യോവേൽ 2 : 1 (IRVML)
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; യഹോവയുടെ ദിവസം വരുന്നു! അത് എത്രയും അടുത്തിരിക്കുന്നു. സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ.
യോവേൽ 2 : 2 (IRVML)
ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ പെരുപ്പവും ബലവും ഉള്ള ഒരു ജനത; അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല.
യോവേൽ 2 : 3 (IRVML)
അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; അവരുടെ കയ്യിൽ നിന്ന് യാതൊന്നും രക്ഷപെടുകയില്ല.
യോവേൽ 2 : 4 (IRVML)
അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു.
യോവേൽ 2 : 5 (IRVML)
അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ.
യോവേൽ 2 : 6 (IRVML)
അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
യോവേൽ 2 : 7 (IRVML)
അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ അവനവന്റെ വഴിയിൽ നടക്കുന്നു.
യോവേൽ 2 : 8 (IRVML)
അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
യോവേൽ 2 : 9 (IRVML)
അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
യോവേൽ 2 : 10 (IRVML)
അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
യോവേൽ 2 : 11 (IRVML)
യഹോവ തന്റെ സൈന്യത്തിന്റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിയ്ക്കുവാൻ കഴിയും?
യോവേൽ 2 : 12 (IRVML)
“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എങ്കലേക്കു തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.
യോവേൽ 2 : 13 (IRVML)
വസ്ത്രങ്ങളല്ല ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
യോവേൽ 2 : 14 (IRVML)
നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് തനിക്ക് ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?
യോവേൽ 2 : 15 (IRVML)
സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; സഭായോഗം വിളിക്കുവിൻ!
യോവേൽ 2 : 16 (IRVML)
ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
യോവേൽ 2 : 17 (IRVML)
യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: “യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ.
യോവേൽ 2 : 18 (IRVML)
അങ്ങനെ യഹോവ തന്റെ ദേശത്തിനു വേണ്ടി തീക്ഷ്ണത കാണിച്ച് തന്റെ ജനത്തെ ആദരിച്ചു.
യോവേൽ 2 : 19 (IRVML)
യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല.
യോവേൽ 2 : 20 (IRVML)
വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും.”
യോവേൽ 2 : 21 (IRVML)
ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
യോവേൽ 2 : 22 (IRVML)
വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു.
യോവേൽ 2 : 23 (IRVML)
സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവൻ കൃത്യഅളവിൽ നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു.
യോവേൽ 2 : 24 (IRVML)
അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും.
യോവേൽ 2 : 25 (IRVML)
ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
യോവേൽ 2 : 26 (IRVML)
നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
യോവേൽ 2 : 27 (IRVML)
ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകുകയുമില്ല.
യോവേൽ 2 : 28 (IRVML)
അതിനു ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
യോവേൽ 2 : 29 (IRVML)
ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ എന്റെ ആത്മാവിനെ പകരും.
യോവേൽ 2 : 30 (IRVML)
ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: രക്തവും തീയും പുകത്തൂണുകളും തന്നേ.
യോവേൽ 2 : 31 (IRVML)
യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരും മുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
യോവേൽ 2 : 32 (IRVML)
എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32