യോഹന്നാൻ 9 : 1 (IRVML)
കുരുടന് കാഴ്ച ലഭിക്കുന്നു യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ട്.
യോഹന്നാൻ 9 : 2 (IRVML)
അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ? എന്നു ചോദിച്ചു.
യോഹന്നാൻ 9 : 3 (IRVML)
അതിന് യേശു: അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവർത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ.
യോഹന്നാൻ 9 : 4 (IRVML)
എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
യോഹന്നാൻ 9 : 5 (IRVML)
ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 6 (IRVML)
ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു:
യോഹന്നാൻ 9 : 7 (IRVML)
നീ ചെന്ന് ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
യോഹന്നാൻ 9 : 8 (IRVML)
അവന്റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.
യോഹന്നാൻ 9 : 9 (IRVML)
അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ അത് ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 9 : 10 (IRVML)
അവർ അവനോട്: നിന്റെ കണ്ണ് തുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ:
യോഹന്നാൻ 9 : 11 (IRVML)
യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 12 (IRVML)
അവൻ എവിടെ എന്നു അവർ അവനോട് ചോദിച്ചതിന്: എനിക്കറിയില്ല എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 9 : 13 (IRVML)
കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.
യോഹന്നാൻ 9 : 14 (IRVML)
യേശു ചേറുണ്ടാക്കി അവന്റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.
യോഹന്നാൻ 9 : 15 (IRVML)
അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 9 : 16 (IRVML)
പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
യോഹന്നാൻ 9 : 17 (IRVML)
അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 9 : 18 (IRVML)
കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
യോഹന്നാൻ 9 : 19 (IRVML)
കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.
യോഹന്നാൻ 9 : 20 (IRVML)
അതിന് അവന്റെ മാതാപിതാക്കൾ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.
യോഹന്നാൻ 9 : 21 (IRVML)
എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 22 (IRVML)
യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
യോഹന്നാൻ 9 : 23 (IRVML)
അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
യോഹന്നാൻ 9 : 24 (IRVML)
കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 9 : 25 (IRVML)
അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 26 (IRVML)
അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.
യോഹന്നാൻ 9 : 27 (IRVML)
അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 28 (IRVML)
അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
യോഹന്നാൻ 9 : 29 (IRVML)
മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞു.
യോഹന്നാൻ 9 : 30 (IRVML)
ആ മനുഷ്യൻ അവരോട്: എന്റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.
യോഹന്നാൻ 9 : 31 (IRVML)
പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
യോഹന്നാൻ 9 : 32 (IRVML)
കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.
യോഹന്നാൻ 9 : 33 (IRVML)
ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‌വാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 34 (IRVML)
അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
യോഹന്നാൻ 9 : 35 (IRVML)
അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ട്; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
യോഹന്നാൻ 9 : 36 (IRVML)
അതിന് അവൻ: യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 9 : 37 (IRVML)
യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നേ അവൻ എന്നു പറഞ്ഞു.
യോഹന്നാൻ 9 : 38 (IRVML)
അപ്പോൾ അവൻ: ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
യോഹന്നാൻ 9 : 39 (IRVML)
കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
യോഹന്നാൻ 9 : 40 (IRVML)
അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട്: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
യോഹന്നാൻ 9 : 41 (IRVML)
യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41