യോശുവ 4 : 1 (IRVML)
യിസ്രായേൽ ജനമെല്ലാം യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോട് കല്പിച്ചത് :
യോശുവ 4 : 2 (IRVML)
നീ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് പന്ത്രണ്ടുപേരെ കൂട്ടി അവരോട് ഇപ്രകാരം പറയേണം:
യോശുവ 4 : 3 (IRVML)
യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ട് കല്ലുകൾ ചുമന്നു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വയ്ക്കണം.
യോശുവ 4 : 4 (IRVML)
അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.
യോശുവ 4 : 5 (IRVML)
അവരോട് പറഞ്ഞത്: “യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം.
യോശുവ 4 : 6 (IRVML)
ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരും കാലത്ത് ചോദിക്കുമ്പോൾ:
യോശുവ 4 : 7 (IRVML)
‘യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ ‘എന്ന് അവരോട് പറയേണം. ഈ കല്ലുകൾ യിസ്രായേൽമക്കൾക്ക് എന്നേക്കും അടയാളമായിരിക്കേണം.“
യോശുവ 4 : 8 (IRVML)
യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ലുകൾ യോർദ്ദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്ത് കൊണ്ടുപോയി വെച്ചു.
യോശുവ 4 : 9 (IRVML)
യോർദ്ദാന്റെ നടുവിൽ നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ലുകൾ നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്.
യോശുവ 4 : 10 (IRVML)
മോശെ യോശുവയോട് കല്പിച്ചത് ഒക്കെയും ജനത്തോട് പറഞ്ഞു. യഹോവ കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.
യോശുവ 4 : 11 (IRVML)
ജനമൊക്കെയും കടന്നു തീർന്നപ്പോൾ അവർ കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
യോശുവ 4 : 12 (IRVML)
മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
യോശുവ 4 : 13 (IRVML)
ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യെരീഹോസമഭൂമിയിൽ കടന്നു.
യോശുവ 4 : 14 (IRVML)
അന്ന് യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
യോശുവ 4 : 15 (IRVML)
അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
യോശുവ 4 : 16 (IRVML)
യഹോവ യോശുവയോട്: “സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിക്ക“ എന്ന് അരുളിച്ചെയ്തു.
യോശുവ 4 : 17 (IRVML)
യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിച്ചു.
യോശുവ 4 : 18 (IRVML)
യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്ന് കയറി; അവരുടെ ഉള്ളങ്കാൽ കരെക്ക് വെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും മടങ്ങിവന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി.
യോശുവ 4 : 19 (IRVML)
ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്ന് കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.
യോശുവ 4 : 20 (IRVML)
യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ട് കല്ലുകൾ യോശുവ ഗില്ഗാലിൽ നാട്ടി,
യോശുവ 4 : 21 (IRVML)
യിസ്രായേൽമക്കളോട് പറഞ്ഞത് എന്തെന്നാൽ: “ഈ കല്ലുകൾ എന്ത് എന്ന് വരും കാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോട് ചോദിച്ചാൽ:
യോശുവ 4 : 22 (IRVML)
‘യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദ്ദാന്നിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോട് പറയേണം.
യോശുവ 4 : 23 (IRVML)
ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്
യോശുവ 4 : 24 (IRVML)
നിങ്ങളുടെ ദൈവമായ യഹോവ മുമ്പ് ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24