യോനാ 4 : 1 (IRVML)
യോനെക്ക് ഇത് തികച്ചും അനിഷ്ടമായി. അവൻ കോപിച്ചു.
യോനാ 4 : 2 (IRVML)
അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നേ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം തർശീശിലേക്ക് ഓടിപ്പോയത്; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു.
യോനാ 4 : 3 (IRVML)
ആകയാൽ യഹോവേ, എന്റെ ജീവനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്കു നല്ലത്” എന്നു പറഞ്ഞു.
യോനാ 4 : 4 (IRVML)
“നീ കോപിക്കുന്നതു ന്യായമോ” എന്ന് യഹോവ ചോദിച്ചു.
യോനാ 4 : 5 (IRVML)
അനന്തരം യോനാ നഗരത്തിന്റെ പുറത്ത് കിഴക്കുഭാഗത്തായി ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു ഭവിക്കും എന്നു കാണുവാൻ അതിന്റെ തണലിൽ കാത്തിരുന്നു.
യോനാ 4 : 6 (IRVML)
യോനയുടെ സങ്കടത്തിൽ ആശ്വാസമായി അവന്റെ തലക്കു മുകളിൽ തണൽ ആയിരിക്കേണ്ടതിന് യഹോവയായ ദൈവം ഒരു ആവണക്ക് ഉണ്ടാകുവാൻ കല്പിച്ചു. അത് അവന് മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു.
യോനാ 4 : 7 (IRVML)
പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവകൽപ്പനയാൽ ഒരു പുഴു ആ ആവണക്ക് നശിപ്പിച്ചുകളഞ്ഞു, അതു വാടിപ്പോയി.
യോനാ 4 : 8 (IRVML)
സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് വരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്ന് പറഞ്ഞു.
യോനാ 4 : 9 (IRVML)
ദൈവം യോനയോട്: “നീ ആവണക്കു നിമിത്തം കോപിക്കുന്നത് ന്യായമോ” എന്നു ചോദിച്ചതിന് അവൻ: “ഞാൻ മരണപര്യന്തം കോപിക്കുന്നത് ന്യായം തന്നേ” എന്ന് പറഞ്ഞു.
യോനാ 4 : 10 (IRVML)
അതിന് യഹോവ: “നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും പിറ്റേ രാത്രിയിൽ നശിച്ചു പോകയും ചെയ്ത ആവണക്കിനെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നുന്നുവല്ലോ.
യോനാ 4 : 11 (IRVML)
എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്കു സഹതാപം തോന്നരുതോ” എന്നു ചോദിച്ചു.

1 2 3 4 5 6 7 8 9 10 11