യോഹന്നാൻ 3 : 1 (IRVML)
യേശുവും നിക്കോദെമോസും നിക്കോദെമോസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു.
യോഹന്നാൻ 3 : 2 (IRVML)
അവൻ രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്നു അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴിയുകയില്ല എന്നു പറഞ്ഞു.
യോഹന്നാൻ 3 : 3 (IRVML)
യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ അവന് ദൈവരാജ്യം കാണ്മാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 3 : 4 (IRVML)
നിക്കോദെമോസ് അവനോട്: ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവന് രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ എന്നു ചോദിച്ചു.
യോഹന്നാൻ 3 : 5 (IRVML)
അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല.
യോഹന്നാൻ 3 : 6 (IRVML)
ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു.
യോഹന്നാൻ 3 : 7 (IRVML)
നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോട് പറയുന്നതുകൊണ്ട് ആശ്ചര്യപ്പെടരുത്.
യോഹന്നാൻ 3 : 8 (IRVML)
കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.
യോഹന്നാൻ 3 : 9 (IRVML)
നിക്കോദെമോസ് അവനോട്: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
യോഹന്നാൻ 3 : 10 (IRVML)
യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ?
യോഹന്നാൻ 3 : 11 (IRVML)
ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല.
യോഹന്നാൻ 3 : 12 (IRVML)
ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
യോഹന്നാൻ 3 : 13 (IRVML)
സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന*വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല.
യോഹന്നാൻ 3 : 14 (IRVML)
മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
യോഹന്നാൻ 3 : 15 (IRVML)
അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നേ.
യോഹന്നാൻ 3 : 16 (IRVML)
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3 : 17 (IRVML)
ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ.
യോഹന്നാൻ 3 : 18 (IRVML)
അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
യോഹന്നാൻ 3 : 19 (IRVML)
ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു.
യോഹന്നാൻ 3 : 20 (IRVML)
തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല.
യോഹന്നാൻ 3 : 21 (IRVML)
സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു.
യോഹന്നാൻ 3 : 22 (IRVML)
സ്നാപകയോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നു. അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു.
യോഹന്നാൻ 3 : 23 (IRVML)
യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്റെ അടുക്കൽ വന്നു സ്നാനം ഏറ്റു.
യോഹന്നാൻ 3 : 24 (IRVML)
അന്ന് യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
യോഹന്നാൻ 3 : 25 (IRVML)
യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി;
യോഹന്നാൻ 3 : 26 (IRVML)
അവർ യോഹന്നാന്റെ അടുക്കൽവന്ന് അവനോട്: റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 3 : 27 (IRVML)
അതിന് യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴിയുകയില്ല.
യോഹന്നാൻ 3 : 28 (IRVML)
ഞാൻ ക്രിസ്തു അല്ല, അവന് മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നേ എനിക്ക് സാക്ഷികൾ ആകുന്നു.
യോഹന്നാൻ 3 : 29 (IRVML)
മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
യോഹന്നാൻ 3 : 30 (IRVML)
അവൻ വളരണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 3 : 31 (IRVML)
ഉയരത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനാകുന്നു. ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണുകയും കേൾക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു;
യോഹന്നാൻ 3 : 32 (IRVML)
എങ്കിലും അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
യോഹന്നാൻ 3 : 33 (IRVML)
അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന് മുദ്രയിടുന്നു.
യോഹന്നാൻ 3 : 34 (IRVML)
ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്.
യോഹന്നാൻ 3 : 35 (IRVML)
പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
യോഹന്നാൻ 3 : 36 (IRVML)
പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36