യോഹന്നാൻ 17 : 1 (IRVML)
യേശുവിന്റെ പ്രാർത്ഥന ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.
യോഹന്നാൻ 17 : 2 (IRVML)
നീ അവന് നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന് നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ.
യോഹന്നാൻ 17 : 3 (IRVML)
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു.
യോഹന്നാൻ 17 : 4 (IRVML)
നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 17 : 5 (IRVML)
ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
യോഹന്നാൻ 17 : 6 (IRVML)
യേശു ശിഷ്യൻമാർക്കുവേണ്ടി പ്രാർത്ഥിക്കുന്നു നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
യോഹന്നാൻ 17 : 7 (IRVML)
നീ എനിക്ക് തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
യോഹന്നാൻ 17 : 8 (IRVML)
നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
യോഹന്നാൻ 17 : 9 (IRVML)
ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
യോഹന്നാൻ 17 : 10 (IRVML)
എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
യോഹന്നാൻ 17 : 11 (IRVML)
ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
യോഹന്നാൻ 17 : 12 (IRVML)
അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ച്; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
യോഹന്നാൻ 17 : 13 (IRVML)
ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
യോഹന്നാൻ 17 : 14 (IRVML)
ഞാൻ അവർക്ക് നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു.
യോഹന്നാൻ 17 : 15 (IRVML)
അവരെ ലോകത്തിൽ നിന്നു എടുക്കണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
യോഹന്നാൻ 17 : 16 (IRVML)
ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
യോഹന്നാൻ 17 : 17 (IRVML)
സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
യോഹന്നാൻ 17 : 18 (IRVML)
നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
യോഹന്നാൻ 17 : 19 (IRVML)
അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
യോഹന്നാൻ 17 : 20 (IRVML)
യേശു എല്ലാ വിശ്വാസികൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
യോഹന്നാൻ 17 : 21 (IRVML)
അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു.
യോഹന്നാൻ 17 : 22 (IRVML)
നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു:
യോഹന്നാൻ 17 : 23 (IRVML)
നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
യോഹന്നാൻ 17 : 24 (IRVML)
പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
യോഹന്നാൻ 17 : 25 (IRVML)
നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
യോഹന്നാൻ 17 : 26 (IRVML)
ഞാൻ നിന്റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26