കുന്നു.
യിരേമ്യാവു 9 : 6 (IRVML)
നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 9 : 7 (IRVML)
അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിക്കു വേണ്ടി എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും?
യിരേമ്യാവു 9 : 8 (IRVML)
അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.
യിരേമ്യാവു 9 : 9 (IRVML)
ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 9 : 10 (IRVML)
“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം അവിടം വിട്ടുപോയിരിക്കുന്നു.
യിരേമ്യാവു 9 : 11 (IRVML)
ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകും വിധം ശൂന്യമാക്കിക്കളയും.
യിരേമ്യാവു 9 : 12 (IRVML)
ഇതു ഗ്രഹിക്കുവാൻ തക്ക ജ്ഞാനമുള്ളവൻ ആര്? അതു പ്രസ്താവിക്കുവാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാത്തവിധം ദേശം നശിച്ച് മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?”
യിരേമ്യാവു 9 : 13 (IRVML)
യഹോവ അരുളിച്ചെയ്യുന്നത്: “ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്റെ വാക്കു കേൾക്കുകയോ അത് അനുസരിച്ചു നടക്കുകയോ ചെയ്യാതെ
യിരേമ്യാവു 9 : 14 (IRVML)
അവരുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും അവരുടെ പിതാക്കന്മാർ അവരെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നു”; അതുകൊണ്ട്
യിരേമ്യാവു 9 : 15 (IRVML)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കാഞ്ഞിരം* കാഞ്ഞിരം കൈപ്പുള്ള ഫലം ഉണ്ടാകുന്ന വൃക്ഷം കൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും.
യിരേമ്യാവു 9 : 16 (IRVML)
അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും”.
യിരേമ്യാവു 9 : 17 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ചു വിലപിക്കുന്ന സ്ത്രീകളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ.
യിരേമ്യാവു 9 : 18 (IRVML)
നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
യിരേമ്യാവു 9 : 19 (IRVML)
സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; “നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശം വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങൾ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
യിരേമ്യാവു 9 : 20 (IRVML)
എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ.
യിരേമ്യാവു 9 : 21 (IRVML)
വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
യിരേമ്യാവു 9 : 22 (IRVML)
മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും, കൊയ്ത്തുകാരന്റെ പിന്നിലെ കതിർമണിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കുകയില്ല എന്ന് യഹോവയുടെ അരുളപ്പാട്” എന്നു പറയുക.
യിരേമ്യാവു 9 : 23 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്.
യിരേമ്യാവു 9 : 24 (IRVML)
പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്കു പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 9 : 25 (IRVML)
ഇതാ ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുഭൂനിവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകലപരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിക്കുവാനുള്ള കാലം വരുന്നു.
യിരേമ്യാവു 9 : 26 (IRVML)
സകലജനതകളും അഗ്രചർമ്മികളല്ലയോ?; എന്നാൽ യിസ്രായേൽഗൃഹം മുഴുവനും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26